വൈറ്റിലയിലെ കുരുക്കൊഴിക്കാന്‍ അടിയന്തര നടപടി

Wednesday 28 February 2018 2:00 am IST

കൊച്ചി: വൈറ്റില ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും മേല്‍പ്പാലത്തിന്റെ നിര്‍മാണം സുഗമമാക്കാനും അടിയന്തര നടപടികള്‍ക്ക് തുടക്കമായി. ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ സഫീറുള്ളയുടെ നിര്‍ദ്ദേശപ്രകാരമാണ് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടപടി സ്വീകരിക്കുന്നത്. തിങ്കളാഴ്ച രാത്രി പോലീസ്, പൊതുമരാമത്ത് വകുപ്പ്, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കൊപ്പം കളക്ടര്‍ ജംഗ്ഷന്‍ സന്ദര്‍ശിച്ചു.

കളക്ടറുടെ നിര്‍ദ്ദേശപ്രകാരം വൈറ്റില-പൊന്നുരുന്നി സിഗ്‌നല്‍ ജംഗ്ഷനു സമീപത്ത് സര്‍വീസ് റോഡും നാഷണല്‍ ഹൈവേയും ചേരുന്ന ഭാഗത്ത് മീഡിയനും താത്കാലിക ബാരിക്കേഡും ഇന്നലെ പൊളിച്ചു മാറ്റി. വൈറ്റില ജംഗ്ഷനിലെ പൊന്നുരുന്നി ഭാഗത്തേക്കുള്ള സിഗ്‌നല്‍ ജംഗ്ഷനിലെ മീഡിയനും പൊളിച്ചുമാറ്റി.

കടവന്ത്ര റോഡില്‍ ട്രാഫിക് ടവറിനു സമീപമുള്ള ഫുട്പാത്ത് നീക്കം ചെയ്യും. ഫുട്പാത്തില്‍ കാനകളുടെ തകരാറുകള്‍ പരിഹരിച്ച് പുതിയ സ്ലാബിടാനും തീരുമാനമായി. വൈറ്റിലയിലേക്ക് ആലുവഭാഗത്തുനിന്നും വരുന്ന ബസുകള്‍ നിര്‍ത്തുന്ന ബസ് ഷെല്‍ട്ടര്‍ പൊളിച്ചുമാറ്റാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. ആലുവയില്‍ നിന്ന് കുണ്ടന്നൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം സുഗമമാക്കാനായി വൈറ്റില ഭാഗത്ത് നിരത്തി വച്ച ബാരിക്കേഡുകള്‍ ഒതുക്കി വയ്ക്കാനും കളക്ടര്‍ നിര്‍ദേശിച്ചു. 

സബ്കളക്ടര്‍ ഇമ്പശേഖര്‍, പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ (ട്രാഫിക്) അബ്ദുള്‍ സലാം, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.