മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ഭീഷണിയില്‍ പ്രസ്‌ക്ലബ് പ്രതിഷേധിച്ചു

Tuesday 27 February 2018 10:18 pm IST

 

കണ്ണൂര്‍: ജില്ലയിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ പ്രസ്‌ക്ലബില്‍ പ്രതിഷേധ യോഗം ചേര്‍ന്നു. ഭീഷണി ഉള്‍പ്പെടെയുള്ള അതിക്രമങ്ങളെ ശക്തമായി അപലപിച്ച യോഗം, ഇതുസംബന്ധിച്ച് പ്രമേയവും പാസാക്കി. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ വ്യാപക ഭീഷണിയും അപവാദ പ്രചാരണങ്ങളുമാണ് സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്നതെന്ന് ജോയിന്റ് സെക്രട്ടറി പി.എസ്.പ്രവീണ്‍ദാസ് അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

വീട്ടില്‍ക്കയറി തല്ലാന്‍ ക്വട്ടേഷന്‍ നല്‍കുമെന്നാണ് ഭീഷണി. മാധ്യമപ്രവര്‍ത്തകരുടെയും കുടുംബത്തിന്റെയും ജീവന്‍ തന്നെ അപകടത്തിലായ സാഹചര്യമാണുള്ളത്. അന്വേഷണത്തിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ ചോര്‍ത്തുന്നതായും സൂചനയുണ്ട്. മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള നഗ്‌നമായ കടന്നുകയറ്റമാണിത്. അതൊരിക്കലും അനുവദിച്ചൂകൂടാ. വാര്‍ത്തകള്‍ നല്‍കുകയെന്നത് മാധ്യമപ്രവര്‍ത്തകരുടെ ജോലിയാണ്. നിര്‍ഭയമായി ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കേണ്ടത് ജനാധിപത്യ ഭരണകൂടത്തിന്റെ ബാധ്യതയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്നും യോഗം ആവശ്യപ്പെട്ടു. 

വെല്ലുവിളികള്‍ക്കും ഭീഷണികള്‍ക്കും മുന്നില്‍ മുട്ടുമടക്കില്ലെന്നും ജനാധിപത്യ പ്രതിരോധങ്ങളും പ്രതിഷേധങ്ങളും ശക്തപ്പെടുത്താന്‍ അനുയോജ്യമായ പ്ലാറ്റ്‌ഫോം ഉയര്‍ന്നുവരണമെന്നും കെയുഡബ്ല്യുജെ സംസ്ഥാന ജനറല്‍ സെക്രട്ടറി സി.നാരായണന്‍ പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് എ.കെ.ഹാരിസ് അധ്യക്ഷത വഹിച്ചു. കെയുഡബ്ല്യുജെ സംസ്ഥാന കമ്മിറ്റിയംഗം എന്‍.പി.സി രംജിത്, വിനീത വേണു, കബീര്‍ കണ്ണാടിപ്പറമ്പ്, കെ.ജയപ്രകാശ് ബാബു, ഷിജിത്ത് കാട്ടൂര്‍ സംസാരിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും ഖജാന്‍ജി സിജി ഉലഹന്നാന്‍ നന്ദിയും പറഞ്ഞു.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.