ശ്യാംപ്രസാദ് വധക്കേസ്: പോലീസ് അനാസ്ഥയില്‍ പ്രതിഷേധം ശക്തം

Tuesday 27 February 2018 10:18 pm IST

 

കണ്ണൂര്‍: എബിവിപി പ്രവര്‍ത്തകന്‍ ശ്യാം പ്രസാദിനെ പോപ്പുലര്‍ ഫ്രണ്ട് സംഘം വെട്ടിക്കൊലപ്പെടുത്തിയ കേസന്വേഷണത്തില്‍ പോലീസ് കാണിക്കുന്ന അലംഭാവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കൊലപാതകം നടന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഗൂഢാലോചനയില്‍ പങ്കെടുത്തവരെയോ മറ്റ് പ്രതികളെയോ അറസ്റ്റ് ചെയ്യാന്‍ പോലീസിന് സാധിച്ചിട്ടില്ല. കഴിഞ്ഞ മാസം പത്തൊന്‍പതിനാണ് ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന ഐടിഐ വിദ്യാര്‍ത്ഥിയായ ശ്യാം പ്രസാദിനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊലപ്പെടുത്തിയത്. കൃത്യത്തിന് ശേഷം കര്‍ണ്ണാടകയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ നാല് പേരെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ റിമാന്റില്‍ കഴിയുകയാണ്.

അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്ന് ഗൂഡാലോചന സംബന്ധിച്ചും കൊലപാതകത്തില്‍ പങ്കെടുത്ത മറ്റ് പ്രതികളെക്കുറിച്ചും കൃത്യമായ വിവരങ്ങള്‍ ലഭിച്ചതായി പോലീസ് സൂചന നല്‍കിയിരുന്നു. പ്രതികളെ സംഭവസ്ഥലത്തുള്‍പ്പടെ നേരിട്ടെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. കൊലപാതകത്തില്‍ ഗൂഡാലോചന നടത്തിയവരെക്കുറിച്ചും കൊലപാതകത്തില്‍ പങ്കെടുത്ത മറ്റ് പ്രതികളെക്കുറിച്ചും പോലീസിന് വിവരങ്ങള്‍ ലഭിച്ചിരുന്നു. കൊലപാതകത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം ഉള്‍പ്പെട്ട ഗൂഡാലോചന നടന്നതായി തുടക്കത്തില്‍ തന്നെ വ്യക്തമായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് അറസ്റ്റിലായ പ്രതികള്‍. കൊലപാതകത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് കണ്ണവത്ത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഒത്തുകൂടിയതായും പോലീസിന് വിവരം ലഭിച്ചിരുന്നു. ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലാണ് കേസില്‍ തുടരന്വേഷണം നടത്തുന്നത്. 

ശ്യാംപ്രസാദ് വധക്കേസ് എന്‍ഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ സ്വയംസേവക സംഘവും ബിജെപിയും ശക്തമായ പ്രക്ഷോഭ പരിപാടികളാണ് നടത്തിവരുന്നത്. സമരത്തിന്റെ ഭാഗമായി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ മഹിളാമോര്‍ച്ച സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ബിജെപി തമിഴ്‌നാട് സംസ്ഥാല അധ്യക്ഷ തമിളിസെ സുന്ദര്‍ രാജാണ് ഉദ്ഘാടനം ചെയ്തത്. മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എബിവിപിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രചാരണ ജാഥയ്ക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം കൂടുതല്‍ ശക്തമാക്കാനാണ് സംഘപരിവാര്‍ സംഘടനകളുടെ തീരുമാനം.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.