കോളേജ് ഗെയിംസ് നാളെ കോഴിക്കോട്ട് ആരംഭിക്കും

Wednesday 28 February 2018 2:32 am IST

കോഴിക്കോട്: പത്താമത് സംസ്ഥാന കോളേജ് ഗെയിംസ്  നാളെ  കോഴിക്കോട്ട് ആരംഭിക്കും . മാര്‍ച്ച്  മൂന്ന് വരെയാണ് മത്സരങ്ങള്‍.  അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍, ഷട്ടില്‍ ബാഡ്മിന്റണ്‍, ഫുട്‌ബോള്‍, ഖൊ-ഖൊ, ജൂഡോ എന്നീ ഇനങ്ങളിലായി സംസ്ഥാനത്തെ 222 കോളേജുകളില്‍ നിന്ന്  2600 കായിക താരങ്ങള്‍ മാറ്റുരയ്ക്കുമെന്ന് സംഘാടക സമിതി  വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

അത്‌ലറ്റിക്‌സ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലും ബാസ്‌കറ്റ്‌ബോള്‍ ദേവഗിരി സിഎംഐ പബ്ലിക് സ്‌കൂളിലും ദേവഗിരി സെന്റ്‌ജോസഫ് കോളേജ് ഗ്രൗണ്ടിലുമായി നടക്കും. വോളിബോള്‍ വി.കെ. കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഷട്ടില്‍ എസ്റ്റാര്‍ഡിയോ മലാപ്പറമ്പിലും ഫുട്‌ബോള്‍ കോര്‍പറേഷന്‍ സ്റ്റേഡിയം, ദേവഗിരി കോളേജ് ഗ്രൗണ്ട്, മെഡിക്കല്‍ കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലും ഖൊ-ഖൊ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലുമാണ് നടക്കുക. ജൂഡോ തളി ജൂബിലി ഹാളിലാണ്. മത്സരാര്‍ത്ഥികള്‍ക്ക് താമസ-ഭക്ഷണ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ഗെയിംസ് മത്സരങ്ങള്‍ രണ്ടിന് രാവിലെ 8.30ന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍  മന്ത്രി എ.സി. മൊയ്തീന്‍  ഉദ്ഘാടനം ചെയ്യും. വ്യക്തിഗത ഇനങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 2000, 1500, 1000 രൂപ വീതവും, മെഡലും, ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും നേടുന്ന കോളേജിന് പുരുഷ-വനിത വിഭാഗങ്ങളിലായി ഒരു ലക്ഷം രൂപ വീതവും നല്‍കും. ഗെയിസ് ഇനങ്ങളില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 15,000, 10,000, 7,500 രൂപയാണ് ക്യാഷ് അവാര്‍ഡ്.  കോളേജ് ഗെയിംസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ എം.ആര്‍. രഞ്ജിത്ത്, കോഴിക്കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ജെ. മത്തായി, സെക്രട്ടറി പ്രേമന്‍ തറവട്ടത്ത് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.