ഹജ്ജ് വിമാനക്കൂലി കേന്ദ്രം വെട്ടിക്കുറച്ചു

Wednesday 28 February 2018 2:51 am IST

ന്യൂദല്‍ഹി: ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള വിമാനയാത്രാക്കൂലി കേന്ദ്രം വെട്ടിക്കുറിച്ചു.  മുപ്പതിനായിരം രൂപ മുതല്‍ ഒരുലക്ഷം രൂപ വരെയാണ് വിമാനക്കൂലി കുറച്ചത്. ഈവര്‍ഷം ഹജ്ജിന് പോകുന്ന 1.75 ലക്ഷം  തീര്‍ത്ഥാടകര്‍ക്ക് കേന്ദ്രനടപടി പ്രയോജനകരമാകും. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് വിമാനക്കൂലി കുറച്ചതെന്ന് കേന്ദ്രന്യൂനപക്ഷക്ഷേമമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി അറിയിച്ചു. 

ഇന്ത്യയിലെ 21 വിമാനത്താവളങ്ങളില്‍ നിന്ന്  ഹജ്ജ് തീര്‍ത്ഥാടകരുമായി ജിദ്ദയിലേക്കും മദീനയിലേക്കും പോകുന്ന വിമാന സര്‍വ്വീസുകളുടെ ചാര്‍ജ്ജാണ് കുത്തനെ കുറച്ചത്. കൊച്ചിയില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വിമാനക്കൂലി ഇനത്തില്‍ ഇനി 74,431 രൂപ മാത്രമേ ഇനി ചിലവാകൂ. 2013-14 ഹജ്ജ് കാലത്ത് 1,04,950 രൂപയായിരുന്നു തീര്‍ത്ഥാടകരില്‍ നിന്ന് ഈടാക്കിയത്. 

മംഗലാപുരത്തുനിന്ന് 1,45,250 രൂപയായിരുന്നത് 84,280 രൂപയാക്കി . ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലും മുപ്പതിനായിരം രൂപയുടെ കുറവു വന്നിട്ടുണ്ട്. രണ്ടുലക്ഷം രൂപ ആയിരുന്ന ശ്രീനഗറില്‍ നിന്നുള്ള വിമാനക്കൂലി ഒരുലക്ഷമാക്കി കുറച്ചു. മുംബൈയില്‍ നിന്ന് പോകുന്ന തീര്‍ത്ഥാടകര്‍ക്ക് 57,857 രൂപയാണ് വിമാനക്കൂലി. നാല്‍പ്പതിനായിരം രൂപയുടെ കുറവാണ്  വരുത്തിയത്. എയര്‍ഇന്ത്യ, സൗദി എയര്‍ലൈന്‍സ്, ഫ്‌ളൈ നാസ് വിമാനങ്ങളില്‍ ഈ ഇളവ് ലഭ്യമാകും. 

ഹജ്ജ് തീര്‍ത്ഥാടകരെ രാഷ്ട്രീയ-സാമ്പത്തിക ചൂഷണത്തിന് ഇരയാക്കിയത് യുപിഎ ഭരണകാലമായിരുന്നെന്ന് മുഖ്താര്‍ അബ്ബാസ് നഖ്‌വി കുറ്റപ്പെടുത്തി. 1,75,025 തീര്‍ത്ഥാടകരാണ് ഇത്തവണ ഹജ്ജിന് പോകുന്നത്. യുപിഎ ഭരണകാലത്ത് 1.36 ലക്ഷമായിരുന്ന ഹജ്ജ് ക്വോട്ട മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് 1.75 ലക്ഷമായി ഉയര്‍ന്നത്. വിമാനക്കമ്പനികള്‍ക്കും സ്വകാര്യ ഏജന്‍സികള്‍ക്കും മാത്രം പ്രയോജനം ചെയ്തിരുന്ന ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കിയ നടപടിക്ക് പിന്നാലെയാണ് വിമാനക്കൂലിയില്‍ വലിയ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.