നിലപാട് മാറ്റി സര്‍ക്കാര്‍; നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിച്ചിട്ടില്ല

Wednesday 28 February 2018 12:16 pm IST
"undefined"

തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളി കേസ് പിന്‍വലിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍. തിരുവനന്തപുരം സിജെഎം കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. കേസ് പിന്‍വലിച്ചുകൊണ്ട് ഉത്തരവിറക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും അത്തരത്തിലൊരു അനുമതി കോടതിയെ അറിയിക്കുക മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. കേസ് പിന്‍വലിച്ച് ഉത്തരവിറക്കുകയോ അത്തരത്തിലുള്ള നടപടിക്രമങ്ങള്‍ക്ക് കടക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ അറിയിച്ചത്.

കേസ് പിന്‍വലിക്കുന്നതിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോടതിയില്‍ തടസ വാദം ഉന്നയിക്കുമെന്ന് തീരുമാനിച്ചതോടെയാണിത്. ഹൈക്കോടതിയില്‍നിന്ന് ഷുഹൈബ് വധക്കേസില്‍ കണക്കിന് വിമര്‍ശനം കിട്ടിയതും കാരണമായി പറയുന്നു. 

2015 മാര്‍ച്ച് 13നാണ് കേസിനാസ്പദമായ സംഭവം. ബാര്‍ കോഴകേസില്‍ ആരോപണവിധേയനായ മന്ത്രി കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ രണ്ട് ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ശിവന്‍കുട്ടിയ്ക്ക് പുറമെ ഇപി ജയരാജന്‍, കെടി ജലീല്‍, കെ അജിത്, കെ കുഞ്ഞഹമ്മദ്, എന്നിവരാണ് പ്രതിസ്ഥാനത്ത്.

കെഎം മാണിയുടെ ബജറ്റ് അവതരണത്തിനിടെ നിയമസഭയില്‍ നടന്ന കയ്യാങ്കളി കേസ് പിന്‍വലിച്ചുകൊണ്ട് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് വി ശിവന്‍കുട്ടി സര്‍ക്കാരിന് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.