65 ലക്ഷം മുടക്കിയ കെട്ടിടം നാശത്തിന്റെ വക്കില്‍

Thursday 1 March 2018 1:19 am IST


ചേര്‍ത്തല:  ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച കെട്ടിടം നാശത്തിന്റെ വക്കില്‍. പണം പോയ വഴിയറിയാതെ അധികാരികള്‍. ശ്രീനാരായണ മെമ്മോറിയല്‍ ഗവ. ബോയ്‌സ് ഹൈസ്‌കൂളില്‍ എ.കെ. ആന്ററണി എംപിയുടെ ആസ്തിവികസന ഫണ്ടില്‍പ്പെടുത്തി 65 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച ഇരുനില കെട്ടിടമാണ് നിര്‍മ്മാണത്തിലെ അശാസ്ത്രീയത മൂലം തകര്‍ച്ചയുടെ വക്കിലായത്. 
  2011 ല്‍ പൂര്‍ത്തിയാക്കിയ കെട്ടിടം വൈദ്യുതീകരിക്കാന്‍ പോലും അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇരുനിലകളിലുമായി എട്ടോളം മുറികളാണ് ഉള്ളത്.
  ഇതില്‍ താഴത്തെ നിലയിലെ ഏതാനും ക്ലാസ്മുറികള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഒന്നാം നിലയിലെ മുറികള്‍ മഴപെയ്താല്‍ ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലാണ്. മേല്‍ക്കൂര ദ്രവിച്ച് കോണ്‍ക്രീറ്റുകള്‍ അടര്‍ന്ന് കമ്പികള്‍ പുറത്തുവന്ന നിലയിലാണ്.
  നിര്‍മ്മാണത്തിലെ അശാസ്ത്രീയത മൂലം ടൈലുകള്‍ പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്ത ഇവിടെയാണ് ഇപ്പോള്‍ നവീകരിച്ച കമ്പ്യൂട്ടര്‍ ലാബ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി പിടിഎയുടെ നേതൃത്വത്തില്‍ നഗരസഭ അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു.
  ഇതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്കായി 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും മഴയ്ക്ക് മുന്‍പ് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കുമെന്നും പിടിഎ പ്രസിഡന്റ് ടി.എസ്. അജയകുമാര്‍ പറഞ്ഞു. കാലപ്പഴക്കത്താല്‍ നാശം നേരിടുന്ന കെട്ടിടങ്ങളാണ് ഇവിടെയുള്ളത്.
  ഇതിനിടെയാണ് ലക്ഷങ്ങള്‍ മടക്കി നിര്‍മ്മിച്ച പുതിയകെട്ടിടവും ബാദ്ധ്യതയായത്. കെട്ടിടത്തിന്റെ നിര്‍മ്മാണത്തിലെ അഴിമതി അന്വേഷിക്കണമെന്നും ആവശ്യത്തിന് നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിക്കാതയാണ് കെട്ടിടം പണിതതെന്നും ആക്ഷേപമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.