വാട്‌സ് ആാപ്പ് ഗ്രൂപ്പില്‍ കൊലവിളി: അന്വേഷണം തുടങ്ങി

Wednesday 28 February 2018 9:39 pm IST

 

കണ്ണൂര്‍: വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ മാധ്യമ പ്രവര്‍ത്തകയ്ക്കും ഭര്‍ത്താവായ പോലീസുകാരനുമെതിരെ കൊലവിളി നടത്തിയ സംഭവത്തില്‍ ജില്ലാ പോലീസ് മേധാവി അന്വേഷണം തുടങ്ങി. കണ്ണൂര്‍ എആര്‍ ക്യാമ്പിലെ പോലീസുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദമായതോടെ കഴിഞ്ഞ ദിവസം മുതല്‍ അപ്രത്യക്ഷമായി.

എആര്‍ ക്യാമ്പിലെ മൂന്ന് വാട്‌സ് ആപ്പ് ഗ്രൂപ്പുകളാണ് കഴിഞ്ഞ ദിവസം മുതല്‍ അപ്രത്യക്ഷമായത്. ഡ്യൂട്ടി ഫ്രണ്ട്‌സ്, എആര്‍ ഫ്രണ്ട്‌സ്, ഡ്യൂട്ടി ഡീറ്റെയില്‍സ് എന്നീ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയാണ് പോലീസുകാര്‍ കൊലവിളി നടത്തിയത്. കൊലവിളി സന്ദേശങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ജില്ലാ പോലീസ് മേധാവി പോലീസുകാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ഇവ അപ്രത്യക്ഷമായത്. 

ഭരണ സ്വാധീനമുപയോഗിച്ച് സംഭവം തേച്ചുമാച്ചുകളയാനുള്ള ശ്രമങ്ങളും അണിയറയില്‍ നടക്കുന്നുണ്ട്. ഷുഹൈബ് വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നതിന്റെ പേരിലാണ് ടെലിവിഷന്‍ ലേഖികയെയും ഭര്‍ത്താവിനെയും വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പോലീസുകാര്‍ ഭീഷണിപ്പെടുത്തിയത്.  എആര്‍ ക്യാമ്പ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡ്യൂട്ടി ഫ്രണ്ട്‌സ് എന്ന വാട്‌സ് ആപ്പിലൂടെയാണ് പോലീസുകാര്‍ അത്യന്തം പ്രകോപനകരമായരീതിയിലുള്ള ഭീഷണി മുഴക്കിയത്. 

റപ്പോര്‍ട്ടര്‍ ചാനലിലെ കണ്ണൂര്‍ ലേഖിക വിനീത, ഭര്‍ത്താവും പോലീസുകാരനുമായ സുമേഷ് എന്നിവര്‍ക്കെതിരെയായിരുന്നു കൊലവിളി. സുമേഷ് വാര്‍ത്തകള്‍ ചോര്‍ത്തി വിനീതക്ക് നല്‍കുന്നുവെന്നും വിനീത അത് സംപ്രേഷണം ചെയ്യുന്നുവെന്നും ആരോപിച്ചാണ് പ്രചരണം. കണ്ണൂരിലെ സിപിഎം ക്വട്ടേഷന്‍ ക്രിമിനലുകള്‍ പോലും ചെയ്യാന്‍ മടിക്കാത്ത പ്രവര്‍ത്തിയാണ് നിയമപാലകരായ ചില പോലീസുകാര്‍ ചെയ്തത്.  സംഭവം വിവാദമായതോടെയാണ് ജില്ലാ പോലീസ് മേധാവി വിശദീകരണം ആരാഞ്ഞത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.