ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ പട്ടികജാതി കുടുംബത്തിന് സിപിഎമ്മുകാരുടെ വധഭീഷണി

Thursday 1 March 2018 2:38 am IST

പിറവം: ഫേസ്ബുക്കില്‍ പ്രചരിച്ച വിവാദ പോസ്റ്റിനെക്കുറിച്ച് പ്രതികരിച്ചതിന് പട്ടികജാതി വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തിന് സിപിഎമ്മുകാരുടെ വധഭീഷണി. വീടിന് പുറത്തിറങ്ങാന്‍ കഴിയാതെ വന്നതോടെ കോളേജ് വിദ്യാര്‍ത്ഥിനിയുടെ പരീക്ഷ മുടങ്ങി. കൂത്താട്ടുകുളം മണിമലക്കുന്ന് കോളേജിലെ ബിഎ വിദ്യാര്‍ത്ഥിനിക്കാണ് പരീക്ഷ മുടങ്ങിയത്.

മണീട് പഞ്ചായത്തിലെ കാരൂര്‍ കാവില്‍ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തെത്തിയാണ് വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ രാത്രിയില്‍ ഇരുപതോളം  സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ഭീഷണി മുഴക്കിയതെന്നാണ്പരാതി. 

ഹൈന്ദവരുടെ ആര്‍ത്തവവിശ്വാസങ്ങള്‍ തെറ്റാണെന്നും ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്നുള്ള ഫേസ്ബുക്ക്  പോസ്റ്റിനെതിരെ എബിവിപി പ്രവര്‍ത്തകയായ വിദ്യാര്‍ത്ഥിനി പ്രതികരിച്ചതാണ് സിപിഎമ്മുകാരെ ചൊടിപ്പിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ വിദ്യാര്‍ത്ഥിനിയുടെ വീടിനുമുന്നില്‍ സംഘം ബൈക്കില്‍ എത്തി അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയുമാണെന്ന് പെണ്‍കുട്ടിയുടെ അമ്മ സുജാത ജന്മഭൂമിയോട് പറഞ്ഞു. വിദ്യാര്‍ത്ഥിനിയുടെ സഹോദരന്‍ ഷരൂപിനെ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തി.

സഹികെട്ട കുടുംബം ബുധനാഴ്ച രാവിലെ പിറവം പോലീസ്‌സ്റ്റേഷനില്‍ പരാതി നല്‍കി. ഏത് രീതിയിലുള്ള അസഭ്യവാക്കാണ് വന്നവര്‍ പറഞ്ഞതെന്ന് പറയാന്‍ പോലീസ് നിര്‍ബന്ധിക്കുകയും എന്തിനാണ് ഫേസ്ബുക്കില്‍ പ്രതികരിക്കാന്‍ പോയതെന്നും പോലീസ് ചോദിക്കുകയും ചെയ്തതായി പെണ്‍കുട്ടി പറഞ്ഞു. 

കാരൂര്‍കാവ്, പേപ്പതി തുടങ്ങിയ സ്ഥലങ്ങളിലുള്ള സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ബിജു, ശരത്കൃഷ്ണന്‍, അനന്തു. പി ഇന്ദു, ജിത്തു റ്റി.എ എന്നിവര്‍ക്കെതിരെയാണ് പിറവം സിഐക്ക് പെണ്‍കുട്ടി പരാതി നല്‍കിയത്.

പട്ടികജാതി കുടുംബത്തിനെതിരെ വധഭീഷണി മുഴക്കിയ സിപിഎമ്മുകാര്‍ക്കെതിരെ പോലീസ് നടപടി സ്വീരിക്കണമെന്ന് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച ബിജെപി പിറവം നിയോജകമണ്ഡലം പ്രസിഡന്റ് എം.എസ്. ശ്രീകുമാര്‍, ജില്ലാ സമതിയംഗം ഷീജ പരമേശ്വരന്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.