മലയാളി പുരോഹിതന്റെ അനധികൃത വൃദ്ധസദനത്തില്‍ ഒരു മാസത്തിനിടെ മരിച്ചത് 60 പേര്‍

Wednesday 28 February 2018 4:34 pm IST
"undefined"

കാഞ്ചീപുരം: കൊച്ചി സ്വദേശി ഫാ. തോമസ് കാഞ്ചീപുരത്ത് നടത്തി വന്ന വൃദ്ധസദനം അധികൃതര്‍ പൂട്ടിച്ചു. അനധികൃത വൃദ്ധസദനത്തില്‍ ഒരു മാസത്തിനിടെ 60 പേര്‍ മരിച്ചെന്നും അവയവ വ്യാപാരം നടത്തുകയായിരുന്നുവെന്നുമുള്ള ആരോപണത്തെ തുടര്‍ന്ന് അന്വേഷണം നടത്തിയാണ് സ്ഥാപനം പൂട്ടിച്ചത്. സെന്റ് ജോസഫ്‌സ് കോണ്‍വെന്റാണ് പൂട്ടിയത്. കാലാവധി കഴിഞ്ഞ ലൈസന്‍സുമായാണ് ഇത് പ്രവര്‍ത്തിച്ചിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. അവയവ വില്പ്പനയും എല്ലുകയറ്റുമതിയുമാണ് ഇവിടെ നടക്കുന്നതെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.

2011ല്‍ പാലേശ്വരത്ത് തുടങ്ങിയതാണ് സ്ഥാപനം. മറ്റുള്ളരില്‍ നിന്ന് ഒറ്റപ്പെട്ടാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്. നാട്ടുകാര്‍ അവിടേക്ക് പോകാറില്ല.അന്തേവാസികളെ പുറത്തുവിടാറുമില്ല.  വഴിയരികില്‍ നിന്നും  റെയില്‍വേ സ്‌റ്റേഷനുകളില്‍ നിന്നും കണ്ടെത്തുന്ന അഗതികളാണ് ഇവിടുള്ളതെന്നാണ് ഫാ. തോമസ് പറയുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ നടത്തുന്നിടത്തുനിന്നാണ് തങ്ങളെ പിടിച്ചുകൊണ്ടുവന്നതെന്ന് ചില അന്തേവാസികള്‍ പറയുന്നു. ഒഡീഷ സ്വദേശി 35 കാരനായ മാധവന്‍ വീണ് കാലിന് പരിക്കേറ്റതിനെത്തുടര്‍ന്ന് റോയപ്പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.  കാല്‍ ദേദമാകുന്നതുവരെ താമസിപ്പിക്കാമെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുവന്നതായിരുന്നു തന്നെ. മാധവന്‍ പറഞ്ഞു. ഇവിടെ വന്നിട്ട് രണ്ടു മാസമായി. ഇതിനിടയ്ക്ക് നൂറോളം പേര്‍  ഇവിടെ മരണമടഞ്ഞു.

അന്തേവാസികളില്‍ പലരും മാനസികപ്രശ്‌നമുള്ളവരാണ്. അതിനാല്‍ ചുറ്റും എന്താണ് നടക്കുന്നതെന്നു പോലും പലര്‍ക്കും അറിയില്ല. 315 പേര്‍ ഉണ്ടെന്നാണ്  ഫാ, തോമസ് പറഞ്ഞതെങ്കിലും 255 പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. മരണ സംഖ്യ കൂടിയതിനാല്‍ വലിയ ശവക്കല്ലറ ഉണ്ടാക്കാന്‍ ഒരുങ്ങുകയാണ് ഫാ, തോമസ്. ജനുവരിയില്‍ മാത്രം 60 പേരാണ് എവിടെ മരിച്ചത്. പക്ഷെ ഇതു സംബന്ധിച്ച് ഒരു രേഖയും ഇവിടെയില്ല. പല തവണ പരാതി നല്‍കിയിട്ടും  അധികൃതര്‍ സ്ഥാപനത്തിനെതിരെ മുന്‍പ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

ദിവസങ്ങള്‍ക്കു മുന്‍പ്  പച്ചക്കറിയുമായി പോയ വൃദ്ധസദനത്തിന്റെ  വാനില്‍ നിന്ന് നിലവിളി കേട്ട് സംശയം താന്നിയ നാട്ടുകാര്‍ വാന്‍ തടഞ്ഞു. പച്ചക്കറിക്കൊപ്പം രണ്ട് വൃദ്ധരെയും  പൊതിഞ്ഞ് ഭദ്രമായി പച്ചക്കറികള്‍ക്കിടയില്‍ ഒളിപ്പിച്ച മൃതദേഹവുമാണ് അവര്‍ കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തിയപ്പോള്‍ വാനിലുണ്ടായിരുന്ന രണ്ടു പേര്‍  വൃദ്ധസദനത്തിലെ അന്തേവാസികളാണെന്ന് കണ്ടെത്തി. തങ്ങളുടെ  ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് ഇവിടെ പാര്‍പ്പിച്ചതെന്ന് അവര്‍ പോലീസിനോട് പറഞ്ഞു.  അന്തേവാസികളെ മാറ്റിപ്പാര്‍പ്പിച്ച ശേഷമാണ് വൃദ്ധസദനം പൂട്ടിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.