സഭയിലെ കയ്യാങ്കളി: കേസ് പിന്‍വലിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറി

Thursday 1 March 2018 2:45 am IST

തിരുവനന്തപുരം:  യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്  നിയമസഭയിലുണ്ടായ കയ്യാങ്കളി കേസ് പിന്‍വലിക്കുന്നതില്‍ നിന്ന്  സര്‍ക്കാര്‍ മലക്കം മറിഞ്ഞു. ഇന്നലെ തിരുവനന്തപുരം സിജെഎം കോടതി കേസ് പരിഗണിച്ചപ്പോഴാണ്  സര്‍ക്കാര്‍ നിലപാട് തിരുത്തിയത്.  

 കേസിലെ പ്രതി മുന്‍ എംഎല്‍എ വി. ശിവന്‍കുട്ടിയുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി കേസ് അവസാനിപ്പിക്കാന്‍ ഈ മാസം ഒമ്പതിന് ഉത്തരവിറക്കിയിരുന്നു.  ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സാമൂഹ്യ പ്രവര്‍ത്തകനായ എം.ടി.തോമസ് തുടങ്ങിയവര്‍ കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ തടസ ഹര്‍ജി സമര്‍പ്പിച്ചപ്പോഴാണു  കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നു സര്‍ക്കാര്‍ അഭിഭാഷക വ്യക്തമാക്കിയത്.

ഇതോടെ   തടസ ഹര്‍ജി കോടതി നിരസിച്ചു. തുടര്‍ന്ന് കേസ് അവസാനിപ്പിക്കുന്നെന്നു സര്‍ക്കാര്‍ അറിയിക്കുമ്പോള്‍ ഹര്‍ജി പരിഗണിച്ചാല്‍ മതിയെന്നു ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പിന്നാലെ,  കേസിലെ പ്രതികളായ ആറ് എല്‍ഡിഎഫ് എംഎല്‍എമാരെയും ഏപ്രില്‍ 21ന് കോടതിയില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കി. 2015ല്‍ അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നതിനിടയിലായിരുന്നു  കയ്യാങ്കളി. 

മാണിയെ തടയാനുള്ള എല്‍ഡിഎഫ് എംഎല്‍മാരുടെ ശ്രമത്തിനിടെ സ്പീക്കറുടെ കസേരയും മൈക്കും കമ്പ്യൂട്ടറും അംഗങ്ങള്‍ തകര്‍ത്തു.  രണ്ടു ലക്ഷം രൂപയുടെ പൊതു മുതല്‍ നശിപ്പിച്ചുവെന്നായിരുന്നു കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.സഭാസമ്മേളനം തടസപ്പെടുത്തുന്നതിനിടെ പൊതുമുതല്‍ നശിപ്പിച്ചതിന് എംഎല്‍എമാരായിരുന്ന വി.ശിവന്‍കുട്ടി, ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, കെ.അജിത്ത്, കെ. കുഞ്ഞഹമ്മദ്, സി.കെ.സദാശിവന്‍ എന്നിവരാണ് പ്രതികള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.