ഉറങ്ങിക്കിടന്ന വീട്ടമ്മമാരുടെ പൊന്നും പണവും മോഷ്ടിച്ചു

Wednesday 28 February 2018 9:37 pm IST

 

തലശ്ശേരി: എടക്കാട് പോലീസ് പരിധിയിലെ കുറ്റിക്കകത്ത് മുഖം മൂടിയിട്ടെത്തിയ പാതിരാ കള്ളന്‍ രണ്ട് വീടുകളിലെ കിടപ്പുമുറിയില്‍ കടന്ന് ഉറങ്ങിക്കിടന്ന വീട്ടമ്മമാരുടെ കഴുത്തില്‍ നിന്ന് ആഭരണങ്ങളും ഭര്‍ത്താക്കന്മാരുടെ കീശയില്‍ നിന്ന് പണവും അടിച്ചുമാറ്റി നാടകീയമായി രക്ഷപ്പെട്ടു  ഇന്നലെ പുലര്‍ച്ചെ 145 നും 3.30 നുമാണ് അടുത്തടുത്ത രണ്ട് വീടുകളില്‍ മീശ മാധവന്‍ മോഡല്‍ മോഷണം നടന്നത്.ആദ്യ മോഷണം കുറ്റിക്കകം തെരുവിലെ ചന്ദ്രന്റെ വീട്ടിലായിരുന്നു. ഇവിടെ അടുക്കള ഭാഗത്തുള്ള ഗ്രില്‍സിന്റെ പുട്ട് പൊട്ടിച്ച് കിടപ്പുമുറിയിലെത്തിയ മോഷ്ടാവ് ചന്ദ്രന്റെ ഭാര്യ ഉഷയുടെ കഴുത്തില്‍ നിന്നും താലിമാല തന്നെയാണ് അടിച്ചു മാറ്റിയത്. ഇതിന് മൂന്ന് പവന്‍ തൂക്കം വരും മാത്രമല്ല ചന്ദ്രനെയും കള്ളന്‍ വിട്ടില്ല. ഇയാളുടെ പഴ്‌സില്‍ നിന്ന് 8000 രൂപയും ഷര്‍ട്ടിന്റെ കീശയില്‍ നിന്ന് 2000 രൂപയും മോഷ്ടിച്ചാണ് പിന്‍ വാങ്ങിയത്.ഇതില്‍ പിന്നീട് തൊട്ടപ്പുറം ദൂരത്തുള്ള മൂസ്സയുടെ റസിയാ മന്‍സിലിലാണ് കടന്നു കയറിയത്.ഇവിടെ കിണറ്റിനോട് തൊട്ടുള്ള കുളിമുറി വാതില്‍ വഴി വലിഞ്ഞുകയറിയ കള്ളന്‍ കിടപ്പുമുറിയില്‍ തന്നെ കടന്ന് മുസ്സയുടെ മകള്‍ റംസീനയുടെ കഴുത്തില്‍ നിന്നും രണ്ടര പവന്റെ സ്വര്‍ണ്ണമാലയും കൂടെ ഉറങ്ങുകയായിരുന്ന കൊച്ചു കുട്ടിയുടെ കഴുത്തില്‍ കിടന്ന ഒരു പവന്‍ മാലയും പൊട്ടിച്ചെടുത്ത് അപ്രത്യക്ഷമായി. ഇവിടെ കറുത്ത് മെലിഞ്ഞ രൂപമാണ് മോഷണം നടത്തിയതെന്ന് ഉറക്കച്ചടവില്‍ വീട്ടുകാര്‍ കണ്ടെത്തി.മുഖം മറച്ചിരുന്നുവത്രെ. രണ്ട് വീട്ടുകാരും എടക്കാട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.