കുയിലൂര്‍ വളവ് ജംങ്ഷന്‍ റോഡ് തകര്‍ച്ച: ദുരിതം പേറി ഗ്രാമവാസികള്‍

Tuesday 27 February 2018 10:17 pm IST

 

ഇരിട്ടി: ഇരിട്ടി- തളിപ്പറമ്പ് സംസ്ഥാന പാതയില്‍ കുയിലൂര്‍ വളവില്‍ പഴശ്ശി പ്രോജക്ട് ജംങ്ഷനില്‍ റോഡ് തകര്‍ന്നുണ്ടായ പൊടിശല്യം നാട്ടുകാരെയും യാത്രക്കാരെയും ദുരിതത്തിലാക്കുന്നു. കെഎസ്ടിപി ഏറ്റെടുത്ത് നവീകരിച്ച റോഡിന്റെ നിര്‍മ്മാണത്തിലൂണ്ടായ അശാസ്ത്രിയതയാണ് തകര്‍ച്ചയ്ക്ക് കാരണമായിരിക്കുന്നത്. നാലുഭാഗത്തു നിന്നും മഴവെള്ളം ഒഴുകിയെത്തുന്ന റോഡില്‍ ഓവുചാല്‍ നിര്‍മ്മിക്കുന്നതിനുപകരം റോഡിന് നടുവിലൂടെ ചാലുണ്ടാക്കി വെള്ളം ഒഴുകാനുണ്ടാക്കിയ സംവിധാനമാണ് ഇപ്പോള്‍ ദുരിതമായി മാറിയിരിക്കുന്നത്. വലിയ വാഹനങ്ങളും ചെറിയ വാഹനങ്ങളും കടന്നുപോകുന്നതിന് ഏറെ പ്രയാസപ്പെടുന്നതോടൊപ്പം കോണ്‍ക്രീറ്റ് ചാലുകള്‍ പൂര്‍ണ്ണമായും തകര്‍ന്ന് വാഹനങ്ങള്‍ കടന്നുപോകാന്‍ ഏറെ പ്രയാസപ്പെടുകയാണ്. 

വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഉണ്ടാകുന്ന പൊടിശല്യം കാരണം സമീപ വാസികളും വ്യാപാരികളും ബസ്സിന് കാത്തു നില്ക്കുന്നവരും സദാസമയം മുഖം പൊത്തി നില്‌ക്കേണ്ടി വരുന്നു. പൊടിശല്യം മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും കൂടി വരികയാണ്. നിലവിലുള്ള സംവിധാനം മാറ്റി ചെറിയ പാലം നിര്‍മ്മിച്ച് വെള്ളം ഒഴുക്കിടുന്നതിനുള്ള സംവിധാനം ഒരുക്കണമെന്ന് നാട്ടുക്കാര്‍ വകുപ്പ് മന്ത്രിക്ക് പോലും നിവേദനം നല്‍കിയിട്ടും നടപടിയായിട്ടില്ല. ഇപ്പോള്‍ തകര്‍ന്ന ഭാഗത്ത് കോണ്‍ക്രീറ്റ് കട്ട പതിക്കുന്നതിന് പ്രവ്യത്തി ടെണ്ടര്‍ ചെയ്‌തെങ്കിലും എസ്റ്റിമേറ്റ് തുക കുറഞ്ഞുപോയെന്ന കാരണം പറഞ്ഞ് കരാറുകാര്‍ ആരും പ്രവ്യത്തി ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. വീണ്ടും റീടെണ്ടര്‍ ചെയ്യാനുള്ള നടപടികളും ഇഴഞ്ഞു നീങ്ങുകയാണ്. 

കാലവര്‍ഷത്തിനുമുന്‍മ്പ് നിര്‍മ്മാണം പൂര്‍ത്തിയായില്ലെങ്കില്‍ സംസ്ഥാന പാതയില്‍ ഗതാഗത സ്തംഭനം തന്നെ ഉണ്ടാവും. റോഡിന് ഇരുവശങ്ങളിലുമുള്ള വന്‍ കുഴികളില്‍ നാടുകാരുടേയും ഓട്ടോറിക്ഷ തൊഴിലാളികളുടേയും നേതൃത്വത്തില്‍ വലിയ കല്ലുകളും മണ്ണും നിരത്തിയാണ് വാഹനങ്ങളുടെ അടിവശം റോഡില്‍ തട്ടാത നിലയില്‍ ഗതാഗതത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. അധികൃതരുടെ അനാസ്ഥ തുടര്‍ന്നാല്‍ സമരം നടത്താനുള്ള തെയ്യാറെടുപ്പിലാണ് നാട്ടുകാര്‍. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.