എലിക്കാട്ടൂര്‍ പാലം ഓണസമ്മാനമെന്ന് എംഎല്‍എ

Wednesday 28 February 2018 3:23 pm IST

പത്തനാപുരം: പിറവന്തൂര്‍, വിളക്കുടി പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് കല്ലടയാറിന് കുറുകെയുളള എലിക്കാട്ടൂര്‍ പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. യുദ്ധകാലാടിസ്ഥാനത്തിലാണ് നിര്‍മ്മാണപ്രവര്‍ത്തികള്‍ നടന്നുവരുന്നത്. പാലത്തിന്റെ കോണ്‍ക്രീറ്റാണ് നടന്നുവരുന്നത്. മലയോര ജനതക്കുളള ഓണസമ്മാനമാണ് എലിക്കാട്ടൂര്‍ പാലമെന്ന് സ്ഥലം സന്ദര്‍ശിച്ച കെ.ബി.ഗണഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു.

വിളക്കുടി പഞ്ചായത്തിലെ കാര്യറ സര്‍ക്കാര്‍മുക്കിനെയും പിറവന്തൂര്‍ പഞ്ചായത്തിലെ എലിക്കാട്ടൂര്‍ ക്ഷേത്രം ജംഗ്ഷനെയും തമ്മില്‍ ബന്ധിപ്പിച്ചാണ് പാലം നിര്‍മിക്കുന്നത്. 5.17 കോടി രൂപയാണ് പദ്ധതിവിഹിതം. പാലം നിര്‍മാണത്തിനായി നബാര്‍ഡില്‍ നിന്നുമാണ് തുക അനുവദിച്ചത്. അപ്രോച്ച് റോഡുകളുടെ നിര്‍മാണം വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൂര്‍ത്തിയായതാണ്. പാലം യാഥാര്‍ഥ്യമാകുന്നതോടെ എലിക്കാട്ടൂര്‍, കമുകുംചേരി പ്രദേശത്തുള്ളവര്‍ക്ക് പുനലൂരിലേക്ക് എത്തിച്ചേരുക എളുപ്പമാകും. നിലവില്‍ ഇരുകരകളിലേക്കും എത്താനുള്ള ഏകമാര്‍ഗം കടത്തുവള്ളമാണ്. മഴക്കാലത്തും മറ്റും നീരൊഴുക്ക് വര്‍ധിക്കുന്നതോടെ ദിവസേന നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന കടത്ത് നിലയ്ക്കും. അതോടെ മറുകരയെത്താന്‍ 20 കിലോമീറ്ററിലധികം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്. നിലവില്‍ കിഴക്കന്‍ മേഖലയിലെ ഏക കടത്തും ഇവിടെയാണ്. പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ മലയോര ജനതയുടെ ഏറെ നാളത്തെ ആവശ്യമാണ് സാക്ഷാല്‍ക്കരിക്കുന്നത്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയുമായി നാട്ടുകാരും ഒപ്പമുണ്ട്. പൊതുമരാമത്ത് ഉദ്ധ്യോഗസ്ഥരായ ജലജ,'ഭാമ നിര്‍മ്മാണ കമ്മറ്റി പ്രസിഡന്റ് പിറവന്തൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവരും പാലം സന്ദര്‍ശിക്കാന്‍ എംഎല്‍എയുടെ ഒപ്പമുണ്ടായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.