സുഗതന്റെ വീട് സന്ദര്‍ശിച്ച മന്ത്രി രാജുവിനെതിരെ പ്രതിഷേധം

Wednesday 28 February 2018 2:46 am IST
"undefined"

പുനലൂര്‍: ഒടുവില്‍ അഞ്ചാം നാള്‍, സിപിഐ നേതാവായ മന്ത്രി കെ. രാജു, ജീവനൊടുക്കിയ സുഗതന്റെ വീട്ടില്‍ എത്തി. സ്വന്തം മണ്ഡലത്തില്‍ സ്വന്തം പാര്‍ട്ടിക്കാരുടെ ഭീഷണിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത സുഗതന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെ മന്ത്രി സന്ദര്‍ശനത്തിനെത്തി. 

പോലീസിന്റെ അകമ്പടിയോടെയെത്തിയ മന്ത്രിയെ സുഗതന്റെ മകനും വിശ്വകര്‍മ്മ മഹിളാസംഘം പ്രവര്‍ത്തകരും പ്രതിഷേധമറിയിച്ചു. സംഭവം സംസ്ഥാനത്തൊട്ടാകെ ചര്‍ച്ചയായിട്ടും മന്ത്രി തിരിഞ്ഞുനോക്കാത്തത് വിവാദമായിരുന്നു. സ്ഥലത്ത് ഇല്ലാതിരുന്നതിനാലാണ് തനിക്ക് എത്താന്‍ കഴിയാഞ്ഞത് എന്നാണ് രാജുവിന്റെ  മറുപടി. 

സുഗതന്റെ ഇളയ മകന്‍ സുനില്‍ തന്റെ അച്ഛന്റെ ആഗ്രഹപൂര്‍ത്തീകരണത്തിന് അവിടെ വര്‍ക്ക്‌ഷോപ്പ് നിര്‍മിക്കാന്‍ അനുവദിക്കണമെന്ന് രാജുവിനോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ബാക്കിയുള്ള മൂന്നു കയറുകളില്‍ താനും അമ്മയും ജ്യേഷ്ഠനുമുള്‍പ്പെടെ ആത്മഹത്യ ചെയ്യുമെന്നും സുനില്‍ മന്ത്രിയോട് പറഞ്ഞു. താന്‍ ആ നാട്ടുകാരനേയല്ല എന്ന മട്ടിലായിരുന്നു മന്ത്രിയുടെ മറുപടി. വര്‍ക്ക്‌ഷോപ്പ് എവിടെയാണ് എന്നായിരുന്നു മറുചോദ്യം.

ഇതോടെ പ്രകോപിതരായ നാട്ടുകാരും വിശ്വകര്‍മ്മ സമുദായ കൂട്ടായ്മ മഹിളാസംഘം പ്രവര്‍ത്തകരും മന്ത്രിയെ തടഞ്ഞുനിര്‍ത്തി. 

മഹിളാസംഘം സംസ്ഥാന ജനറല്‍സെക്രട്ടറി ജയശ്രീ ബാബു, താലൂക്ക് സെക്രട്ടറി സി. രമണി, ഐക്കരക്കോണം ശാഖാ സെക്രട്ടറി ശ്രീലേഖ എസ്. എന്നിവര്‍ ചോദ്യശരങ്ങളുമായെത്തി. വര്‍ക്ക്‌ഷോപ്പിന് സമീപ പ്രദേശത്തുള്ള നിയമങ്ങള്‍ ഇവര്‍ക്കും ബാധകമല്ലേ എന്നും നിയമതടസ്സം വല്ലതുമുണ്ടോ എന്ന ചോദ്യങ്ങള്‍ക്കും മന്ത്രി ഒഴുക്കന്‍ മട്ടിലാണ് പ്രതികരിച്ചത്. വയല്‍ നികത്തിയത് നിയമാനുസൃതമല്ലെന്നും തണ്ണീര്‍ത്തട നിയമപ്രകാരം അവിടെ വര്‍ക്ക്‌ഷോപ്പ് പാടില്ലെന്നുമൊക്കെ ഒപ്പമുണ്ടായിരുന്നവരെ പ്രീണിപ്പിക്കാന്‍ മന്ത്രി പറഞ്ഞതും പ്രതിഷേധമുണ്ടാക്കി. 

പ്രതിഷേധത്തെത്തുടര്‍ന്ന് കൂടുതല്‍ സമയം അവിടെ ചെലവിടാതെ മന്ത്രി സ്ഥലം വിടുകയാണ് ഉണ്ടായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.