റോഡ് നവീകരണം മാര്‍ച്ചില്‍ പൂര്‍ത്തിയാകും നീലിമംഗലം പാലം എന്ന് തുറക്കും ; കെഎസ്ടിപിക്ക് ഉത്തരമില്ല

Wednesday 28 February 2018 2:00 am IST
കോട്ടയം: എംസി റോഡ് നവീകരണം പൂര്‍ത്തിയാകാന്‍ ഒരു മാസം മാത്രമുള്ളപ്പോഴും കുമാരനല്ലൂര്‍ നീലിമംഗലം പാലം എപ്പോള്‍ തുറക്കുമെന്ന കാര്യത്തില്‍ കെഎസ്ടിപിക്ക് ഉത്തരമില്ല

 

കോട്ടയം: എംസി റോഡ് നവീകരണം പൂര്‍ത്തിയാകാന്‍ ഒരു മാസം മാത്രമുള്ളപ്പോഴും കുമാരനല്ലൂര്‍ നീലിമംഗലം പാലം എപ്പോള്‍ തുറക്കുമെന്ന കാര്യത്തില്‍ കെഎസ്ടിപിക്ക് ഉത്തരമില്ല. പാലത്തിന്റെ ബലപരിശോധന റിപ്പോര്‍ട്ട് ലോക ബാങ്ക് തള്ളിയതോടെ പാലം കാഴ്ചവസ്തുവായി മാറുമോ എന്നാണ് ആശങ്ക. ലോകബാങ്ക് പച്ചക്കൊടി കാണിച്ചെങ്കില്‍ മാത്രമെ പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കാന്‍ കഴിയൂ. മരാമത്ത് പണികളില്‍ നടക്കുന്ന അഴിമതിയുടെയും ക്രമക്കേടിന്റെയും ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നീലിമംഗലം പാലമെന്നാണ് നിര്‍മാണ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. 

ഈ മാസം പാലം തുറക്കുമെന്നാണ് പ്രതീക്ഷിച്ചത്. ഇതിനായി തിരുവനന്തപുരത്ത് ലോകബാങ്ക, കെ.എസ്ടിപി, പാലത്തിന്റെ ബലക്ഷമത പരിശോധിച്ച ചെന്നൈ ഐഐടിയിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗം നടന്നു. എന്നാല്‍ ഈ യോഗത്തില്‍ തീരുമാനമുണ്ടായില്ലെന്ന് മാത്രമല്ല ഐഐടിയുടെ റിപ്പോര്‍ട്ട് ലോകബാങ്കിന് സ്വീകാര്യമായില്ല. 

ഇതോടെയാണ് പാലം തുറക്കല്‍ അനിശ്ചിതവസ്ഥയിലായത്. പാലം നിര്‍മാണം പൂര്‍ത്തിയായിട്ട് മൂന്ന് വര്‍ഷത്തോളമായി. പാലത്തിന്റെ ബലക്ഷമത പരിശോധിക്കുന്നതിന് മൂന്നാമാതൊരു ഏജന്‍സിയെ ലോക ബാങ്ക് പരിഗണിക്കുന്നുണ്ട്. ഇത് ബഹുരാഷ്ട കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തെയാണ് ഇതിനായി പരിഗണിക്കുന്നതെന്നാണ് സൂചന. ഈ ഏജന്‍സിയും കൂടി വരുന്നതോടെ പാലത്തിന്റെ ബലപരിശോധന നടത്തിയ ഏജന്‍സികളുടെ എണ്ണം മൂന്നാകും. മരാമത്ത് പണികളുടെ ചരിത്രത്തില്‍ നിര്‍മാണം നടത്തിയ പാലത്തിന്റെ ബലക്ഷമത പരിശോധിക്കുന്നത് അപൂര്‍വ്വമാണ്. 

കെഎസ്ടിപി രണ്ടാംഘട്ട റോഡ് നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട് കൊടിയ അഴിമതിയും ക്രമക്കേടും നടന്നതായി ആക്ഷേപമുണ്ട്. ഇത് സംബന്ധിച്ച പരാതികളില്‍ വിജിലന്‍സ് അന്വേഷണവും നടക്കുന്നുണ്ട്. അനുവദനീയമായതിലും കൂടുതല്‍ പാറകള്‍ പൊട്ടിക്കാന്‍ കരാറുകാരെ ചില ഉദ്യോഗസ്ഥര്‍ വഴിവിട്ട് സഹായിച്ചതായും ആരോപണമുണ്ടായി. ഈ പരാതികള്‍ വിജിലന്‍സ് പരിശോധിച്ച് വരുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.