കോഴി വളര്‍ത്തലിന് സബ്‌സിഡി നല്‍കിയില്ല ഗുണഭോക്താക്കള്‍ക്ക് ബാങ്ക് നോട്ടീസ്

Thursday 1 March 2018 2:00 am IST

പള്ളുരുത്തി: കോഴി വളര്‍ത്തലിന് സബ്‌സിഡി നല്‍കാത്തതിനെതുടര്‍ന്ന് കര്‍ഷര്‍ക്ക് ബാങ്കുകളുടെ നോട്ടീസ്. കുമ്പളങ്ങി പഞ്ചായത്തില്‍ കോഴിവളര്‍ത്തുന്നവര്‍ക്കാണ് ദുരിതം. 

2015ല്‍ വനിതകള്‍ക്കായി മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതി നടപ്പാക്കിയത്. പത്ത് പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് 25 വീതം മുട്ടക്കോഴി കുഞ്ഞുങ്ങള്‍, തീറ്റ, കൂട് എന്നിവ ഉള്‍പ്പെടെ ഒരു ഗുണഭോക്താവിന് 15000 രൂപയാണ് നിശ്ചയിച്ചിരുന്നത്. ഇതില്‍  പതിനായിരം രൂപ ഗുണഭോക്താവ് അടയ്ക്കണം. അയ്യായിരം രൂപ സബ്‌സിഡിയായി ലഭിക്കുമെന്നാണ് പഞ്ചായത്ത് അറിയിച്ചിരുന്നത്. കൂടാതെ കോഴികള്‍ക്ക് ഇന്‍ഷുറന്‍സും വാഗ്ദാനം ചെയ്തിരുന്നു. 

 ബാങ്കില്‍ നിന്ന് വായ്പ എടുത്താണ് പദ്ധതി നടപ്പാക്കിയത്.  പതിനായിരം രൂപ അടച്ചു തീര്‍ത്തവര്‍ക്കാണ് ഇപ്പോള്‍ ബാങ്കില്‍ നിന്നും നോട്ടീസ് വന്നത്. ബാങ്കില്‍ അന്വേഷിച്ചപ്പോഴാണ് സബ്‌സിഡി ഇല്ലെന്നും പതിനയ്യായിരം രൂപ പ്രകാരം  പലിശ സഹിതം അടക്കണമെന്ന വിവരം അറിഞ്ഞത്. ഇതോടെ ഗുണഭോക്താക്കള്‍ വെട്ടിലായി. ചത്തുപോകുന്ന കോഴിക്ക് പകരം കോഴിയെ നല്‍കുമെന്ന വാഗ്ദാനവും പഞ്ചായത്ത് നടപ്പാക്കിയില്ല.

സംഭവത്തില്‍ പ്രതിഷേധിച്ച് ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ കുമ്പളങ്ങി പഞ്ചായത്ത് ആഫീസിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി. പഞ്ചായത്ത് പ്രതിപക്ഷ നേതാവ്‌കെ.കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.