സെഞ്ചുറികളില്‍ അഞ്ചാമന്‍

Wednesday 28 February 2018 3:30 am IST
"undefined"

ന്യൂദല്‍ഹി:  ഇന്ത്യ ചരിത്രമെഴുതിയ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി റെക്കോഡുകളുടെ പെരുമഴ തീര്‍ത്തു. റെക്കോഡുകള്‍ ഓരോന്നായി തകര്‍ത്തെറിഞ്ഞ ഈ ദല്‍ഹി താരം ലോക ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ബാറ്റ്‌സ്മാനായി. ക്യാപ്റ്റനെന്ന നിലയില്‍ ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരവുമായി.

ദക്ഷിണാഫ്രിക്കയില്‍ മൂന്ന് ടെസ്റ്റ്, ആറ് ഏകദിനങ്ങള്‍, രണ്ട് ട്വന്റി 20 മത്സരങ്ങളിലായി കോഹ് ലി 871 റണ്‍സ് നേടി. 79.18 ആണ് ശരാശി. ഇതോടെ, ഓസീസ് ഇതിഹാസം അലന്‍ബോര്‍ഡര്‍ രണ്ടാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ അലന്‍ ബോര്‍ഡര്‍  14 ഇന്നിങ്ങ്‌സിലായി 785 റണ്‍സ് നേടിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയുടെ മുന്‍ നായകന്‍ ഗ്രേം സ്മിത്താണ് ഒരു പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ക്യാപ്റ്റന്‍. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ 16 ഇന്നിങ്ങ്‌സില്‍ 937 റണ്‍സ് നേടിയാണ് റെക്കോഡിട്ടത്.

വിരാട് കോഹ് ലി ടെസ്റ്റ് പരമ്പരയില്‍ 286 റണ്‍സും ഏകദിന പരമ്പരയില്‍ 558 റണ്‍സും നേടി. രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഏകദിന പരമ്പരയില്‍ അഞ്ഞൂറില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ലോകത്തെ ഏക ബാറ്റ്‌സ്മാനാണ് കോഹ്‌ലി.

ദക്ഷിണാഫ്രിക്കയില്‍ നാലു സെഞ്ചുറികള്‍ കുറിച്ചതോടെയാണ് കോഹ് ലി രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ കുറിക്കുന്ന അഞ്ചാമത്തെ ബാറ്റ്‌സ്മാനായത്. ഏകദിനത്തില്‍ 35 സെഞ്ചുറിയും ടെസ്റ്റില്‍ 21 സെഞ്ചുറിയും നേടിയിട്ടുണ്ട്. കോഹ് ലിക്ക് മൊത്തം 56 സെഞ്ചുറികളായി. 331 മത്സരങ്ങളിലാണ് ഇത്രയും സെഞ്ചുറികള്‍ നേടിയത്. 664 മത്സരങ്ങളില്‍ 100 സെഞ്ചുറികള്‍ നേടിയ ഇന്ത്യയുടെ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ലോകത്ത്് ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ ബാറ്റ്‌സ്മാന്‍. റിക്കി പോണ്ടിങ്ങാണ് രണ്ടാം സ്ഥാനത്ത് - 71 സെഞ്ചുറികള്‍. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര 63 സെഞ്ചുറികളുമായി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.