കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകം; വിസ്താരം നാളെ മുതല്‍

Wednesday 28 February 2018 2:00 am IST

 

ചേര്‍ത്തല: കയര്‍ തടുക്ക് വാങ്ങുവാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റിനെ വെട്ടിക്കൊന്ന കേസിന്റെ വിസ്താരം നാളെ മുതല്‍ ആറ് വരെയായി ആലപ്പുഴ അതിവേഗ കോടതിയില്‍ നടക്കും. ചേര്‍ത്തല നഗരസഭ 32 കൊച്ചുപറമ്പില്‍ ദിവാകരനെ (58) 2009 നവംബര്‍ 29 വീടുകയറി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലാണ് നാളെ വിസ്താരം തുടങ്ങുന്നത്. 

  കേസില്‍ സിപിഎം കൗണ്‍സിലറും ലോക്കല്‍ കമ്മിറ്റി അംഗവുമായ ആര്‍.ബൈജു, സിപിഎം ബ്രാഞ്ച് സെക്രട്ടറി ബെന്നി ഉള്‍പ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വീട്ടിലൊരു കയര്‍ ഉല്‍പന്നം പദ്ധതിപ്രകാരം സിപിഎം കൗണ്‍സിലറുടെ നേതൃത്വത്തില്‍ കയര്‍ തടുക്ക് അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്താല്‍ രാത്രി അഞ്ച് പേരടങ്ങുന്ന അക്രമിസംഘം ദിവാകരനെയും കുടുംബത്തെയും വീടുകയറി ആക്രമിച്ചതായാണ് കേസ്. കയര്‍ ഫാക്ടറി ഉടമ കൂടിയ ദിവാകരനോട് തടുക്ക് വാങ്ങാന്‍ ആവശ്യപ്പെടുകയും വേണ്ടെന്നു പറഞ്ഞപ്പോള്‍ നിര്‍ബന്ധപൂര്‍വം അവിടെ വച്ചിട്ടു പോവുകയുമായിരുന്നുവെന്നാണ് പരാതി. 

  അന്ന് ഉച്ചയ്ക്ക്‌ശേഷം നടന്ന വാര്‍ഡ് സഭയില്‍ ദിവാകരന്റെ മകന്‍ ദീലീപ് കൗണ്‍സിലറുടെ നടപടി ചോദ്യം ചെയ്തു. അന്നു രാത്രിയായിരുന്നു ദിവാകരന്റെ വീട്ടില്‍ ആക്രമണം ഉണ്ടായത്. ദിവാകരനെയും കുടുംബാംഗങ്ങളെയും ആക്രമിക്കുകയും തലയ്ക്ക് പരിക്കേറ്റ ദിവാകരന്‍ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.