അച്ഛന്റെ മറവില്‍ ക്രമക്കേട്; മകന്‍ കുടുങ്ങി

Thursday 1 March 2018 2:02 am IST
"undefined"

ന്യൂദല്‍ഹി; ഐഎന്‍എക്‌സ് മീഡിയ കേസില്‍ കാര്‍ത്തി അറസ്റ്റിലായതോടെ വലിയൊരു അഴിമതിക്കേസാണ് അവസാനഘട്ടത്തിലേക്ക് നീങ്ങുന്നത്. ചാനല്‍ചക്രവര്‍ത്തി പീറ്റര്‍ മുഖര്‍ജിയും ഭാര്യ ഇന്ദ്രാണിയും ചേര്‍ന്ന് ആരംഭിച്ചതാണ് ഐഎന്‍എക്‌സ് മീഡിയ. ഇതിന് വേണ്ടി വിദേശ മൂലധനം സംഭരിക്കാന്‍ ശ്രമം തുടങ്ങിയതോടെയാണ് ക്രമക്കേടും തുടങ്ങിയത്.

2008ല്‍ മൂന്ന് മൗറീഷ്യന്‍ കമ്പനികള്‍ 305 കോടി രൂപയാണ് ഐഎന്‍എക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡില്‍ നിക്ഷേപിച്ചത്.  പിന്നീട് ഇതു കണ്ടെത്തിയ  എന്‍ഫോഴ്‌സ്‌മെന്റ് വിദേശ നാണയ കൈകാര്യ നിയമപ്രകാരം കേസ് എടുക്കുകയായിരുന്നു.

കമ്പനിക്ക് വിദേശ മൂലധനം സ്വീകരിക്കാന്‍ 2007 മെയ്30നാണ്  അനുമതി ലഭിച്ചത്. അന്ന് പി. ചിദംബരമാണ് കേന്ദ്രധനമന്ത്രി. 4.62 കോടി ശേഖരിക്കാനാണ് വിദേശ നിക്ഷേപ പ്രോല്‍സാഹന ബോര്‍ഡ് അനുമതി നല്‍കിയത്. പക്ഷെ ചട്ടം ലംഘിച്ചത് അവര്‍ നേടിയത് 305 കോടി. കാര്‍ത്തി, ചിദംബരത്തില്‍ സ്വാധീനം ചെലുത്തിയാണ് അനുമതി നേടിയെടുത്തത്തത്. ഇതിന് കാര്‍ത്തിക്ക് കോടികള്‍ പ്രതിഫലവും ലഭിച്ചു.

കേസില്‍ കാര്‍ത്തിയുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും റെയ്ഡ് നടത്തുകയും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കാര്‍ത്തി നേരിട്ട് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് സമന്‍സ് അയച്ചെങ്കിലും  ഹാജരായില്ല. സമന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കാര്‍ത്തി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളുകയും ചെയ്തിരുന്നു.

അതിനിടെ ഇന്നലെ രാവിലെ ദല്‍ഹി പാട്യാല ഹൗസ് സിബിഐ കോടതിയില്‍ ഹാജരാക്കിയ കാര്‍ത്തിയെ 15 ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു നല്‍കി. ഈ ദിവസങ്ങളില്‍ സിബിഐ കാര്‍ത്തിയുമായി തെളിവെടുപ്പ് നടത്തും, വിശദമായി ചോദ്യം ചെയ്യും.

കേസ് ഇനി ചിദംബരത്തിലേക്ക്: ഡോ. സ്വാമി

ന്യൂദല്‍ഹി;   അഴിമതി കേസ് ഇനി കാര്‍ത്തിയുടെ പിതാവും പഴയ ധനമന്ത്രിയുമായ പി. ചിദംബരത്തിലേക്ക് തിരിയുമെന്ന് ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യന്‍ സ്വാമി. ഇനി കേസില്‍ ചിദംബരം പിടിയിലാകും. അദ്ദേഹം വാര്‍ത്താ ലേഖകരോട് പറഞ്ഞു. കാര്‍ത്തിയുടെ പുറത്തുവന്ന കുറ്റകൃത്യങ്ങള്‍ എല്ലാം പി. ചിദംബരത്തിന്റെയും അന്നത്തെ വിദേശ നിക്ഷേപ പ്രോല്‍സാഹന ബോര്‍ഡിന്റെയും തീരുമാനങ്ങളുടെ ഫലമായി ഉണ്ടായതാണ്. ചിദംബരത്തിന്റെ അഴിമതി നിറഞ്ഞ നടപടികളുടെയെല്ലാം ഗുണം ലഭിച്ചത് കാര്‍ത്തിക്കാണ്. അദ്ദേഹം പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.