സ്വന്തം ജീവിതം മറന്ന് ജീവന്‍ കായലിലേക്ക് ചാടി; മറ്റൊരു ജീവന് രക്ഷകനായി

Wednesday 28 February 2018 2:00 am IST

പള്ളുരുത്തി:  തോപ്പുംപടി ഹാര്‍ബര്‍ പാലത്തില്‍ നിന്നും കായലിലേക്ക് ചാടിയ യുവതിക്ക്  19-കാരന്റെ ധീരതയില്‍ പുനര്‍ജന്മം. ചൊവ്വാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് സംഭവം. ആത്മഹത്യ ചെയ്യാന്‍ കായലിലേക്ക് ചാടിയ പള്ളുരുത്തി കളത്ര സ്വദേശിയായ 20കാരിയെയാണ്  കുമ്പളങ്ങി കല്ലഞ്ചേരി വേലിശ്ശേരിവീട്ടില്‍ ആന്റെണിയുടെ മകന്‍ ജീവന്‍ (19) സ്വന്തം ജീവന്‍ പോലും മറന്ന്  ശക്തമായ വേലിയേറ്റത്താല്‍ നിറഞ്ഞ കൊച്ചിക്കായലില്‍ ചാടി രക്ഷപ്പെടുത്തിയത്. 

തോപ്പുംപടി  ചിക്കിംഗിലെ ഡെലിവറി ബോയിയായി ജോലി ചെയ്തുവരികയാണ് ജീവന്‍. ജോലിത്തിരക്ക് കഴിഞ്ഞ് ബൈക്കില്‍ പെട്രോള്‍ നിറയ്ക്കാന്‍ തേവര ഭാഗത്തേക്ക് പോകുമ്പോള്‍ ഹാര്‍ബര്‍ പാലത്തിലെ ആള്‍ക്കൂട്ടം കണ്ട് വണ്ടി നിര്‍ത്തി അന്വേഷിക്കുമ്പോഴാണ് ഒരാള്‍ കായലില്‍ ചാടിയതായി അറിയുന്നത്. ഉടനെ പാലത്തിന് അടിയിലെത്തി വസ്ത്രം അഴിച്ച് സുഹൃത്തിനെ ഏല്‍പ്പിച്ച ശേഷം കായലിലേക്ക് ചാടുകയായിരുന്നു. 

കായലില്‍ ചാടിയയാള്‍ അപ്പോഴേക്കും ബി.ഒ.ടി പാലത്തിനു സമീപം ഒഴുകി എത്തിയിരുന്നു. സകല ശക്തിയുമെടുത്ത് നീന്തി വെള്ളത്തില്‍ മുങ്ങിത്താണയാളെ ഉയര്‍ത്തുമ്പോഴാണ് ചാടിയത് സ്ത്രീയാണെന്ന് അറിയുന്നത്. ഉടനെ സ്വന്തം ചുമലിലേക്ക് ഇട്ട് ബിഒടി പാലത്തിന്റെ കിഴക്ക് ഭാഗത്തേക്ക് നീന്തിയെത്തിക്കുകയായിരുന്നു. കായലില്‍ നിന്നും രക്ഷപ്പെടുത്തുന്നതിനിടയില്‍  യുവതി ശക്തമായ എതിര്‍പ്പു പ്രകടിപ്പിച്ചതായി ജീവന്‍പറയുന്നു. ഒരു ഘട്ടത്തില്‍ തന്റെ ജീവന്‍ പോലും അപകടത്തിലാകുമെന്ന് തോന്നി. കളത്ര ഭാഗത്ത് നിന്ന് സൈക്കിളിലെത്തിയ യുവതി പാലത്തിന്റെ നടുക്ക് സൈക്കിള്‍വെച്ച ശേഷമാണ് ചാടിയത്. പ്രണയനൈരാശ്യമാണ് യുവതിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതത്രെ.

നൂറുകണക്കിന് ആളുകള്‍ പാലത്തില്‍ കൂടി നിന്നിരുന്നു പക്ഷെ അവരാരും യുവതിയെരക്ഷപ്പെടുത്താന്‍ ശ്രമിച്ചില്ല. സ്വന്തം ജീവന്‍ അപകടത്തിലാകുമെന്ന കാര്യം പോലും മറന്ന് മറ്റൊരു ജീവന്‍ രക്ഷിക്കാന്‍ കാട്ടിയ യുവാവിന്റെ ധീരതയെ അഭിനന്ദിക്കുകയാണ് എല്ലാവരും.  മത്സ്യത്തൊഴിലാളിയാണ് ജീവന്റെ പിതാവ് ആന്റണി. ഡെയ്‌സിയാണ് മാതാവ്. ഒന്‍പതാം തരത്തില്‍ പഠിക്കുന്ന ശ്രുതിയും ശ്രേയയുമാണ് സഹോദരങ്ങള്‍. ഐ.ടി.ഐ പഠനത്തിനൊപ്പമാണ് ജീവന്‍ ചിക്കിംഗില്‍ ജോലി നോക്കുന്നത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെനതൃത്വത്തില്‍ ഇന്ന് തോപ്പുംപടി സ്റ്റേഷനില്‍ ജീവനെ അനുമോദിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചിട്ടുണ്ട്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.