പുനര്‍ജ്ജനി തുക വകമാറ്റി വഞ്ചിക്കപ്പെട്ട് തൊഴിലാളികള്‍

Wednesday 28 February 2018 2:30 am IST

ആലപ്പുഴ: ബാര്‍ തൊഴിലാളികളുടെ ക്ഷേമത്തിന് ഏര്‍പ്പെടുത്തിയ പുനര്‍ജ്ജനി പദ്ധതിയിലൂടെ ലഭിച്ച തുക നല്‍കാതെ സര്‍ക്കാര്‍ തൊഴിലാളികളെ വഞ്ചിച്ചു. പദ്ധതിയിലൂടെ ലഭിച്ച 900 കോടി രൂപയില്‍ 891 കോടി സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുകയാണ്.

സര്‍ക്കാരിന്റെ 2014-15ലെ മദ്യനയം മൂലം ജോലിയും ജീവിതമാര്‍ഗ്ഗവും നഷ്ടപ്പെട്ട തൊഴിലാളികളുടെ പുനരധിവാസത്തിനു വേണ്ടിയാണ് മുന്‍സര്‍ക്കാര്‍ പുനര്‍ജ്ജനി പദ്ധതി രൂപീകരിച്ചത്. മദ്യത്തിന് അഞ്ചുശതമാനം സെസ് ഏര്‍പ്പെടുത്തി ആ തുക തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികളുടെ ക്ഷേമത്തിനായി വിനിയോഗിക്കുകയെന്നതായിരുന്നു പദ്ധതി.

  ഈ ഇനത്തില്‍ കഴിഞ്ഞമാസം വരെ 900 കോടിയാണു വരവ്. ആ തുകയില്‍ നിന്ന് 15,000 രൂപവച്ച് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് നല്‍കുകയും ആത്മഹത്യ ചെയ്ത മൂന്ന് കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപവീതം നല്‍കുകയും ചെയ്തിരുന്നു. ബാക്കി  891 കോടിയാണ് വകമാറ്റി ചെലവഴിക്കാന്‍ നീക്കം നടക്കുന്നത്. ഈ തുകയെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ വ്യക്തമായ മറുപടി വകുപ്പ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. 

പണം സൂക്ഷിക്കാനുള്ള ട്രസ്റ്റി മാത്രമാണ് സര്‍ക്കാരെന്നും നാല് മാസത്തിനുള്ളില്‍ പ്രശ്നത്തില്‍ തീരുമാനം എടുക്കണമെന്നുമായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം. എന്നാല്‍ ഇതിനുശേഷം പണം വിതരണത്തിനായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് ചെയര്‍മാനായ അഞ്ചംഗ കമ്മീഷനെ നിയമിച്ചു. രണ്ടുമാസമായിട്ടും ഒരു നടപടിയുമുണ്ടായില്ലെന്നും തൊഴിലാളികള്‍ പറയുന്നു. 

പണം തൊഴിലാളികള്‍ ആവശ്യപ്പെട്ടതോടെ ഇവര്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന സെസ് ബജറ്റിലൂടെ പിന്‍വലിച്ചു. പകരം ആ തുക ടാക്സായി ഏര്‍പ്പെടുത്തിയതായും തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു. ജോലിക്കു പുറമേ അര്‍ഹതപ്പെട്ട പണം കൂടി ലഭിക്കാതെ വന്നതോടെ സംസ്ഥാനത്തെ 5,500 ബാര്‍ തൊഴിലാളികളുടെ കുടുംബങ്ങളാണ് പ്രതിസന്ധിയിലായത്. ഇതില്‍ 300 പേര്‍ക്ക് യാതൊരു തൊഴില്‍ മാര്‍ഗ്ഗവും ഇല്ലാത്ത അവസ്ഥയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.