തീരാനൊമ്പരമായി സ്വപ്‌നറാണി മടങ്ങിവന്നു

Wednesday 28 February 2018 2:41 am IST

മുംബൈ: അഭ്യൂഹങ്ങള്‍ അവസാനിച്ചു. ഇന്ത്യന്‍ സിനിമയിലെ സ്വപ്‌നറാണി ശ്രീദേവി തീരാനൊമ്പരമായി മടങ്ങിവന്നു. ദുബായിയില്‍ അന്തരിച്ച ശ്രീദേവിയുടെ ഭൗതികദേഹം ഇന്നലെ രാത്രി മുംബൈയില്‍ എത്തിച്ചു. വേദനയോടെ കാത്തിരിക്കുകയായിരുന്നു ആരാധകരും ബന്ധുക്കളും സഹപ്രവര്‍ത്തകരും.  മൃതദേഹം വഹിക്കുന്ന പ്രത്യേക വിമാനം രാത്രി ഒന്‍പതരയോടെ മുംബൈ വിമാനത്താവളത്തില്‍ എത്തി. മക്കളും ബോണി കപൂറിന്റെ സഹോദരന്‍ അനില്‍ കപൂറും  വിമാനത്താവളത്തില്‍ എത്തിയിരുന്നു.

മരണത്തെക്കുറിച്ചുയര്‍ന്ന ദുരൂഹതകള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ദുബായ് പോലീസും പിന്നീട് പബ്ലിക് പ്രോസിക്യൂഷനും നടത്തിയ അന്വേഷണങ്ങളാണ് അനിശ്ചിതത്വം സൃഷ്ടിച്ചത്. 

ഇന്നു രാവിലെ 9.30 മുതല്‍ അന്ധേരിലെ വീടിനടുത്തുള്ള ലോഖണ്ഡ്വാല സെലിബ്രേഷന്‍സ് ക്ലബ്ബില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെക്കും. വൈകിട്ട് മൂന്നരയ്ക്ക് വിലെപാര്‍ലെ സേവാ സമാജ് ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍. രണ്ടു മണിയോടെ വിലാപയാത്രയായി മൃതദേഹം ശ്മശാനത്തിലേക്കു കൊണ്ടുപോകുമെന്നാണ് കുടുംബം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്. 

മൂന്നു ദിവസത്തെ അന്വേഷണത്തിനൊടുവില്‍ ഇന്നലെ ഉച്ചയോടെയാണ് പബ്ലിക് പ്രോസിക്യൂഷന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇന്ത്യന്‍ കോണ്‍സുലേറ്റിനു നല്‍കിയത്. യാദൃച്ഛിക മുങ്ങിമരണമാണെന്നും കേസില്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്നും ദുബായ് സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. സംഭവത്തില്‍ ദുരൂഹതയല്ലെന്ന് പ്രോസിക്യൂഷനും സ്ഥിരീകരിച്ചു. 

തൊട്ടു പിന്നാലെ കോണ്‍സുലേറ്റ് പ്രതിനിധികളും അനന്തരവന്‍ സൗരഭ് മല്‍ഹോത്രയും പോലീസ് മോര്‍ച്ചറിയില്‍ എത്തി മൃതദേഹം ഏറ്റുവാങ്ങി. മുഹ്‌സിനയിലെ സെന്ററില്‍ എംബാം ചെയ്ത ശേഷം വിമാനത്താവളത്തിലേക്കു കൊണ്ടു പോയി. 

ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദുബായിയില്‍ എത്തിയ ശ്രീദേവിയെ ശനിയാഴ്ച രാത്രിയാണ് എമിറേറ്റ്‌സ് ടവേഴ്‌സ് ഹോട്ടലില്‍ താമസിച്ചിരുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണം എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. എന്നാല്‍ ഫോറെന്‍സിക്, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ വന്നതോടെ സംഭവത്തില്‍ ദുരൂഹത പടര്‍ന്നു. ശ്വാസകോശത്തില്‍ വെള്ളം കയറിയിരുന്നു എന്നും ശരീരത്തില്‍ മദ്യത്തിന്റെ അംശമുണ്ടായിരുന്നെന്നും കണ്ടെത്തി. 

കുളിമുറിയിലെ ബാത്ത്ടബ്ബില്‍ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു എന്നാണ് നിഗമനം. യാദൃച്ഛിക മുങ്ങിമരണം എന്നാണ് ഡെത്ത് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയത്. പോലീസും പിന്നീട് പബ്ലിക് പ്രോസിക്യൂഷനും അന്വേഷിച്ചതോടെ മൃതദേഹം ഇന്ത്യയിലേക്കു കൊണ്ടു വരുന്നത് വൈകി. എല്ലാ സംശയങ്ങളും അവസാനിപ്പിച്ചേ മൃതദേഹം വിട്ടു കൊടുക്കൂ എന്ന നിലപാടിലായിരുന്നു പോലീസ്.

ഭര്‍ത്താവ് ബോണി കപൂറിന്റെ മൊഴിയെടുത്തു. ഹോട്ടല്‍ ജീവനക്കാരെ ചോദ്യം ചെയ്തു. ബോണിയുടെ ആദ്യ വിവാഹത്തിലെ മകനും നടനുമായ അര്‍ജുന്‍ കപൂര്‍ ഇന്നലെ ദുബൈയിലെത്തിയിരുന്നു. ശ്രീദേവിയുടെ മൃതദേഹം തിരിച്ചെത്തിക്കുന്നതില്‍ അച്ഛനെ സഹായിക്കാനാണ് അര്‍ജുന്‍ പോയതെന്ന് കുടുംബം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇന്നലെയും നിരവധി ചലച്ചിത്ര താരങ്ങള്‍ അനില്‍ കപൂറിന്റെ വീട്ടില്‍ എത്തി അനുശോചനം അറിയിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.