കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതി സമാധിയായി

Wednesday 28 February 2018 1:30 pm IST
"undefined"

കാഞ്ചീപുരം: സനാതന ധര്‍മ്മത്തിന്റെ പരമാചാര്യന്മാരില്‍ പ്രമുഖനും  കാഞ്ചി കാമകോടി പീഠം മുന്‍ മഠാധിപതിയുമായ സ്വാമി ജയേന്ദ്ര സരസ്വതി സമാധിയായി. മഠത്തിന്റെ അറുപത്തൊന്‍പതാമത് അധിപനായിരുന്ന അദ്ദേഹം ഇന്നലെ രാവിലെ ഒന്‍പതു മണിയോടെയാണ് വിടവാങ്ങിയത്. 82 വയസുണ്ടായിരുന്നു.

ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കാഞ്ചി ശ്രീരാമചന്ദ്ര മെഡിക്കല്‍ സെന്ററില്‍ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല. രാവിലെ ഒന്‍പതു മണിയോടെ ശുക്‌ള ത്രയോദശിയിലാണ് മഹാസമാധിയെന്ന് ആശ്രമം അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ഒരു മാസമായി രോഗഗ്രസ്തനായിട്ട്.

 തമിഴ്‌നാട്ടിലെ തിരുവാരൂരിലെ മന്നാര്‍ഗുഡിക്കടുത്ത് ഇരുള്‍നീക്കി ഗ്രാമത്തില്‍1935 ജൂലൈ 18നാണ് ജനനം. കുട്ടിക്കാലം മുതല്‍ക്കേ സുബ്രഹ്മണ്യ മഹാദേവ  അയ്യര്‍  ആത്മീയതയുടെ പാതയിലായിരുന്നു. ക്രമേണ സംന്യാസ ജീവിതത്തിലേക്ക് തിരിഞ്ഞ അദ്ദേഹം 1954 ല്‍ ജയേന്ദ്ര സരസ്വതിയായി.  സ്വാമി ചന്ദ്രശേഖരാനന്ദ സരസ്വതിയുടെ ശിഷ്യനും പിന്‍ഗാമിയുമായിരുന്നു. അദ്ദേഹത്തിന്റെ സമാധിക്കു ശേഷം ജയേന്ദ്ര സരസ്വതി മഠാധിപതിയായി.  ദീര്‍ഘകാലം  കാഞ്ചി പരമാചാര്യനായിരുന്ന അദ്ദേഹം അല്പകാലം മുന്‍പാണ് വിജയേന്ദ്ര സരസ്വതിയെ  എഴുപതാമത് മഠാധിപതിയായി അവരോധിച്ചത്. 

 മഠത്തിന്റെ വക വരദരാജ പെരുമാള്‍ ക്ഷേത്രത്തിലെ അക്കൗണ്ടന്റായിരുന്ന  ശങ്കരരാമന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെയും വിജയേന്ദ്രയേയും മറ്റ് 22 പേരെയും 2004 ദീപാവലി ദിവസം അറസ്റ്റ് ചെയ്‌തെങ്കിലും 2013ല്‍ കോടതി സ്വാമിമാരെ   പൂര്‍ണ്ണമായും കുറ്റവിമുക്തരാക്കിയതോടെ അവരുടെ ആധ്യാത്മിക ശോഭ വര്‍ദ്ധിക്കുകയാണ് ഉണ്ടായത്. 

സമാധിയിരുത്തൽ നാളെ

സ്വാമി ജയേന്ദ്ര സരസ്വതിയുടെ ഭൗതിക ശരീരം ഇന്ന് രാവിലെ ഏഴു മണിവരെ കാഞ്ചി മഠത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന്  8ന് മഠത്തില്‍ അന്തിമ  ചടങ്ങുകള്‍( വൃന്ദാവന പ്രവേശന കാര്യക്രമം) തുടങ്ങും.  ഗുരുഭൂതന്‍ ചന്ദ്രശേഖരേന്ദ്ര സരസ്വതിയുടെ സമാധിക്കരികിലാകും  ജയേന്ദ്ര സരസ്വതിയേയും മഹാസമാധിയിരുത്തുക.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.