വാഹനസൗകര്യം ഇല്ല; വനവാസി കുട്ടികള്‍ക്ക് വിദ്യാഭ്യാസം മുടങ്ങുന്നു

Wednesday 28 February 2018 2:45 am IST

പത്തനംതിട്ട:  വാഹനസൗകര്യം ഇല്ലാതെ വനവാസി കുട്ടികള്‍ക്ക് വിദ്യാഭ്യാസം മുടങ്ങുന്നു. ശബരിമല പൂങ്കാവനത്തിലെ പമ്പ- ചാലക്കയം വനമേഖലയിലെ കുടുംബങ്ങളിലെ കുട്ടികള്‍ക്കാണ് സ്‌കൂളിലെത്താന്‍ കഴിയാത്തത്. 

അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളാണ് ഇവര്‍ക്ക് ഏറ്റവും അടുത്തുള്ള വിദ്യാലയം. ചാലക്കയം- പമ്പ മേഖലയില്‍ നിന്ന് പതിനഞ്ച് കിലോമീറ്ററോളം അകലെയാണ് ഈ സ്‌കൂള്‍. 

വനവാസി കുട്ടികളെ സ്‌കൂളിലെത്തിക്കാന്‍ ട്രൈബല്‍ വകുപ്പിന് വാഹനസൗകര്യം ഏര്‍പ്പെടുത്താനുള്ള പദ്ധതിയും സംവിധാനവും ഉണ്ട്. ഇതനുസരിച്ച് അട്ടത്തോട് സ്‌കൂളിലും വിദ്യാര്‍ത്ഥികളെ കൊണ്ടുവരാന്‍ ഗോത്രസാരഥി സംവിധാനം ഉണ്ടെന്ന് ട്രൈബല്‍ വകുപ്പ് അധികൃതര്‍ പറയുന്നു. എന്നാല്‍ പമ്പ- ചാലക്കയം വനമേഖലയിലെ കുട്ടികളില്‍ മിക്കവരും ഇപ്പോഴും വിദ്യാലയങ്ങളിലെത്തുന്നില്ല. ഒന്നുമുതല്‍ അഞ്ചാം ക്ലാസുവരെ പഠിക്കേണ്ട എട്ട് കുട്ടികള്‍ ഉണ്ട്.  വനമേഖലയില്‍ മാറിമാറി താമസിക്കുന്ന ഇവരുടെ കുട്ടികളെ കണ്ടെത്തി ക്ലാസുകളിലെത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്‌കൂളില്‍ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസ്സുകളാണ് നടക്കുന്നത്. അഞ്ചാം ക്ലാസ് നടത്താനുള്ള അനുവാദം സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല. ഈ അധ്യയനവര്‍ഷം അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രം അവശേഷിക്കുമ്പോഴും അഞ്ചാം ക്ലാസ്സിനുള്ള സര്‍ക്കാര്‍ അനുമതി ഉത്തരവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അധ്യാപകര്‍.

നിലവില്‍ ഒന്നാംക്ലാസില്‍ 17, രണ്ടില്‍ 19, മൂന്നില്‍ 17, നാലില്‍ 6, അഞ്ചില്‍ 8 എന്നിങ്ങനെയാണ് കുട്ടികളുടെ എണ്ണം. ആകെ 67 കുട്ടികള്‍ ഉള്ളതില്‍ 56 കുട്ടികളും എസ്ടി വിഭാഗത്തിലുള്ളവരാണ്. എട്ട് കുട്ടികള്‍ എസ്‌സി വിഭാഗത്തിലും മൂന്ന് കുട്ടികള്‍ ജനറല്‍ വിഭാഗത്തിലുമുള്ളവരാണ്. മൂന്ന് സ്ഥിരം അധ്യാപകരും ഒരു താല്‍കാലിക അധ്യാപകനും ഉണ്ട്. സ്‌കൂളിന് സ്വന്തം കെട്ടിടമില്ല. പെരുനാട് ഗ്രാമപഞ്ചായത്തിന്റെ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.