ശിശുഹത്യയില്‍ നിന്ന് നരഹത്യയിലേക്ക്

Wednesday 28 February 2018 2:49 am IST
"undefined"

പടര്‍ന്നുപന്തലിച്ച ഒരു മരത്തിന്റെ തായ്‌വേരറുക്കുന്നത് എങ്ങനെയെന്ന് അറിയാന്‍ സച്ചിദാനന്ദന്റെ ''ഒരു മരത്തെ എങ്ങനെയൊക്കെ കൊല്ലാം'' എന്ന കവിത വായിച്ചാല്‍ മതി. എന്നാല്‍, ഗര്‍ഭപാത്രത്തില്‍ ഒരു ജീവന്‍ ഉരുവാകുന്നതുമുതല്‍ ഇഞ്ചിഞ്ചായി അതിന്റെ വംശഹത്യ നടത്തുന്നതെങ്ങനെയെന്നറിയാന്‍ അട്ടപ്പാടിയിലേക്ക് വരണം.

അട്ടപ്പാടിക്കുവേണ്ടി നയങ്ങള്‍ തീരുമാനിക്കുന്നവരും രൂപീകരിക്കുന്നവരും അത് നടപ്പാക്കുന്നവരുമെല്ലാം ചേര്‍ന്ന് ഇവിടുത്തെ ഗോത്രവര്‍ഗ്ഗ ജനതയുടെ ജീവനെടുക്കുകയും ജീവച്ഛവങ്ങളാക്കുകയും ചെയ്തത് എങ്ങനെയെന്നറിയാന്‍ ഗവേഷണം നടത്തണമെന്നില്ല. ഊരുകളിലൂടെ സഞ്ചരിച്ച് വനവാസികളുമായി ഇടപഴകിയാല്‍ മാത്രം മതി. 

കണക്കുകള്‍ ഇങ്ങനെ:

  •  500-ലധികം മനോരോഗികള്‍
  •  കണക്കെടുത്ത ശിശുമരണം 670
  •  സിക്കിള്‍സെല്‍ അനീമിയ 
  •   (അരിവാള്‍ രോഗം) രോഗികള്‍ 200
  •  രോഗവാഹകര്‍ 2000
  •   ഹിമോഗ്ലോബിന്‍ കൗണ്ട് 2.5 മുതല്‍     7 വരെയുള്ളവര്‍  70%
  •  ക്ഷയരോഗികള്‍ 200
  • ഇതാണ് അട്ടപ്പാടിയിലെ വനവാസികളുടെ ആരോഗ്യചിത്രം. 

ഇവരുടെ ആരോഗ്യവും സാമൂഹ്യ സാഹചര്യങ്ങളും സംരക്ഷിക്കാന്‍ ഇവിടെ 192 ഊരുകളിലും ആശുപത്രിയിലുമായി 135 എസ്ടി പ്രമോട്ടര്‍മാരുണ്ട്. 60 ആശാ പ്രവര്‍ത്തകരും 90 ഫീല്‍ഡ് തല ആരോഗ്യവകുപ്പ് ജീവനക്കാരുമുണ്ട്. ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയും, താലൂക്ക് ആശുപത്രിയോട് കിടപിടിക്കുന്ന സാമൂഹിക ആരോഗ്യ കേന്ദ്രവുമുണ്ട്. അഞ്ച് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളുണ്ട്. പട്ടിണികിടക്കുന്നവര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ കമ്യൂണിറ്റി കിച്ചണ്‍ വരെയുണ്ട്. 

വനവാസികളുടെ ജനസംഖ്യയും, 30 വര്‍ഷത്തിനിടെ ഇവര്‍ക്കായി ചെലവാക്കിയ തുകയും കണക്കാക്കിയാല്‍ ആളൊന്നിന് 20 ലക്ഷം വരുമെന്ന് വനവാസി സംഘടനാ നേതാക്കള്‍തന്നെ പറയുന്നു. ഊരിലേക്കുള്ള റോഡ് മുതല്‍ ഭക്ഷണം വരെ ഇതിലുള്‍പ്പെടും.

എന്നിട്ടും, ഇവിടെ വനവാസികളുടെ കുഞ്ഞുങ്ങള്‍ മരിക്കുന്നു. ഓരോ ദിവസവും മനോരോഗികളുടെ എണ്ണം പെരുകുന്നു. വിളറിവെളുത്ത് ശാരീരികമായും മാനസികമായും പ്രതിരോധ ശേഷി നഷ്ടപ്പെട്ടവരായി ഇവര്‍ ജിവിക്കുന്നു. അപ്പോള്‍ ഈ വ്യവസ്ഥയ്ക്ക് എന്തോ കാര്യമായ കുഴപ്പമുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നേരില്‍ കണ്ടാലാണ് ആ കുഴപ്പം മനസ്സിലാകുക. 

2016 ഡിസംബറില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനായി മാതൃകാ സോഷ്യല്‍ ഓഡിറ്റ് നടത്തി. അട്ടപ്പാടിയിലെ വനവാസി വിഭാഗത്തിലും ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലും ഉള്‍പ്പെട്ട യുവതീയുവാക്കള്‍ തന്നെയാണ് ഈ ഓഡിറ്റ് നടത്തിയത്. ഷോളയൂര്‍ പഞ്ചായത്തിലെ കാരയൂര്‍, കോഴിപ്പതി, കള്ളക്കര അങ്കണവാടികള്‍ സന്ദര്‍ശിച്ച ഇവര്‍ നേരിട്ടു കണ്ട് മനസ്സിലാക്കിയ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. 

കാരയൂരിലെ ഒരു ഗര്‍ഭിണിയുടെ വീട്ടിലെ പോഷകാഹാര കിറ്റ് പരിശോധിച്ചപ്പോള്‍ ഒരു മാസം കാലപ്പഴക്കമുള്ള വറുത്ത നിലകടല (കപ്പലണ്ടി)യുടെ പാക്കറ്റ് കണ്ടെത്തി. രണ്ടു ദിവസം മുമ്പാണ് ഈ 'പോഷകാഹാരം' ഗര്‍ഭിണിക്ക് കൊടുത്തതത്രേ. ഒരു വയസ്സുള്ള കുഞ്ഞിന്റെ അമ്മയുംകൂടിയാണവര്‍. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും അങ്കണവാടികള്‍ വഴി വിതരണം ചെയ്യുന്ന പൂരക, അനുപൂരക പോഷകാഹാര കിറ്റാണ് ഇവര്‍ക്ക് നല്‍കിയത്. ഓരോ ദിവസവും കഴിക്കേണ്ട പോഷകാഹാരം ഒരു മാസം ഒരുമിച്ച് വിതരണം ചെയ്യുകയാണ് രീതി. നല്‍കേണ്ട പോഷകാഹാരത്തിന്റെ മൂന്നിലൊരുഭാഗം മാത്രമാണ് ഈ കിറ്റിലുണ്ടായിരുന്നത്. 

"undefined"
വയറുന്തി, വിളറി വെളുത്ത് അനീമിയ രോഗവുമായി നില്‍ക്കുന്ന ഈ യുവതിയെ നോക്കി അട്ടപ്പാടിയുടെ ആരോഗ്യ-സാമൂഹ്യ വകുപ്പധികൃതര്‍ക്ക് പറയാന്‍ കഴിയുമോ തങ്ങള്‍ ചെയ്യുന്നതെല്ലാം ശരിയാണെന്ന്? രേഖകള്‍ പരിശോധിച്ചപ്പോള്‍ ഈ ഗര്‍ഭിണിക്ക് കൊടുക്കേണ്ടതെല്ലാം കൃത്യമായി കൊടുത്തിട്ടുണ്ട്. ആറു വയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്കും കൗമാരക്കാര്‍ക്കും കൊടുക്കേണ്ട പോഷകാഹാരം കൃത്യമായി വിതരണം ചെയ്‌തെന്നാണ് രേഖകള്‍ പറയുന്നത്. കൗമാരക്കാരെ നേരിട്ട് സന്ദര്‍ശിച്ച സോഷ്യല്‍ ഓഡിറ്റര്‍മാര്‍ ഇത് കളവാണെന്നും രേഖയിലുള്ളത് വ്യാജ ഒപ്പാണെന്നും തിരിച്ചറിഞ്ഞു.

ഒരു കുഞ്ഞിന്റെ തൂക്കം എടുക്കണമെന്നറിയിച്ചപ്പോള്‍ അങ്കണവാടിയിലുള്ള മൂന്നര വയസ്സുകാരിയോട് യന്ത്രത്തിന്റെ കമ്പിയില്‍ തൂങ്ങാന്‍ നിര്‍ദ്ദേശിച്ചു. തൂക്കം കൃത്യമായി അറിയുംമുമ്പ് കുഞ്ഞ് വേദനകൊണ്ട് കൈവിട്ടു. തെറ്റായ തൂക്കം രേഖപ്പെടുത്തിയാണ് കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം നല്‍കുന്നത്. ഇവിടെ മുതല്‍ അവര്‍ രോഗികളാകുകയാണ്. കാരയൂരിലെയും വെച്ചപ്പതിയിലേയും കള്ളക്കരയിലെയും മാത്രമല്ല, അട്ടപ്പാടിയിലെ ഒട്ടുമിക്ക അങ്കണവാടി കേന്ദ്രങ്ങളിലെയും പൊതുസ്ഥിതിയാണിത്. 

മറുഭാഗം വിചിത്രം

ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവല്‍ക്കരിക്കുന്നുവെന്ന് വേണമെങ്കില്‍ അധികൃതര്‍ക്ക് ആരോപണമുന്നയിക്കാം. എന്നാല്‍ സത്യസന്ധമായ ഓഡിറ്റ് നടത്തിയാല്‍ ഇത് ശരിയാണെന്ന് അധികാരികളും പറയും. കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യലിറ്റി ആശുപത്രിയിലെ ഒരു കണക്ക് പരിശോധിക്കാം. അവിടെ ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്ന ഗര്‍ഭിണികളെ ചികിത്സിക്കുന്ന യൂണിറ്റുണ്ട്. ഈ യൂണിറ്റില്‍ 2016 ജനുവരി മുതല്‍ ഈ മാസം വരെ മുന്നൂറോളം വനവാസി യുവതികളെയാണ് പ്രവേശിപ്പിച്ചത്. ഗര്‍ഭധാരണത്തിന്റെ ഏഴാം മാസത്തിലാണ് ഇവരെ ഇവിടെയെത്തിക്കുന്നത്. ശരിയായ പോഷകാഹാരം കൊടുക്കുന്നതിനാല്‍ പ്രസവിക്കുമ്പോള്‍ കുഞ്ഞിന് രണ്ട് മുതല്‍ 2.7 കി.ഗ്രാം വരെ തൂക്കം വരുന്നുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഗര്‍ഭിണികള്‍ക്ക് അങ്കണവാടികള്‍ വഴി ശരിയായ പോഷകാഹാര വിതരണം നടന്നിട്ടുണ്ടെങ്കില്‍ ഒരു വര്‍ഷത്തില്‍ 300 ഗര്‍ഭിണികള്‍ ഇവിടെയെത്തിയതെങ്ങനെ? അവര്‍ക്ക് വീണ്ടും പോഷകാഹാരം കൊടുക്കേണ്ടിവന്നതെന്തുകൊണ്ട്? ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടത് സാമൂഹ്യ നീതി വകുപ്പാണ്. 

ആര്‍ക്കാണ് മനോരോഗം?

വിശന്നപ്പോള്‍ ഭക്ഷണമെടുത്ത മധുവിന് മനസ്സിന്റെ സമനില തെറ്റിയിട്ടുണ്ടാകാം. അത് ചെയ്തതിന് സംഘം ചേര്‍ന്ന് തല്ലിക്കൊന്നവര്‍ക്കോ? അട്ടപ്പാടിയിലെ പാതയോരങ്ങളിലും ഊരുകളിലും അലഞ്ഞുതിരിയുന്ന 500-ഓളം മനുഷ്യരെ ചികിത്സിക്കാന്‍ സംവിധാനമൊരുക്കാത്ത ഭരണകൂടത്തിന്റെ മനോനില ശരിയാണോ? വനവാസി ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന 'തമ്പ്' എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി രാമുവിന്റെ ചോദ്യമാണിത്.

പ്രണയനൈരാശ്യം മുതല്‍ ദാരിദ്ര്യവും ലഹരിയും വരെ മനോരോഗത്തിന് കാരണമാണ്. അട്ടപ്പാടിയില്‍ നല്ലരീതിയില്‍ സേവനം നടത്തുന്ന വിവേകാനന്ദ മെഡിക്കല്‍ മിഷന്റെ നേതൃത്വത്തില്‍ 200 രോഗികളെ രജിസ്റ്റര്‍ ചെയ്ത് ചികിത്സ കൊടുത്തിരുന്നു. കൃത്യമായി മരുന്ന് വാങ്ങാനെത്തുന്നത് പകുതി പേര്‍ മാത്രം. കോട്ടത്തറ ആശുപത്രിയിലെ മനോരോഗ വിഭാഗത്തില്‍ എട്ടുപേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. അവിടെയും മരുന്ന് വാങ്ങാനെത്തുന്നവര്‍ കുറവ്. ആകെയുള്ള 500 മനോരോഗികളില്‍ കൃത്യമായി മരുന്ന് കഴിക്കുന്നവര്‍ 150-ല്‍ താഴെ. മറ്റുള്ളവര്‍ മരുന്ന് കഴിക്കാന്‍ കൂട്ടാക്കാത്തവരാണ്. എന്നാല്‍ അത് ഉറപ്പാക്കാന്‍ ഉത്തരവാദിത്വമുള്ള ഒരുപാടുപേരുണ്ട് അട്ടപ്പാടിയില്‍. എസ്ടി പ്രമോട്ടര്‍മാര്‍, കുടുംബശ്രീ ആരോഗ്യ വളണ്ടിയര്‍മാര്‍, ഫീല്‍ഡ് തല പ്രവര്‍ത്തനം നടത്തുന്ന ആശാ പ്രവര്‍ത്തകര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നെഴ്‌സ്. ഇതിലെല്ലാമുപരി ഇവരുടെ സുരക്ഷയെക്കുറിച്ച് അന്വേഷിക്കാന്‍ വാര്‍ഡ് തല ജാഗ്രതാ സമിതികള്‍ക്കും ഊരുകൂട്ടങ്ങള്‍ക്കും ബാധ്യതയുണ്ട്. ഇവരോരുത്തരും സ്വന്തം ഉത്തരവാദിത്വം കൃത്യമായി നിറവേറ്റിയിരുന്നുവെങ്കില്‍ മനോരോഗികളുടെ എണ്ണം വര്‍ദ്ധിക്കില്ലായിരുന്നു. മധുവിന് ഒമ്പത് വര്‍ഷം വനത്തിനുള്ളില്‍ കഴിയേണ്ടിവരില്ലായിരുന്നു. 

കോട്ടത്തറ ആശുപത്രിയില്‍ മനോരോഗ ചികിത്സാ പദ്ധതിയുടെ ഭാഗമായി പച്ചക്കറിത്തോട്ടവും ആടുവളര്‍ത്തലും തുടങ്ങിയിട്ടുണ്ട്. കൃത്യസമയത്ത് മരുന്നും തൊഴിലും ഇവരുടെ ചികിത്സയുടെ ഭാഗമാണ്. വളരെ ഫലപ്രദമാണ് ഈ ചികിത്സാ രീതിയെന്നും ആശുപത്രി സൂപ്രണ്ടും ഡെപ്യൂട്ടി ഡിഎംഒയുമായ ഡോ. പ്രഭുദാസ് സാക്ഷ്യപ്പെടുത്തുന്നു. അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഇവര്‍ക്കായി പ്രത്യേക വാര്‍ഡ് തുടങ്ങാന്‍ സൗകര്യമുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. അതിനുള്ള ഇച്ഛാശക്തി കാണിക്കേണ്ടത് സര്‍ക്കാരാണ്. കൂടുതല്‍ വാര്‍ഡ് തല കമ്മ്യൂണിറ്റി വളണ്ടിയര്‍മാരെ ലഭിച്ചാല്‍ ജനപങ്കാളിത്തത്തോടെയുള്ള സാമൂഹ്യ മാനസികാരോഗ്യ പദ്ധതി നന്നായി കൊണ്ടുപോകാന്‍ കഴിയുമെന്നും വിവേകാനന്ദ മെഡിക്കല്‍ മിഷനിലെ ഡോ. നാരായണന്‍ അഭിപ്രായപ്പെട്ടു. 

എന്നാല്‍, ഭരണസമിതികള്‍ തന്നെ മാനസിക രോഗത്തിന് ചികിത്സ തേടേണ്ട അവസ്ഥയുള്ള ഒരു വ്യവസ്ഥിതിയില്‍ ഇത് സാധ്യമാക്കാന്‍ അത്ര എളുപ്പമല്ല. വിവിധ വകുപ്പുകളുടെ ഏകോപനം ഉണ്ടെങ്കില്‍ മാത്രമേ ഇത് പ്രയോഗത്തിലെത്തിക്കാന്‍ കഴിയൂ. അത്തരത്തിലുള്ള ഒരു സംവിധാനമുണ്ടാക്കും വരെ അട്ടപ്പാടിയില്‍ നടക്കുന്ന ശിശുമരണത്തെ ശിശുഹത്യയെന്ന് വിളിക്കാനേ കഴിയൂ. ഇങ്ങനെയാണവര്‍ മനോരോഗികളെ സൃഷ്ടിക്കുന്നത്, ക്ഷയരോഗികളെയും അരിവാള്‍ രോഗികളെയും സൃഷ്ടിക്കുന്നത്. ഇങ്ങനെയാണവര്‍ ഗോത്ര ജനതയെ മുഴുവന്‍ വംശഹത്യയിലേക്ക് നയിക്കുന്നത്. 

(നാളെ : അഹാഡ്‌സിന്റെ വരവും പോക്കും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.