ഭാരതീയ ശാസ്ത്രമനസ്സിനെ തിരിച്ചറിയിണം

Wednesday 28 February 2018 2:48 am IST
ഇന്ന് ദേശീയ ശാസ്ത്ര ദിനം

ഭാരതത്തിന്റെ ശാസ്ത്രപാരമ്പര്യത്തെ അവമതിക്കാനും ആക്ഷേപിക്കാനും പാശ്ചാത്യലോകം തന്ത്രങ്ങള്‍ മെനഞ്ഞകാലത്തുതന്നെ അതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. ശാസ്ത്ര ചരിത്ര രചനയുടെ രംഗത്തും, ശാസ്ത്ര സാങ്കേതികവിദ്യയെ ആധുനികവല്‍ക്കരിച്ച് വികസിപ്പിക്കേണ്ട കാര്യത്തിലും ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് മറ്റെല്ലാ മേഖലയിലുമെന്നപോലെ സ്വാമി വിവേകാനന്ദനാണ്. അദ്ദേഹത്തിന്റെ പ്രേരണയിലും, സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗവുമായാണ് കല്‍ക്കത്ത സര്‍വകലാശാലയിലെ പ്രഫുല്ല ചന്ദ്ര റായും, ബിഭൂതി ദത്തയും ഭാരതത്തിന്റെ രസതന്ത്ര ചരിത്രവും ഗണിതചരിത്രവും എഴുതിയത്.

ആധുനിക ശാസ്ത്രഗവേഷണ സ്ഥാപനങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നതിലും മറ്റും ജംഷഡ്ജി ടാറ്റയും പ്രൊഫ. സി.വി. രാമനും വഹിച്ച പങ്ക് നമുക്ക് അറിയാവുന്നതാണ്. എന്നാല്‍ അവരിലെ പ്രേരണാ സ്രോതസ്സും മാര്‍ഗ്ഗദര്‍ശകനും സ്വാമിജിതന്നെയായിരുന്നു. ജംഷഡ്ജി ടാറ്റയും സ്വാമി വിവേകാനന്ദനും ഒരുമിച്ചു നടത്തിയ കപ്പല്‍ യാത്രയുടെ പരിണാമമാണ് ഭാരതത്തില്‍ ഒരു ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനം തുടങ്ങണം എന്ന തീരുമാനം. നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് 1909 ബാംഗ്ലൂരില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് സ്ഥാപിതമായത് അങ്ങനെയാണ്. ആധുനിക ഭാരതത്തിലെ ശാസ്ത്ര സാങ്കേതിക വളര്‍ച്ചയിലും ലോകോത്തര ശാസ്ത്രകാരന്മാരെ വളര്‍ത്തിയെടുക്കുന്നതിലും  ഈ സ്ഥാപനം വഹിച്ച പങ്ക് വളരെ വലുതാണ്. അതുപോലെ കൊല്‍ക്കത്തയിലെ ബോസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപനത്തിലും സ്വാമിജിയുടെ സ്വാധീനവും പങ്കും വിലമതിക്കാനാവാത്തതാണ്. ബ്രിട്ടീഷ് ഭരണം മുറിന്യായങ്ങള്‍ പറഞ്ഞ് പദ്ധതി തടസ്സപ്പെടുത്തിയപ്പോള്‍ വിവേകാനന്ദ ശിഷ്യയായ  സാറാബുള്‍ എന്ന അമേരിക്കന്‍ വനിതയാണ് തന്റെ പരമ്പരാഗത സ്വത്തിന്റെ സിംഹഭാഗം (40,000 യുഎസ്‌ഡോളര്‍) ആചാര്യ ജഗദീശ് ചന്ദ്രബോസിന് നല്‍കി, ആ സ്വപ്‌നസ്ഥാപനം യാഥാര്‍ത്ഥ്യമാക്കിയത്.

സ്വാതന്ത്ര്യത്തോടൊപ്പം സ്വരാജ്യവും സ്ഥാപിക്കാനുള്ള വിപുലമായ ചിന്തയ്ക്ക് രൂപകല്‍പന ചെയ്തത് മഹാത്മാ ഗാന്ധിയാണ്. വിദ്യാഭ്യാസത്തേയും ശാസ്ത്ര സാങ്കേതിക വിദ്യയേയും സാമ്പത്തിക വളര്‍ച്ചയേയും ബന്ധിപ്പിക്കുന്ന വികേന്ദ്രീകൃത ഭരണ സമ്പ്രദായമായിരുന്നു അതിന്റെ അന്തഃസത്ത. ഈ രംഗത്ത് പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും നേതൃത്വം നല്‍കിയത് ഗാന്ധി ശിഷ്യനായിരുന്ന പ്രൊഫ. ധരംപാല്‍ ആയിരുന്നു. ബ്രിട്ടീഷ് പൂര്‍വ ഭാരതത്തിലെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനം-'ദി ബ്യൂട്ടിഫുള്‍ ട്രീ' പ്രസിദ്ധമാണ്. എന്നാല്‍ ഭാരതത്തിന്റെ ശാസ്ത്ര-സാങ്കേതിക വിദ്യയെക്കുറിച്ചും, ചെറുതൊഴില്‍ സംരംഭങ്ങളെക്കുറിച്ചുമുള്ള പഠനം വേണ്ടത്ര പ്രസിദ്ധമായിട്ടില്ല.

ഈ വര്‍ഷത്തെ ദേശീയ ശാസ്ത്രദിനത്തിന്റെ സന്ദേശം 'സുസ്ഥിര ഭാവിക്ക് ശാസ്ത്ര-സാങ്കേതിക വിദ്യ' എന്നതാണ്. ഈ സങ്കല്‍പം ഒരു ദിനാചരണത്തിന്റെ സന്ദേശത്തിനപ്പുറം പോകണമെങ്കില്‍ ഭാരതത്തിന്റെ ശാസ്ത്ര മനസ്സിനെ തിരിച്ചറിയാനും, സാങ്കേതിക വിദ്യയും സാമ്പത്തിക സമൃദ്ധിയും ജീവിത മൂല്യങ്ങളും ഇഴചേര്‍ന്ന ഭാരതീയ ജീവിത പാരമ്പര്യത്തെ അടുത്തറിയാനുള്ള അവസരംകൂടി സൃഷ്ടിക്കണം. ഭാരതീയ കണ്ടുപിടുത്തങ്ങള്‍ കുട്ടികളെ അങ്ങനെതന്നെ പഠിപ്പിക്കണം. പൈതഗോറസ് സിദ്ധാന്തം ആദ്യമായി പ്രസ്താവിച്ചത് ബൗധായനനാണെന്ന് പറയാന്‍ മടിക്കേണ്ടതില്ല. ന്യൂട്ടന്റെ ഭൂഗുരുത്വാകര്‍ഷണ ബലതത്വം ഭാസ്‌കരാചാര്യര്‍ പ്രസ്താവിക്കുന്നത് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണം. 

ധരംപാല്‍ വരച്ചുകാട്ടുന്ന 17-18 നൂറ്റാണ്ടിലെ ശാസ്ത്രസാങ്കേതിക വിദ്യയുടെ ചരിത്രം സ്‌കൂള്‍ തലത്തില്‍ ചരിത്ര പാഠപുസ്തകങ്ങളില്‍ പഠിപ്പിക്കണം. രാജാക്കന്മാരുടേയും സമരക്കാരുടേയും മാത്രമല്ല, ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടേയും ചരിത്രമറിയണം. ഒരു നാടിന്റെ വിദ്യാഭ്യാസം ആ നാടിന്റെ സംസ്‌കാരത്തിലും പൈതൃകത്തിലും ഊന്നിയതും, ഭാവിയുടെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതുമായിരിക്കണം എന്നാണ് യുനസ്‌കോ പ്രഖ്യാപിച്ചിരിക്കുന്നത്. ആ മോഹന സ്വപ്‌നത്തിലേക്കുള്ള ചുവടുവയ്പ്പാണ് കേന്ദ്രസര്‍ക്കാര്‍ നീതി ആയോഗിലൂടെ ഗ്രാമീണ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന അടല്‍ ടിങ്കറിങ് ലാബുകള്‍.

 (ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ മേല്‍നോട്ട സമിതിയംഗവും (മാനവശേഷി വികസന വകുപ്പ്) മാധവഗണിത 

കേന്ദ്രം സെക്രട്ടറിയുമാണ് ലേഖകന്‍)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.