കമാന്‍ഡന്റിന്റെ കൈയില്‍ നിന്ന് അരക്കോടി; അന്വേഷം സിബിഐക്കും എന്‍ഐഎക്കും

Thursday 1 March 2018 2:45 am IST
"undefined"

കൊച്ചി : ബിഎസ്എഫ് കമാന്‍ഡന്റായ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ജിബു ഡി മാത്യുവിന്റെ പക്കല്‍ നിന്ന് 45.30 ലക്ഷം രൂപ പിടികൂടിയ കേസില്‍ എന്‍ഐഎയുമായി ചേര്‍ന്ന് സിബിഐ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.  കേസില്‍ ജാമ്യം തേടി ജിബു നല്‍കിയ ഹര്‍ജി തള്ളിയാണ് ഹൈക്കോടതിയുടെ ഉത്തരവ്.  

ഇന്ത്യ - ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ജോലി നോക്കുന്ന ജിബു ഷാലിമാര്‍ എക്സ്പ്രസില്‍ നാട്ടിലേക്ക് വരുമ്പോള്‍ ജനുവരി 30ന് വൈകിട്ട് ആലപ്പുഴ റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് സിബിഐ അറസ്റ്റ് ചെയ്തത്. 45.30 ലക്ഷം രൂപ കണ്ടെടുത്തതോടെ അഴിമതി നിരോധന നിയമപ്രകാരമുള്ള കേസും രജിസ്റ്റര്‍ ചെയ്തു. പശ്ചിമബംഗാള്‍ 83-ാം ബറ്റാലിയനില്‍ ഉള്‍പ്പെട്ട ജിബു അതിര്‍ത്തി സംരക്ഷണ ഡ്യൂട്ടിക്കിടെ കള്ളക്കടത്തുകാരെ അതിര്‍ത്തി കടന്ന് പോകാന്‍ അനുവദിച്ചതിനെത്തുടര്‍ന്ന് ലഭിച്ച കോഴപ്പണമാണ് പിടികൂടിയതെന്ന് സിബിഐയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. രാജ്യാന്തര കള്ളക്കടത്തുകാരനായ ബിഷു ഷേക്കിനു വേണ്ടി കന്നുകാലികളും ലഹരിമരുന്നും കടത്താന്‍ ജിബു സഹായം നല്‍കിയെന്ന് സിബിഐ ആരോപിച്ചു.

കന്നുകാലികളെ വാങ്ങി ഇവയുടെ മറവില്‍ ഹവാലാപ്പണം കടത്തുന്നതാണ് ബിഷു ഷേക്ക് ചെയ്യുന്നത്. ഇയാളുടേതടക്കം ബംഗ്ലാദേശിലെ നിരവധി ഫോണ്‍ നമ്പരുകള്‍ ജിബുവിന്റെ ഫോണില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന കാര്യം എന്‍ഐഎയുടെ സഹായത്തോടെ അന്വേഷിക്കേണ്ടതുണ്ടെന്നും സിബിഐ അഭിഭാഷകന്‍ വിശദീകരിച്ചു. അതേസമയം തനിക്ക് ഇത്രയും പണം എങ്ങനെ ലഭിച്ചെന്ന് ഹര്‍ജിക്കാരന്‍ പറയുന്നില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 

തീവ്രവാദത്തെ സഹായിക്കുന്നതിലൂടെ ഹര്‍ജിക്കാരന്‍ നമ്മുടെ രാജ്യത്തെ വഞ്ചിച്ചോയെന്ന് കണ്ടെത്തണം. ഇതിനു എന്‍ഐഎയുമായി ചേര്‍ന്നുള്ള അന്വേഷണം അനിവാര്യമാണ് -ഹൈക്കോടതി അഭിപ്രായപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.