കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവത്തിന് തുടക്കമായി

Wednesday 28 February 2018 7:19 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ കലോത്സവത്തിന് തോട്ടട എസ്എന്‍ കോളജില്‍ തുടക്കമായി. ഇന്നലെ രാവിലെ സ്റ്റേജിതര മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം കോളജ് ഓഡിറ്റോറിയത്തില്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പി.വി.ഷാജികുമാര്‍ നിര്‍വഹിച്ചു. ഇന്നലെയും ഇന്നുമായി പത്ത് വേദികളിലായാണ് ഓഫ് സ്റ്റേജ് മത്സരങ്ങള്‍ നടക്കുന്നത്. 

സര്‍വ്വകലാശാലയിലെ 114 കോളജുകളില്‍ നിന്നായി 5552 മത്സരാര്‍ഥികളാണ് വിവിധ കലാപ്രകടനങ്ങളില്‍ പങ്കെടുക്കുന്നത്. ദൃശ്യോത്സവം, നൃത്തോത്സവം, സംഗീതോത്സവം, ചിത്രോത്സവം, സാഹിത്യോത്സവം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായി 120 ഇനങ്ങളിലായിട്ടാണ് മത്സരങ്ങള്‍. മാര്‍ച്ച് 2, 3 ,4 തീയ്യതികളിലായി നടക്കുന്ന സ്റ്റേജ് മത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം രണ്ടിന് വൈകുന്നേരം 4 മണിക്ക് വേദി ഒന്ന് നിശാഗന്ധിയില്‍ നടക്കും. എംപിമാരായ പി.കെ.ശ്രീമതി, കെ.കെ.രാഗേഷ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ മുഖ്യാതിഥിയായി കാളിദാസ് ജയറാം, എബ്രിഡ് ഷൈന്‍ എന്നിവര്‍ പങ്കെടുക്കും. നിശാഗാന്ധി, മയില്‍പീലി, നീര്‍മാതളം, മാക്ബത്ത്, മാമ്പഴം, സ്വരലയ, ഹല്ലാബോല്‍ എന്നീ വേദികളിലാണ് മൂന്ന് ദിവസങ്ങളിലായി മത്സരങ്ങള്‍ നടക്കുന്നത്. 

കലോത്സവത്തിന്റെ സമാപനച്ചടങ്ങ് നാലിന് വൈകുന്നേരം വേദി ഒന്നില്‍ തുറമുഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മുഖ്യാതിഥിയായി ആഷിക്അബു പങ്കെടുക്കും. ടി.വി.രാജേഷ് എംഎല്‍എ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.