കെഎസ്ആര്‍ടിസി ഡിപ്പോകള്‍ 2,909 കോടി പണയത്തില്‍

Thursday 1 March 2018 2:45 am IST
"undefined"

ആലപ്പുഴ: സംസ്ഥാനത്തെ വിവിധ ഡിപ്പോകള്‍ പണയപ്പെടുത്തി ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് കെഎസ്ആര്‍ടിസി വായ്പയെടുത്തത് 2,909 കോടി രൂപ. ശമ്പളവും, പെന്‍ഷനും നല്‍കുന്നതിനായാണ് ഡിപ്പോകള്‍ പണയപ്പെടുത്തിയത്. സിറ്റി ഗാരേജ്, ട്രാന്‍സ്‌പോര്‍ട്ട് ഭവന്‍, സ്റ്റാഫ് ട്രെയിനിങ് സെന്റര്‍ എന്നിവ ഉള്‍പ്പടെ 32 വസ്തുവകകള്‍ 1,300 കോടി രൂപയ്ക്ക് ഒന്‍പത് ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് പണയപ്പെടുത്തിയിരിക്കുകയാണ്. ആകെ വായ്പയുടെ പലിശത്തുക കൂടി കണക്കാക്കുമ്പോള്‍ കെഎസ്ആര്‍ടിസിയുടെ ബാധ്യത പിന്നെയും വര്‍ധിക്കും.

  കോഴിക്കോട്, എടപ്പാള്‍, ആലുവ, റീജിയണല്‍ വര്‍ക്ക്‌ഷോപ്പുകളും പൊന്നാനി സബ് ഡിപ്പോയും 523 കോടി വായ്പയ്ക്ക് പാലക്കാട് ജില്ലാ സഹകരണ ബാങ്കിനാണ് പണയം നല്‍കിയിട്ടുള്ളത്. എറണാകുളം ബസ് സ്റ്റേഷനും കാരിക്കാമുറി ഡിപ്പോയും 291 കോടിയ്ക്ക് എറണാകുളം ജില്ലാസഹകരണ ബാങ്കിനും, തലശേരി ബസ് സ്റ്റേഷന്‍  100 കോടിയ്ക്ക് കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിനും, പാറശാല ഡിപ്പോയും വൈക്കം ഡിപ്പോയും 25 കോടിയ്ക്ക് ആലപ്പുഴ സഹകരണ ബാങ്കിനും, വെള്ളനാട്, പെരിന്തല്‍മണ്ണ സബ് ഡിപ്പോകളും, പെരുമ്പാവൂര്‍ ഡിപ്പോയും 190 കോടിയ്ക്ക് എസ്ബിടി തിരുവനന്തപുരത്തിനുമാണ് പണയം നല്‍കിയിട്ടുള്ളത്.

 സാമൂഹ്യ പ്രവര്‍ത്തകനായ കാക്കാഴം താഴ്ചയില്‍ നസീറിന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വായ്പയുടെ പലിശയും തിരിച്ചടവുമാണ് കെഎസ്ആര്‍ടിസിക്ക് മാസംതോറുമുള്ള തലവേദന. വായ്പാതിരിച്ചടവ് അടക്കമുള്ള ചിലവുകള്‍ക്കു ശേഷം ശമ്പളം നല്‍കാന്‍ പോലും പണം ഉണ്ടാകാറില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.