പത്താംതരം തുല്ല്യതാ പരീക്ഷ: സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതില്‍ അധികൃതര്‍ക്ക് അലംഭാവം

Wednesday 28 February 2018 7:19 pm IST

 

കണ്ണൂര്‍: പത്താംതരം തുല്ല്യതാ പരീക്ഷയെഴുതി വിജയികളായ പരീക്ഷാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതില്‍ അധികൃതര്‍ക്ക് അലംഭാവം. പരീക്ഷാഫലം പ്രസിദ്ധീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാത്തത് തുല്ല്യതാ പരീക്ഷയെഴുതി വിജയികളായവരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ഡ്രൈവിങ് ബാഡ്ജ് ഉള്‍പ്പടെ വിവിധങ്ങളായ ആവശ്യങ്ങള്‍ക്കാണ് നിരവധിയാളുകള്‍ തുല്ല്യതാപരീക്ഷയെഴുതുന്നത്. എന്നാല്‍ തുല്ല്യതാ പരീക്ഷയുമായി ബന്ധപ്പെട്ട് ഗുരുതരമായ വീഴ്ചയാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവുന്നതെന്നാണ് പരീക്ഷയെഴുതുന്നവര്‍ പറയുന്നത്. കഴിഞ്ഞ തവണത്തെ ഉത്തരപ്പേപ്പര്‍ മൂല്ല്യനിര്‍ണ്ണയവുമായി ബന്ധപ്പെട്ടുണ്ടായ വീഴ്ചയെത്തുടര്‍ന്ന് ഭൂരിഭാഗം വിദ്യാര്‍ത്ഥികളും തോറ്റതായി പ്രഖ്യാപനമുണ്ടായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളില്‍ നിന്നുണ്ടായ പരാധിയുടെ അടിസ്ഥാനത്തില്‍ നടന്ന പുനര്‍ മൂല്ല്യനിര്‍ണ്ണയത്തെ തുടര്‍ന്നാണ് പലരും വിജയിച്ചത്. 

തുല്ല്യതാ പരീക്ഷയില്‍ പരാജയപ്പെട്ടവര്‍ക്കായി നടത്തിയ സേ പരീക്ഷ കഴിഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇതുവരെയും ഫലം പ്രഖ്യാപിക്കാത്തതിലും പരാതി ഉയര്‍ന്നിട്ടുണ്ട്. സാധാരണയായി സേ പരീക്ഷ കഴിഞ്ഞാല്‍ വേഗത്തില്‍ തന്നെ ഫലം പുറത്തുവിടാറുണ്ട്. മറ്റ് പൊതു പരീക്ഷകളെ അപേക്ഷിച്ച് വളരെ കുറച്ചുപേര്‍ മാത്രമെഴുതുന്ന തുല്ല്യതാ പരീക്ഷയെ അധികൃതര്‍ ലാഘവ ബുദ്ധിയോടെ കാണുന്നതാണ് ഫലം വൈകാന്‍ കാരണമെന്നാണ് വിദ്യാര്‍ത്ഥികല്‍ ആരോപിക്കുന്നത്. തുടര്‍ പഠനത്തിന് തയ്യാറെടുക്കുന്നവരെയാണ് ഇത് ഏറെ ബാധിക്കുക. 

പഠിതാക്കളെ സഹായിക്കുന്നതിന് നല്‍കിവരുന്ന അക്ഷര കൈരളിയുടെ വിതരണത്തില്‍ ഗുരുതരമായ വീഴ്ചയാണ് സംഭവിക്കുന്നത്. കഴിഞ്ഞ വര്‍ഷം തുല്ല്യതാ പരീക്ഷയെഴുതിയതില്‍ ഭൂരിഭാഗം പേര്‍ക്കും അക്ഷര കൈരളി ലഭിച്ചിരുന്നില്ല. ചിലര്‍ക്ക് പരീക്ഷ കഴിഞ്ഞതിന് ശേഷമാണ് ലഭിച്ചതെന്ന ആക്ഷേപവുമുണ്ട്. നൂറ് രൂപ വരിസംഖ്യ ചേര്‍ത്ത് സാക്ഷരതാ പ്രേരകുമാരാണ് അക്ഷര കൈരളിയില്‍ അംഗങ്ങളെ ചേര്‍ക്കുന്നത്. എന്നാല്‍ പഠിതാക്കളില്‍ നിന്ന് തുക കൈപ്പറ്റുമെന്നല്ലാതെ പുസ്തകം വിതരണം ചെയ്യുന്നതില്‍ അധികൃതരുടെ ഭാഗത്തു നിന്ന് ആവശ്യമായ ഗൗരവമുണ്ടാകാറില്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.