ബേഡകം വിഭാഗീയത: സിപിഎം ചെകുത്താനും കടലിനും നടുക്ക്‌

Sunday 4 November 2012 10:42 pm IST

കാസര്‍കോട്‌: കാസര്‍കോട്‌ ജില്ലയിലെ മാര്‍ക്സിസ്റ്റ്‌ കോട്ടകളിലൊന്നായ ബേഡകം കുറ്റിക്കോല്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ബേഡകം ഏരിയയില്‍ ഉണ്ടായ വിഭാഗീയ പ്രവണതകള്‍ മാര്‍ക്സിസ്റ്റ്‌ നേതൃത്വത്തെ ചെകുത്താനും കടലിനുമിടയില്‍ കൊണ്ടെത്തിച്ചിരിക്കുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വം എടുക്കുന്ന ഓരോ തീരുമാനങ്ങളും കൂടുതല്‍ കൂടുതല്‍ വിവാദങ്ങളിലേക്കും സംഘര്‍ഷങ്ങളിലേക്കും വഴിവയ്ക്കുകയാണ്‌. കഴിഞ്ഞ ദിവസം കുറ്റിക്കോലില്‍ വിളിച്ചു ചേര്‍ത്ത ബേഡകം ഏരിയാ കമ്മിറ്റി ക്വാറം തികയാത്തതിനെ തുടര്‍ന്ന്‌ നടന്നില്ല. ഇതുകാരണം വീണ്ടും യോഗം ചേരാന്‍ നിശ്ചയിച്ച്‌ നേതാക്കള്‍ക്ക്‌ സ്ഥലം വിടേണ്ടിവന്നു. ഏരിയാ കമ്മറ്റിയിലേക്ക്‌ കഴിഞ്ഞതവണ മത്സരിച്ച്‌ ജയിച്ച 16 പേരും ഏരിയാ സെക്രട്ടറി സി ബാലനുമുള്‍പ്പെടെ 17 പേരാണ്‌ ഉള്ളത്‌. കഴിഞ്ഞതവണ ഏരിയാ കമ്മറ്റിയിലേക്ക്‌ മത്സരിച്ച്‌ തോറ്റ 5 പേരെ ഒരുമാസം മുമ്പ്‌ കാഞ്ഞങ്ങാട്‌ ചേര്‍ന്ന ജില്ലാ കമ്മറ്റി ഏരിയാ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തുന്നതിന്‌ തീരുമാനിച്ചിരുന്നു. കൂടാതെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തടയിടുന്നതിന്റെ ഭാഗമായി കഴിഞ്ഞ തവണ തിരഞ്ഞെടുക്കപ്പെട്ട ഏരിയാ സെക്രട്ടറി സി ബാലനെ മാറ്റി പകരം ജില്ലാ കമ്മറ്റി തീരുമാനിക്കുന്ന ആളെ ഏരിയാ സെക്രട്ടറിയാക്കുന്നതിനും തീരുമാനിച്ചിരുന്നു. ഈ തീരുമാനങ്ങളാണ്‌ ഇപ്പോള്‍ പുലിവാലായിരിക്കുന്നത്‌. ഏരിയാ സെക്രട്ടറിയെ മാറ്റാന്‍ തീരുമാനിച്ചതിനാല്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ ഏരിയാ സെക്രട്ടറി സി ബാലന്‍ പങ്കെടുത്തില്ല. സെക്രട്ടറിയുടെ കൂടെ ഏരിയാ കമ്മറ്റിയിലേക്ക്‌ വിജയിച്ചു വന്ന 11 പേരും യോഗം ബഹിഷ്ക്കരിക്കുകയും ചെയ്തു. ഇതോടെ ക്വാറം തികയാത്തതിനാലാണ്‌ ഏരിയാ കമ്മറ്റി മാറ്റിയത്‌. യോഗത്തില്‍ പങ്കെടുക്കുന്നതിന്‌ വേണ്ടി കുറ്റിക്കോലില്‍ എത്തിച്ചേര്‍ന്ന കേന്ദ്ര കമ്മറ്റിയംഗവും കാസര്‍കോട്‌ എം പിയുമായ പി കരുണാകരന്‍, കാസര്‍കോട്‌ ജില്ലാ സെക്രട്ടറി കെ പി സതീഷ്‌ ചന്ദ്രന്‍, സിഐടിയു ജില്ലാ പ്രസിഡണ്ട്‌ നിയുക്ത കുറ്റിക്കോല്‍ ഏരിയാ സെക്രട്ടറിയുമായ കെ ബാലകൃഷ്ണന്‍, മുന്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, മുന്‍ കണ്‍സ്യൂമര്‍ഫെഡ്‌ പ്രസിഡണ്ട്‌ എ കെ നാരായണന്‍, എം രാജഗോപാല്‍, എം വി കോമന്‍നമ്പ്യാര്‍, എക്സ്‌ എം എല്‍എ സി എച്ച്‌ കുഞ്ഞമ്പു എന്നിവരെല്ലാം തിരിച്ചു പോകുകയായിരുന്നു. സിഐടിയു മുന്‍ ജില്ലാ സെക്രട്ടറി പി രാഘവന്‍, യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നില്ല. എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട്‌ വീണ്ടും ഏരിയാ കമ്മറ്റിയും അതിന്‌ ശേഷം കുറ്റിക്കോല്‍ ലോക്കല്‍ കമ്മറ്റിയും വിളിച്ചു ചേര്‍ക്കാനാണ്‌ നേതൃത്വത്തിന്റെ തീരുമാനമെങ്കിലും എത്രത്തോളം നടപ്പിലാകുമെന്ന്‌ കണ്ടുതന്നെ അറിയണം. ഏരിയാ കമ്മറ്റി സെക്രട്ടറിയായിരുന്ന സി ബാലനെ വീണ്ടും ചുമതല ഏല്‍പ്പിക്കുകയും ഏരിയാ കമ്മറ്റിയിലേക്ക്‌ മത്സരിച്ച്‌ തോറ്റ ആളുകളെ കമ്മറ്റിയില്‍ നിന്ന്‌ ഒഴിവാക്കുകയും ചെയ്താല്‍ മാത്രമെ ഏരിയാ കമ്മറ്റിയുമായി സഹകരിക്കാന്‍ പറ്റൂ എന്ന ഉറച്ച നിലപാടിലാണ്‌ ഒരു വിഭാഗമുള്ളത്‌. കഴിഞ്ഞ സിപിഎം ജില്ലാ സമിതി കുറ്റിക്കോല്‍ പഞ്ചായത്ത്‌ പ്രസിഡണ്ടും മുന്‍ ഏരിയാ കമ്മറ്റിസെക്രട്ടറിയുമായിരുന്ന പി ഗോപാലന്‍ മാസ്റ്ററെയും മുന്‍ ബേഡഡുക്ക പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ കെ പി രാമചന്ദ്രനെയും ശാസിക്കാന്‍ തീരുമാനിച്ചതും പാര്‍ട്ടിക്ക്‌ മറ്റൊരു പുലിവാലായി കിടക്കുകയാണ്‌. ബേഡഡുക്കയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാനും ബഹുജന സംഘടനയാക്കി മാറ്റാനും പ്രവര്‍ത്തിച്ച ഗോപാലന്‍ മാസ്റ്ററെ പോലുള്ള ഒരാളെ മാസങ്ങളായി പാര്‍ട്ടി നേതൃത്വം വേട്ടയാടുന്നതില്‍ വലിയൊരു വിഭാഗം പാര്‍ട്ടിക്കാര്‍ക്ക്‌ അമര്‍ഷമുണ്ട്‌. ഇത്തരത്തിലുള്ള അമര്‍ഷങ്ങളാണ്‌ പാര്‍ട്ടിക്കൊടി മരങ്ങളില്‍ കരിങ്കൊടി ഉയര്‍ത്താനും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ താമസിച്ച കുറ്റിക്കോലിലെ രാഘവന്‍ മാസ്റ്ററുടെ വീടിന്റെ മതിലിന്‌ കരിഓയില്‍ പൂശാനം പ്രചോദനമായത്‌. അതുകൊണ്ട്‌ പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങളില്‍ മാറ്റം വരുത്താത്തിടത്തോളം കാലം അണികളുടെ നിലപാടുകളില്‍ മാറ്റമുണ്ടാകുവാന്‍ പ്രയാസമാണ്‌. ഒഞ്ചിയത്തിനും ഷൊര്‍ണ്ണൂരിലും മുണ്ടൂരിനും പിറകെ ബേഡകവും മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി നിര്‍ണ്ണായകമായ പ്രതിസന്ധി നേരിട്ടു കൊണ്ടിരിക്കുകയാണ്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.