ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനും റെയില്‍വേക്കും ഇന്ന് ഇരട്ടഫൈനല്‍

Wednesday 28 February 2018 3:28 am IST
"undefined"

കോഴിക്കോട്: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിനും റെയില്‍വേക്കും ഇന്ന് ഇരട്ടഫൈനല്‍. പുരുഷ -വനിത ഫൈനലുകളില്‍ കേരളവും റെയില്‍വേയും  ഏറ്റുമുട്ടും . 

ഇന്നലെ നടന്ന വാശിയേറിയ പുരുഷവിഭാഗം സെമിയില്‍ തമിഴ്‌നാടിനെ ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് തകര്‍ത്താണ് കേരളം ഫൈനലിലെത്തിയത്(25-23, 30-28,25-22). നേരത്തെ കേരള വനിതാ ടീമും തമിഴ്‌നാടിനെ പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചിരുന്നു. 

ഇന്നലെ നടന്ന വനിതകളുടെ  സെമിയില്‍ മഹാരാഷ്ട്രയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി റെയില്‍വേ വനിതാ ടീം ഫൈനലില്‍ പ്രവേശിച്ചു(25-18, 25-14, 25-18). 

കളിയുടെ എല്ലാ ഘട്ടത്തിലും മഹാരാഷ്ട്രയെ പിന്നിലാക്കിയാണ് റെയില്‍വേ വനിതാ ടീം വിജയിച്ച് ഫൈനലിലെത്തിയത്. റെയില്‍വേ ടീം ക്യാപ്റ്റന്‍ അനുശ്രീ ഘോഷ്, മിനിമോള്‍ അബ്രഹാം, പ്രിയങ്കാ ബോറ, നിര്‍മ്മല്‍, എം.എസ്. പൂര്‍ണ്ണിമ എന്നിവര്‍ കളം നിറഞ്ഞു കളിച്ചു. മൂന്നാം സെറ്റില്‍ ഒഴികെ മഹാരാഷ്ട്രക്ക് പിടിച്ച് നില്‍ക്കാന്‍ പോലുമായില്ല.

പുരുഷവിഭാഗത്തില്‍ തമിഴ്‌നാടിനോട് പൊരുതിക്കളിച്ചാണ് കേരളം ഫൈനലിലെത്തിയത്. ആദ്യ സെറ്റില്‍ കേരളം ആദ്യം മുന്നിട്ടു നിന്നു. തൊട്ടുപിന്നാലെ തമിഴ്‌നാട് ഒപ്പമെത്തിയെങ്കിലും ലീഡ് വിട്ടുകൊടുക്കാന്‍ കേരളം തയ്യാറായില്ല. രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ തമിഴ്‌നാടാണ് ലീഡ് നേടിയത്. പിന്നീട് ഒപ്പത്തിനൊപ്പം നീങ്ങിയ മത്സരത്തിന്റെ അവസാനഘട്ടത്തില്‍ തമിഴ്‌നാടിനെ കേരളം അട്ടിമറിക്കുകയായിരുന്നു. മൂന്നാം സെറ്റില്‍ കേരള ടീമിന്റെ ആലസ്യം മുതലെടുത്ത് തമിഴ്‌നാട്  പലപ്പോഴും മുന്നിലെത്തിയെങ്കിലും അവസാനത്തോട് അടുത്തപ്പോള്‍ കേരളം ഉണര്‍ന്ന് കളിച്ച് ലീഡ് പിടിച്ചെടുക്കുകയായിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.