ആദിവാസി യുവാവ് ചികിത്സ കിട്ടാതെ മരിച്ച സംഭവം: ബിജെപി ധര്‍ണ നടത്തി

Wednesday 28 February 2018 9:37 pm IST

 

തലശ്ശേരി: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ആദിവാസി ഗൃഹനാഥന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപിയുടെ ആഭിമുഖ്യത്തില്‍ താലൂക്ക് ആശുപത്രിക്ക് മുന്നില്‍ ധര്‍ണ നടത്തി. കൂട്ടുപുഴ പേരട്ട നരിമട കോളനിയിലെ രാജുവാണ് കഴിഞ്ഞദിവസം വെളുപ്പിന് ശ്വാസതടസ്സത്തെത്തുടര്‍ന്ന് മരണപ്പെട്ടത്. 

ആശുപത്രിയിലെ നഴ്‌സുമാരുടെയും ഡോക്ടര്‍മാരുടെയും അനാസ്ഥയാണ് ആദിവാസി യുവാവിന്റെ ജീവനെടുക്കാന്‍ കാരണായത്. മണിക്കൂറുകളോളം ആശുപത്രിയില്‍ കഴിഞ്ഞിട്ടും ശ്വാസതടസ്സം ഏറിയിട്ടും ഒപ്പുമുണ്ടായിരുന്ന ഭാര്യ ബന്ധപ്പെട്ടവരെ പലവട്ടം അറിയിച്ചിട്ടും തിരിഞ്ഞുനോക്കാത്ത അവസ്ഥയാണുണ്ടായത്. ഭാര്യയും പിഞ്ചുമകനും മണിക്കൂറുകളോളമാണ് മൃതദേഹത്തിന് കാവലിരുന്നത്. 

വിവരമറിഞ്ഞ് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശിന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തി. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ആദിവാസിയായ രാജു മരിക്കാന്‍ കാരണമെന്ന് തിരിച്ചറിഞ്ഞ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ആദിവാസിയായ രാജുവിന് ആവശ്യമായ ചികിത്സ നിഷേധിച്ചതിനും മൃതദേഹത്തോട് അനാദരവ് കാട്ടിയതിനും അധികൃതര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ധര്‍ണ്ണാ സമരത്തെ അഭിസംബോധന ചെയ്തു കൊണ്ട് ജില്ലാ പ്രസിഡണ്ട് സത്യപ്രകാശ് ആവശ്യപ്പെട്ടു. 

ജില്ലാ സെക്രട്ടറി എന്‍.ഹരിദാസ്, കെ.ലിജേഷ്, സി.എം.ജിതേഷ്, സ്മിതാ ജയമോഹന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.   

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.