സുഗതന്റെ മരണം: സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കി എഐവൈഎഫ്

Thursday 1 March 2018 2:12 am IST

കൊല്ലം: വിളക്കുടിയില്‍ പ്രവാസിയായ സുഗതന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സിപിഎമ്മിനെയും പ്രതിക്കൂട്ടില്‍ എത്തിക്കാന്‍ സിപിഐയുടെ യുവജനസംഘടനയായ എഐവൈഎഫ് നീക്കം. ഏത് വിധേനയും പാര്‍ട്ടിയെയും സംഘടനയെയും മരണത്തിന്റെ പാപഭാരത്തില്‍ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. 

മാതൃസംഘടനയായ സിപിഐയുടെ അഖിലേന്ത്യസമ്മേളനം അടുത്തമാസം കൊല്ലത്ത് നടക്കുന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടിക്ക് ഉണ്ടാകുന്ന ചെറിയ പോറല്‍ പോലും പ്രതിനിധി സമ്മേളനത്തില്‍ വലിയ ഒച്ചപ്പാടിന് ഇടയാക്കുമെന്ന ബോധ്യമാണ് യുവജന വിഭാഗത്തിനെ ഇതിന് പ്രേരിപ്പിച്ചത്.

സുഗതന്റെ മരണത്തിന് ഉത്തരവാദികളായവര്‍ സിപിഎം ഭരിക്കുന്ന പഞ്ചായത്തിന്റെ പ്രസിഡന്റും സെക്രട്ടറിയുമാണെന്ന വാദവുമായാണ് എഐവൈഎഫ് രംഗത്ത് വന്നത്. വര്‍ക്‌ഷോപ്പ് തുടങ്ങാനായി മൂന്ന് ലക്ഷം രൂപ ചിലവഴിച്ചതായാണ് സുഗതന്‍ പറഞ്ഞത്. ഷീറ്റ് മേഞ്ഞ ഷെഡ് പരിശോധിച്ചാല്‍ അരലക്ഷം രൂപയാകില്ലെന്ന് മനസിലാകും. ബാക്കി തുക സിപിഎം പ്രാദേശികനേതാക്കള്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും പങ്കിട്ടുനല്‍കിയതാണോ എന്ന് തങ്ങള്‍ക്ക് സംശയമുണ്ടെന്ന്  ജില്ലാപ്രസിഡന്റ് എസ്. വിനോദും കുന്നിക്കോട് മണ്ഡലം സെക്രട്ടറി എം. മഹേഷും ആരോപിച്ചു. 

സുഗതന്റെ മരണം ദൗര്‍ഭാഗ്യകരമാണ്. നീര്‍ത്തട സംരക്ഷണത്തിനായി കൊടി കുത്തിയതിന്റെ പേരില്‍ തങ്ങളുടെ സംഘടനയെ വേട്ടയാടുവാനാണ് നീക്കം. സിപിഎം പ്രാദേശികനേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് തങ്ങളുടെ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന വാദമാണ് എഐവൈഎഫ് ഉയര്‍ത്തുന്നത്. 

ഒന്നര പതിറ്റാണ്ടായി സിപിഎമ്മാണ് വിളക്കുടി പഞ്ചായത്ത് ഭരിക്കുന്നത്. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണനിയമം അനുസരിച്ച് നികത്തിയ വയല്‍ സംരക്ഷിക്കാനാണ് കൊടികുത്തിയതെന്നും ഇതിപ്പോള്‍ സുഗതന്റെ മരണത്തിന്റെ പേരില്‍ വേട്ടയാടാന്‍ വിനിയോഗിക്കുകയാണെന്നും അവര്‍ പറയുന്നു. സുഗതന്റെ ആത്മഹത്യക്ക് പിന്നിലെ  വസ്തുതകള്‍ വെളിപ്പെടാനായി ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടും. വ്യക്തിപരമായി സുഗതനെതിരെ ഒരു പോസ്റ്റര്‍ പോലും പതിപ്പിച്ചിട്ടില്ല.

യാതൊരു നിര്‍മാണപ്രവര്‍ത്തനവും നടത്താനാകാത്ത ഭൂമിയില്‍ വര്‍ക്‌ഷോപ്പ് നടത്താന്‍ ബോധപൂര്‍വം അനുവാദം നല്‍കിയ സിപിഎം പ്രതിനിധിയായ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും സുഗതനെ ചതിക്കുഴിയില്‍ പെടുത്തുകയായിരുന്നുവെന്നും അവരാണ് ദാരുണാന്ത്യത്തിന് കാരണക്കാരെന്നും നേതാക്കള്‍ ആരോപിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.