സിപിഎം വിഭാഗീയത: നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലഘുലേഖ

Sunday 4 November 2012 11:25 pm IST

കുറ്റിക്കോല്‍: സിപിഎം ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലഘുലേഖ. ബേഡകം ഏരിയാകമ്മറ്റി പുനസംഘടിപ്പിക്കാനുള്ള നേതൃതീരുമാനത്തെ കടുത്ത ഭാഷയില്‍ വിമര്‍ഷിച്ചുകൊണ്ടാണ്‌ ഇന്നലെ വിവിധ സ്ഥലങ്ങളില്‍ ലഘുലേഖ പ്രത്യക്ഷപ്പെട്ടത്‌. 'സേവ്‌ സിപിഎം' എന്ന പേരില്‍ ഇനിയൊരു മുണ്ടൂറ്‍ ആവര്‍ത്തിക്കാതിരിക്കാനെന്ന ഭീഷണിയോടെയാണ്‌ ബദിയടുക്ക, കുറ്റിക്കോല്‍, മുന്നാട്‌ എന്നിവിടങ്ങളില്‍ ലഘുലേഖ പുറത്തിറങ്ങിയത്‌. 'മുള്ളുകൊണ്ടെടുക്കേണ്ടതിനെ തൂമ്പ കൊണ്ടെടുത്ത്‌ ആഹ്ളാദിക്കുന്ന പമ്പരവിഡ്ഢികള്‍, കഷ്ടപ്പെട്ടു മുകളിലെത്തിച്ച കരിമ്പാറയെ താഴേക്കെറിഞ്ഞ്‌ ആഹ്ളാദം കണ്ടെത്തുന്ന മനോവിഭ്രാന്തിക്കുടമകള്‍' എന്നിങ്ങനെ നേതൃത്വത്തിനെതിരെ രൂക്ഷമായ പ്രയോഗം നടത്തുന്ന ലഘുലേഖ ഒഞ്ചിയവും ഷെര്‍ണ്ണൂരുമെല്ലാം നേതൃത്വത്തിനെതിരെ ഉയര്‍ത്തിയ പ്രതിഷേധങ്ങളെ ഓര്‍മ്മിപ്പിക്കുകയും നേതൃത്വത്തിനെതിരെ ഉയര്‍ത്തിയ പ്രതിഷേധങ്ങളെ ഓര്‍മ്മിപ്പിക്കുകയും ബേഡകത്ത്‌ ഒരു വിസ്ഫോടനം സംഭവിച്ചാല്‍ മഹാപാപികളായി വരുംതലമുറ ജില്ലാ കമ്മറ്റിയെ വിലയിരുത്തുമെന്നും മുന്നറിയിപ്പ്‌ നല്‍കുന്നു. ബേഡകത്തെ വിഭാഗീയത പരിഹരിക്കാന്‍ ശക്തമായ നടപടികളിലേക്ക്‌ കടക്കാനിരുന്ന ജില്ലാ നേതൃത്വത്തിന്‌ പാര്‍ട്ടി ഗ്രാമങ്ങളില്‍ ലഘുലേഖയിറങ്ങിയത്‌ വീണ്ടും തിരിച്ചടിയായി. വിഭാഗീയത സംബന്ധിച്ച്‌ ജില്ലാ നേതൃത്വം കൈക്കൊണ്ട തീരുമാനങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ശനിയാഴ്ച വളിച്ചുചേര്‍ത്ത ബേഡകം ഏരിയാ കമ്മറ്റി യോഗം ഭൂരിഭാഗവും ബഹിഷ്കരിച്ചതിനെ തുടര്‍ന്ന്‌ ഇന്നലെ വീണ്ടും യോഗം ചേരാന്‍ ജില്ലാ സെക്രട്ടറിയേറ്റ്‌ തീരുമാനിക്കുകയായിരുന്നു. യോഗത്തിനെത്താത്തവര്‍ക്കെതിരെ നടപടിയെടുക്കാനും തീരുമാനിച്ചു. നടപടി ഭയന്ന്‌ ഇന്നലത്തെ യോഗത്തില്‍ അംഗങ്ങള്‍ എത്തിയെങ്കിലും നേതൃത്വത്തെ കടന്നാക്രമിക്കുന്ന ലഘുലേഖ പാര്‍ട്ടിക്ക്‌ ക്ഷീണമുണ്ടാക്കി. സിപിഎം ജില്ലാ സെക്രട്ടറി കെ.പി.സതീഷ്‌ ചന്ദ്രനേയും കേന്ദ്രക്കമ്മറ്റി അംഗം പി.കരുണാകരന്‍ എംപിയെയും ലഘുലേഖ വെറുത വിടുന്നില്ല. ജനാധിപത്യ പ്രക്രിയയില്‍ ജയപരാജയങ്ങളെ അംഗീകരിക്കുകയാണ്‌ വേണ്ടതെന്നും ജില്ലാ കമ്മറ്റി കൈകൊള്ളുന്ന സംഘടനാ വിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാതിരിക്കുന്നതെങ്ങനെയെന്നും ചോദിച്ചു കൊണ്ടാണ്‌ ലഘുലേഖ ആരംഭിക്കുന്നത്‌. തുടര്‍ന്ന്‌ ബേഡകത്ത്‌ പാര്‍ട്ടിക്കുള്ളില്‍ നടന്ന വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അക്കമിട്ട്‌ നിരത്തുന്നു. പ്രാദേശിക നേതാക്കളായ ചന്ദ്രന്‍ പാലക്കല്‍, ഗോപാലന്‍മാഷ്‌, അമ്പുമാഷ്‌, ദിവാകരന്‍ എന്നിവരെല്ലാം അവസരവാദികളും അധികാരമോഹികളും ആണെന്നും ഇവരുടെ ശിങ്കിടികളായ നപുംസകങ്ങള്‍ മണല്‍മാഫിയകളും സാമൂഹിക ദ്രോഹികളുമാണെന്ന്‌ ലഘുലേഖയില്‍ ആരോപിക്കുന്നു. വിഭാഗീതയ അന്വേഷിക്കാന്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ നിര്‍ദ്ദേശത്തേയും ലഘുലേഖ പരിഹസിക്കുന്നു. ഇനി ആര്‍ക്കും മത്സരിച്ചുതോല്‍ക്കാം കാസര്‍കോട്ടുള്ള കേന്ദ്രകമ്മറ്റി തിരിച്ചെടുത്തുകൊള്ളും. നിങ്ങള്‍ക്കൊന്നുമാവില്ലേ ഈ പാര്‍ട്ടിയെ നശിപ്പിക്കാതിരിക്കാന്‍ എന്ന്‌ ചോദിച്ചുകൊണ്ടാണ്‌ ലഖുലേഖ അവഗണിക്കുന്നത്‌. ലഘുലേഖ ഇറങ്ങിയതിനെക്കുറിച്ച്‌ സിപിഎം അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.