അസ്വസ്ഥത പടര്‍ത്തിയ അനിശ്ചിതത്വം

Wednesday 28 February 2018 3:40 am IST
"undefined"

മുംബൈ: ദുബായ്‌യില്‍ അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലേക്കു കൊണ്ടു വരുന്നതു സംബന്ധിച്ച് അനിശ്ചിതത്വം തുടര്‍ന്നത് ആരാധകരുടേയും ബന്ധുക്കളുടേയും മനസ്സുകളില്‍ ഏറെ നേരം അസ്വസ്ഥതയായി.

സംഭവത്തില്‍ ഉരുത്തിരിഞ്ഞ ദുരൂഹതയെക്കുറിച്ച് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം തുടര്‍ന്നതാണ് പ്രശ്‌നമായത്. 

പോസ്റ്റുമോര്‍ട്ടത്തിനു ശേഷമുള്ള ഫോറന്‍സിക് റിപ്പോര്‍ട്ടിലും ഡെത്ത് സര്‍ട്ടിഫിക്കറ്റിലും അസാധാരണ മരണത്തെക്കുറിച്ചുള്ള സൂചനകള്‍ വന്നതോടെയാണ് ശ്രീദേവിയുടെ മരണം മറ്റൊരു തലത്തിലേക്കു നീങ്ങിയത്. ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്ത്യം എന്നായിരുന്നു ആദ്യത്തെ ധാരണ. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്ന് ദുബായ് പോലീസ് നല്‍കിയ മരണ സര്‍ട്ടിഫിക്കറ്റില്‍ പറയുന്നു. രക്തത്തില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നതായും സര്‍ട്ടിഫിക്കറ്റിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. യാദൃച്ഛിക മുങ്ങി മരണം എന്നാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 

സംഭവത്തെക്കുറിച്ച് ഭര്‍ത്താവ് ബോണി കപൂര്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ചും പോലീസിനു ചില സംശയങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബോണിയുടെ മൊഴിയെടുത്തതിനു ശേഷം, ശ്രീദേവി താമസിച്ചിരുന്ന ദുബായ്‌യിലെ എമിറേറ്റ്‌സ് ടവേഴ്‌സ് ഹോട്ടലിലെ ജീവനക്കാരേയും പോലീസ് ചോദ്യം ചെയ്തു. മൊഴികളില്‍ ചില വൈരുദ്ധ്യങ്ങളുള്ളത് കേസിനെ കൂടുതല്‍ സങ്കീര്‍ണമാക്കി.

അതിനിടെ ബോണിയുടെ ആദ്യ വിവാഹത്തിലെ മകനും നടനുമായ അര്‍ജുന്‍ കപൂര്‍ ദുബായ്‌യിലേക്കു പോയി. കപൂര്‍ കുടുംബം പുറത്തിയ പത്രക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്. ബോണിയെ സഹായിക്കാനാണ് അര്‍ജുന്‍ പോകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദുബായ്‌യിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥര്‍ കേസ് കൈകാര്യം ചെയ്യുന്ന പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും അവരെ തിരിച്ചയച്ചു എന്നാണ് റിപ്പോര്‍ട്ട്.

സംശയങ്ങളെല്ലാം ദൂരീകരിച്ചതിനു ശേഷം മൃതദേഹം വിട്ടു കൊടുക്കാമെന്ന നിലപാടിലാണ് പബ്ലിക് പ്രോസിക്യൂഷന്‍. അതുകൊണ്ടുണ്ടായ സ്വാഭാവിക താമസമാണ് ഉണ്ടായതെന്നാണ് ഔദ്യോഗിക വിശദീകരണം. മരണത്തില്‍ ആരെയെങ്കിലും സംശയിക്കുന്നു എന്ന നിലയില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു. 

മരുമകന്‍ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഭര്‍ത്താവ് ബോണി കപൂര്‍ ഇളയ മകള്‍ ഖുഷി എന്നിവര്‍ക്കൊപ്പം ശ്രീദേവി ദുബായ്‌യില്‍ എത്തിയത്. വിവാഹം കഴിഞ്ഞ് ബോണി ഇന്ത്യയിലേക്ക് മടങ്ങിപ്പോന്നു. ശ്രീദേവി  ദുബായ്‌യില്‍ തങ്ങി. 

തിരിച്ചു പോയ ബോണി ശനിയാഴ്ച ഭാര്യക്ക് അപ്രതീക്ഷിത സമ്മാനമായി വിരുന്നൊരുക്കി. ഇതില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമായി കുളിമുറിയിലേക്കു പോയ ശ്രീദേവിയെ കുറച്ചു സമയം കഴിഞ്ഞിട്ടും കാണാതിരുന്നപ്പോള്‍ ബോണി വാതില്‍ ബലം പ്രയോഗിച്ചു തുറന്നു. ബാത്ത്ടബ്ബില്‍ ബോധരഹിതയായി കിടക്കുന്ന ശ്രീദേവിയെയാണ് കണ്ടത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.