വനവാസികള്‍ക്കായി സമരപരമ്പര; കുമ്മനം ഉപവാസം അവസാനിപ്പിച്ചു

Thursday 1 March 2018 2:13 am IST
"undefined"

തിരുവനന്തപുരം: സംസ്ഥാനത്തെ വനവാസി സമൂഹങ്ങള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കുംവരെ വിശ്രമമില്ലെന്ന് പ്രഖ്യാപിച്ച് എന്‍ഡിഎ ചെയര്‍മാന്‍ കുമ്മനം രാജശേഖരന്റെ 24 മണിക്കൂര്‍ ഉപവാസം അവസാനിച്ചു. വനവാസി യുവാവ് മധുവിന്റെ ദാരുണമരണത്തിനിടയാക്കിയ സംഭവത്തില്‍ സര്‍ക്കാരിനുള്ള പങ്കില്‍ പ്രതിഷേധിച്ചായിരുന്നു ഉപവാസം. 

മാര്‍ച്ച് 17 മുതല്‍ 23 വരെ മണ്ഡലാടിസ്ഥാനത്തില്‍ രാപ്പകല്‍ സമരം നടക്കും. തുടര്‍ന്ന് നിയമസഭാ മാര്‍ച്ചും സംഘടിപ്പിക്കും.  എന്‍ഡിഎ ഘടകക്ഷികള്‍ അവരവരുടേതായ നിലയിലും പരിപാടികള്‍ സംഘടിപ്പിക്കും. സി.കെ. ജാനു പാലക്കാട്ട് പട്ടിണി മാര്‍ച്ച് നടത്തും. ഉപവാസസമരം അവസാനിപ്പിച്ചുകൊണ്ട് കുമ്മനം രാജശേഖരന്‍ ഭാവി സമരങ്ങള്‍ വിശദീകരിച്ചു. 

മന്ത്രിഎ.കെ.ബാലന്‍ രാജിവയ്ക്കുക, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ ചിലവഴിച്ചതായി അവകാശപ്പെടുന്ന തുക സംബന്ധിച്ച് ധവളപത്രം പുറത്തിറക്കുക,മധുവിന്റെ കുടുംബത്തിന് അടിയന്തരാശ്വാസമായി 25 ലക്ഷം രൂപ അനുവദിക്കുക, മധുവിന്റെ കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലിനല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഉപവാസം

തിരുവനന്തപുരം ജില്ലയിലെ വിവിധ വനവാസി ഊരുകളില്‍നിന്ന് എത്തിയ മൂപ്പന്‍മാരുടെയും പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലായിരുന്നു കുമ്മനത്തിന്റെ ഉപവാസ സമാപനം. മൂപ്പന്‍ ഉള്‍പ്പെടെയുള്ളവരെ കുമ്മനം ഷാള്‍ അണിയിച്ചു. അഗസ്ത്യര്‍ മലയിലെ മൂപ്പന്‍ ഭഗവാന്‍ കാണി കുമ്മനത്തിനെ ഓലത്തൊപ്പി അണിയിക്കുകയും അമ്പും വില്ലും സമ്മാനിക്കുകയും ചെയ്തു. തുടര്‍ന്ന് നാരങ്ങാനീര് നല്‍കിയതോടെയാണ് ഉപവാസം അവസാനിപ്പിച്ചത്. 

വനവാസികളുടെ പേരില്‍ കണ്ണീര്‍ പൊഴിക്കുന്നതിനപ്പുറം മാറിമാറി വന്ന സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ലായെന്നതിന്റെ വലിയ തെളിവാണ് മധുവിന്റെ മരണം. കോടികളുടെ പദ്ധതി നടപ്പാക്കാന്‍ ചുമതലപ്പെട്ട ഡയറക്ടറുടെ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. ബ്ലോക്ക് പഞ്ചായത്തിന് സെക്രട്ടറിയില്ല. വനവാസികളുടെ ആഹാരം, ചികിത്സ, വീട്, ഭൂമി എന്നിവയ്ക്ക് എല്ലാം പദ്ധതികളും പദവിയും ഉണ്ടെങ്കിലും അര്‍ഹര്‍ക്ക് ലഭിക്കുന്നില്ല. ഇതിന് അറുതി വരണം. അല്ലാതെ വിശ്രമമില്ല. കുമ്മനം പറഞ്ഞു.

ഒ. രാജഗോപാല്‍ എംഎല്‍എ,  അഡ്വ. അയ്യപ്പന്‍പിള്ള, എന്‍ഡിഎ നേതാക്കളായ പി.കെ. കൃഷ്ണദാസ്, ചൂഴാല്‍ നിര്‍മ്മലന്‍, കെ.കെ. പൊന്നപ്പന്‍, വി.വി. രാജേന്ദ്രന്‍, കുരുവിള മാത്യൂസ്, ഗോപകുമാര്‍, സോമശേഖരന്‍നായര്‍, എസ്.സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.