മലിനജല വിതരണം തടയാന്‍ ടാങ്കറുകളില്‍ ജിപിഎസ്

Wednesday 28 February 2018 2:00 am IST

കാക്കനാട്: മലിനജലം വില്‍ക്കുന്നത് തടയാന്‍ കുടിവെള്ള ടാങ്കറുകളില്‍ ഇത്തവണയും ജിപിഎസ് ഘടിപ്പിക്കും. ടാങ്കറുകളില്‍ മലിനജലം വില്‍ക്കുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കലക്ടര്‍ കഴിഞ്ഞ ദിവസം ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. കൊടും വേനലില്‍ ശുദ്ധജലത്തിന്റെ ആവശ്യം വര്‍ധിച്ചതും ജലസ്രോതസ്സുകള്‍ വറ്റി വരണ്ടതും ടാങ്കറുകളിലെ ശുദ്ധജല വിതരണത്തെ പ്രതികൂലമായി ബാധിച്ചു തുടങ്ങിയതാണു റിപ്പോര്‍ട്ട്.

കഴിഞ്ഞ വേനലിവേനലില്‍ കുടിവെള്ള വിതരണം നടത്തിയ 50 ടാങ്കറുകളില്‍ ജിപിഎസ് ഘടിപ്പിച്ചിരുന്നു. ഇത്തവണ ജിപിഎസ് ഘടിപ്പിച്ച ടാങ്കറുകളില്‍ മാത്രമായിരിരിക്കും കുവെള്ള വിതരണം നടത്തുകയുള്ളുവെന്ന് കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല വ്യക്തമാക്കി. ടാങ്കര്‍ ഉടമകളുടെ ചെലവിലായിരിക്കും ജിപിഎസ് ഘടിപ്പിക്കുക. സര്‍ക്കാര്‍ ഉത്തരവ് ലഭിച്ചാലുടന്‍ ഇതിനുള്ള നടപടികള്‍ തുടങ്ങുമെന്ന് കലക്ടര്‍ അറിയിച്ചു. 

കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച 400 ജലസംഭരണികള്‍ ഇത്തവണ പ്രയോജനപ്പെടുത്തുമെന്ന് കുടിവെള്ള വി്തരണത്തിന് ചുമതലയുള്ള ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.  ജലഅതോറിറ്റിയുടെ സ്രോതസുകളില്‍ നിന്നായിരിക്കും കുടിവെള്ളം ശേഖരിക്കുക. ഏഴ് താലൂക്കുകളിലായി ജലഅതോറിറ്റിയുടെ എട്ട് കുടിവെള്ള സ്രോതസുകള്‍ നിലവിലുണ്ട്. വേനല്‍ കനത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായാല്‍ മറ്റു സ്രോതസുകളില്‍ നിന്ന് വെള്ളം ശേഖരിച്ച് വിതരണം നടത്തും. ജല അതോറിറ്റിയുടെ ലാബില്‍ പരിശോധന നടത്തിയ ശേഷമായിരിക്കും വിതരണത്തിന് ശേഖരിക്കുക. തഹസില്‍ദാര്‍മാര്‍ പരിശോധിച്ച് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കുടിവെള്ളം എത്തിക്കുക. 

ടാങ്കര്‍ ലോറി കുടിവെള്ളത്തിന് മുന്‍കാലങ്ങളില്‍ നിശ്ചയിച്ച നിരക്ക് തന്നെയായിരിക്കും ഇത്തവണയും. നിരക്ക് സംബന്ധിച്ച് അഭിപ്രായ വ്യാത്യാസമുണ്ടെങ്കില്‍ ഉടമകളുമായി ചര്‍ച്ച നടത്തി പരിഹരിക്കും. മിനിമം 25 കിലോമീറ്റര്‍ ദൂരവും ടാങ്കറിന്റെ സംഭരണ ശേഷിയും കണക്കിലെടുത്താണ് കഴിഞ്ഞ വര്‍ഷം വിലനിശ്ചയിച്ചിരിക്കുന്നത്. 4000 മുതല്‍ 6000 ലിറ്റര്‍ വരെ സംഭരണ ശേഷിയുള്ള ടാങ്കര്‍ ലോറി കുടിവെള്ളത്തിന് പരമാവധി ഈടാക്കാവുന്ന തുക 1400 രൂപയും ഓടുന്ന ഓരോ കിലോമീറ്ററിനും 40 രൂപ വീതം കൂടുതല്‍ നല്‍കണം. 12000 ലിറ്റര്‍ വെള്ളത്തിന് 2200 രൂപയും കൂടുതല്‍ ഓചുന്ന ഒരോ കിലോമീറ്ററിനും 60 രൂപ വീതം അധികം നല്‍കണം. ഏറ്റവും വലിയ 24,000 സംഭരണ ശേഷിയുള്ള ടാങ്കറിന് 3,800 രൂപയും ഓരോ കിലോമീറ്ററിന് 80 രൂപയും വില നിശ്ചയിച്ചിരുന്നു. 

ആലുവ-പറവൂര്‍ താലൂക്കുകളില്‍ ആലുവയില്‍ നിന്നും കൊച്ചി- കണയന്നൂര്‍ താലൂക്കുകളില്‍ മരടില്‍ നിന്നും കുന്നത്ത്‌നാട് താലൂക്കില്‍ ചെമ്പറക്കിയില്‍ നിന്നും മൂവാറ്റുപുഴ താലൂക്കില്‍ മൂവാറ്റുപുഴയില്‍ നിന്നും കോതമംഗലം താലൂക്കില്‍ കോതമംഗലത്ത് നിന്നും കുടിവെള്ളം വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.