ഇടിക്കൂട്ടില്‍ മിന്നലായി ഇടുക്കിയുടെ പെണ്‍കരുത്ത്

Wednesday 28 February 2018 6:29 am IST
ദല്‍ഹിയില്‍ ഫെബ്രുവരി ഏഴിന് നടന്ന ഖേലോ ഇന്ത്യ ദേശീയ ഗെയിംസിലാണ് ഇടിക്കൂട്ടിലെ കരുത്തായി അഞ്ജന മാറിയത്.
"undefined"

ദേശീയ സ്‌കൂള്‍ ഗെയിംസില്‍ ബോക്സിങില്‍ പരിമിതികളോട് പോരാടി വെങ്കലമെഡല്‍ നേടിയ തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശിനി അഞ്ജനയുടെ ജീവിതത്തിലൂടെ...

ചെറുപ്പത്തില്‍ കരാട്ടേയോടായിരുന്നു അഞ്ജനയ്ക്ക് താല്‍പര്യം, അങ്ങനെ പരിശീലനം തേടിയെത്തി. ഈ സമയം പരിശീലകനാണ് ബോക്സിങിലെ മിടുക്ക് കണ്ടെത്തുന്നത്. പിന്നെ എല്ലാം പെട്ടന്നായിരുന്നു. കിട്ടിയ ഒരവസരവും പാഴാക്കാതെ സാമ്പത്തിക പരാധീനതകള്‍ക്കിടയിലും മുന്നേറി. അവസാനം ദേശീയതലത്തില്‍ മെഡല്‍. ഇടുക്കി ഉടുമ്പന്നൂര്‍ അമയപ്ര കുന്നുമ്മേല്‍ അഞ്ജന രാജീവെന്ന പതിനഞ്ചുകാരിയുടെ ജീവിതത്തിലെ ഈ നേട്ടം പ്രതിസന്ധികളോട് പോരാടി നേടിയതാണ്. 

കൂലിപ്പണിക്കാരനായ കെ.എ. രാജീവിന്റെയും വീട്ടമ്മയായ ബിന്ദുവിന്റെയും രണ്ടാമത്തെ മകളാണ് അഞ്ജന. ഉടുമ്പന്നൂര്‍ സെന്റ് ജോര്‍ജ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി.

ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ പത്താം ക്ലാസ് പരീക്ഷ അടുത്തെത്തി നില്‍ക്കുമ്പോഴും ഗോദയിലെത്തി ഈ മിടുക്കി ഇടിച്ച് നേടിയ വെങ്കല മെഡല്‍ സംസ്ഥാനത്തിനുതന്നെ അഭിമാനമായി. ദല്‍ഹി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ ഫെബ്രുവരി ഏഴിന് നടന്ന ഖേലോ ഇന്ത്യ ദേശീയ സ്‌കൂള്‍ ഗെയിംസിലാണ് ഇടിക്കൂട്ടിലെ കരുത്തായി അഞ്ജന മാറിയത്. കേരളത്തില്‍ നിന്ന് നാലുപേര്‍ കൂടി മത്സര രംഗത്തുണ്ടായിരുന്നു. മത്സരം വളരെ കടുത്തതായിരുന്നെന്നും രണ്ട് പേരെ തോല്‍പ്പിക്കാനായെന്നും അഞ്ജന പറയുന്നു. മൂന്നാമത്തെ ആളോട് പൊരുതി തോറ്റപ്പോഴും വെങ്കലവുമായാണ് ഈ മിടുക്കി കളം വിട്ടത്.

പ്രതിസന്ധികള്‍ അതിജീവിച്ച് സബ് ജൂനിയര്‍ 80 കിലോ വിഭാഗത്തിലാണ് അഞ്ജനയുടെ ഈ നേട്ടം. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കടയില്‍ വിതരണക്കാരനായി ജോലി നോക്കുന്ന അച്ഛന് ഏറെ കഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നു. കേന്ദ്രസര്‍ക്കാര്‍ വണ്ടിക്കൂലി അടക്കമുള്ള എല്ലാ ചിലവുകളും വഹിച്ചതിനാല്‍ ദേശീയ ഗെയിംസില്‍ പങ്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ലെന്ന് രാജീവ് പറയുന്നു. സ്‌കൂളില്‍ നിന്നും സമീപവാസികളില്‍ നിന്നും സഹകരണം ലഭിക്കുന്നുണ്ട്. ക്ലാസ് ടീച്ചറും എല്ലാ കാര്യത്തിനും ഒപ്പം തന്നെ ഉണ്ട്. സഹപാഠികള്‍ നോട്ടുകള്‍ നല്‍കി സഹായിക്കുന്നതിനാലാണ് പഠനവും ഒപ്പം കൊണ്ടുപോകാനാകുന്നതെന്നും അഞ്ജന പറയുന്നു.

വെല്ലുവിളി അതിജീവിച്ച് പരിശീലനം 

എട്ട് വര്‍ഷം മുമ്പ് മകളുടെ താല്‍പര്യം മനസിലാക്കിയ രാജീവാണ് കരാട്ടെ പഠിപ്പിക്കുന്നതിനായി ചേര്‍ക്കുന്നത്. രണ്ട് വര്‍ഷം ബ്ലാക്ക് ബെല്‍റ്റ് നേടി. പരിശീലകനായ കരിമണ്ണൂര്‍ സ്വദേശി ബേബി എബ്രഹാമാണ് ഈ മിടുക്കിയുടെ കഴിവ് കണ്ടെത്തിയത്. 32 വര്‍ഷമായി പരിശീലന രംഗത്തുള്ള ആളാണ് ബേബി എബ്രഹാം. ഇദ്ദേഹത്തിന്റെ കീഴില്‍ നാല് വര്‍ഷമായി ബോക്സിങിലും കഠിന പരിശീലനം തുടരുകയാണ്. 

നിരവധി ജില്ലാ സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ഇതിനിടെ 2017ല്‍ നടന്ന സ്‌കൂള്‍തല മത്സരത്തില്‍ വടംവലിയില്‍ ഒന്നാം സ്ഥാനം നേടിയ ടീമിലും ഇടംനേടി. ഇതേ വര്‍ഷം തന്നെ ഒക്ടോബറില്‍ ഹരിയാനയില്‍ നടന്ന ദേശീയതല മത്സരത്തില്‍ നാലാം സ്ഥാനം നേടിയതേടെയാണ് സ്‌കൂള്‍ ഗെയിംസിലേയ്ക്കുള്ള വാതില്‍ തുറന്നത്. ആ മത്സരത്തിലെ ബെസ്റ്റ് പെര്‍ഫോര്‍മര്‍ അവാര്‍ഡും തേടിയെത്തി. 

കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കരിമണ്ണൂര്‍ വിന്നേഴ്സ് പബ്ലിക് സ്‌കൂളിലെ റിങിലാണ് പരിശീലനം. സാമ്പത്തിക പരാധീനത ഏറെയുണ്ടെങ്കിലും കായിക രംഗത്തോടുളള മകളുടെ താല്‍പര്യം പ്രോത്സാഹിപ്പിക്കാന്‍ അച്ഛന്‍ എന്ത് ത്യാഗവും സഹിക്കും. പല സ്ഥലങ്ങളിലും നടന്ന മത്സരങ്ങളില്‍ യാത്രാക്കൂലിയില്ലാത്തതിനാല്‍ മകളെ അയക്കാനായില്ലെന്ന  സങ്കടവും രാജീവിനുണ്ട്.  

ദൈനംദിന പരിശീലനത്തിനൊപ്പം ഗുണമേന്മയുള്ള ഭക്ഷണം വാങ്ങിക്കൊടുക്കാനും ഇദ്ദേഹത്തിനാകുന്നില്ല. വീട്ടിലേക്കെത്താന്‍ ബസ് സൗകര്യം കുറവായതിനാല്‍ മിക്ക ദിവസവും പരിശീലനം കഴിഞ്ഞ് രാത്രിയില്‍ നടന്നാണ് യാത്ര. അതും പരിശീലനത്തിന്റെ ഭാഗമാണെന്നാണ് ചിരിച്ചുകൊണ്ടുള്ള അഞ്ജനയുടെ മറുപടി.

പരിശീലനം തുടരും

പരീക്ഷ അടുത്തതിനാല്‍ തല്‍ക്കാലത്തേയ്ക്ക് പരിശീലനത്തിന് അവധി നല്‍കിയിരിക്കുകയാണ്. പഠനത്തിലും അഞ്ജന ഏറെ മുന്നിലാണ്. സംഗീതത്തിലും അഭിരുചിയുണ്ട്. എന്തൊക്കെ തടസങ്ങളുണ്ടായാലും കായിക രംഗത്ത് തുടരാനാണ് തീരുമാനം. സഹോദരന്‍ അനന്തു, മുട്ടം പോളിടെക്‌നിക്ക് കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.