ആയിരങ്ങളുടെ അന്ത്യാഞ്ജലി ചാന്ദ്‌നി അസ്തമിച്ചു

Thursday 1 March 2018 2:13 am IST
"undefined"

മുംബൈ: സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് തിരക്കിട്ടോടിയ അതേ വീഥിയിലൂടെ പ്രിയപ്പെട്ട കാഞ്ചീപുരം പട്ടണിഞ്ഞ് പ്രിയ നായികയുടെ അന്ത്യയാത്ര. പാതയോരത്ത് ഒരു നോക്കുകാണാന്‍ നൂറുകണക്കിന് ആരാധകര്‍. കണ്ണീരടക്കാനാവാതെ ബന്ധുക്കളും സഹപ്രവര്‍ത്തകരും. ഇന്ത്യന്‍ സിനിമയുടെ സപ്‌നോം കി റാണിയെ  വിലെ പാര്‍ലെ സേവാ സമാജ് ശ്മശാനത്തിലെ ചിതയില്‍ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി, ചാന്ദ്‌നി അസ്തമിച്ചു.

കഴിഞ്ഞ ശനിയാഴ്ച ദുബായ്‌യില്‍ അന്തരിച്ച ശ്രീദേവിയുടെ ഭൗതിക ശരീരം ചൊവ്വാഴ്ച രാത്രിയാണ് മുംബൈയില്‍ എത്തിച്ചത്. മരണത്തെക്കുറിച്ച് ദുബായ് പോലീസിനു ചില സംശയങ്ങളുയര്‍ന്നതിനെത്തുടര്‍ന്നാണ് ഇന്ത്യയിലേക്കുള്ള വരവ് അനിശ്ചിതത്വത്തിലായത്. പോലീസും പിന്നീട് പബ്ലിക് പ്രോസിക്യൂഷനും നടത്തിയ അന്വേഷണത്തില്‍ ദുരൂഹതകള്‍ നീങ്ങിയതോടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. ഹോട്ടല്‍ മുറിയിലെ ബാത്ത്ടബ്ബില്‍ ബോധരഹിതയായി വീണതാണെന്നും ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്നും പോലീസ് സ്ഥിരീകരിച്ചു. യാദൃച്ഛികമായ മുങ്ങിമരണമാണെന്നും അന്വേഷണം അവസാനിപ്പിക്കുകയാണെന്നും ദുബായ് സര്‍ക്കാരും ഔദ്യോഗികമായി അറിയിച്ചു.

മുംബൈ വിമാനത്താവളത്തില്‍ നിന്ന് ബോണി കപൂറിന്റെ വീട്ടിലേക്ക് മൃതദേഹം കൊണ്ടു പോയത്. രാത്രി തന്നെ ബോളിവുഡിലെ പ്രധാന താരങ്ങളെല്ലാം അവിടെ എത്തിയിരുന്നു. രാവിലെ 9.30 മുതല്‍ അന്ധേരിയിലെ വീടിനടുത്തുള്ള ലോഖണ്ഡ്‌വ സെലിബ്രേഷന്‍സ് ക്ലബ്ബില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചു. ചലച്ചിത്ര, സാമൂഹ്യ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അവിടെ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഹേമ മാലിനി, ജയപ്രദ,  തബു, ജയ ബച്ചന്‍, അക്ഷയ് ഖന്ന, ഐശ്വര്യ റായ്, സുസ്മിത സെന്‍, സോനം കപൂര്‍, അര്‍ബാസ് ഖാന്‍, ഫറാ ഖാന്‍, അജയ് ദേവ്ഗന്‍, കജോള്‍, മാധുരി ദീക്ഷിത്, രേഖ, വിദ്യ ബാലന്‍, ജോണ്‍ എബ്രഹാം, വിവേക് ഒബ്രോയ്, ജാക്കി ഷ്‌റോഫ് തുടങ്ങി ചലച്ചിത്രതാരങ്ങളുടെ വന്‍ നിര ശ്രീദേവിക്ക് അന്ത്യ പ്രണാമം അര്‍പ്പിച്ചു. 

പ്രാര്‍ഥനാ ചടങ്ങുകള്‍ക്കു ശേഷം മുംബൈ പോലീസ് ഔദ്യോഗിക ബഹുമതി അര്‍പ്പിച്ചു, ദേശീയ പതാക പുതപ്പിച്ചു. ബോണിയുടെ സഹോദരന്‍ അനില്‍ കപൂര്‍, ആദ്യ വിവാഹത്തിലെ മകന്‍ അര്‍ജുന്‍ കപൂര്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

പ്രത്യേകം തയാറാക്കിയ വാഹനത്തിലാണ് മൃതദേഹം ശ്മശാനത്തിലേക്കു കൊണ്ടു പോയത്. നൂറുകണക്കിന് ജനങ്ങള്‍ വിലാപയാത്രയായി പ്രിയതാരത്തിന്  പ്രണാമമര്‍പ്പിക്കാന്‍ വഴിയോരത്ത് കാത്തു നിന്നിരുന്നു. വാഹനം ശ്മശാനത്തില്‍ കടന്നപ്പോള്‍ പുറത്ത് തടിച്ചു കൂടിയവരെ നിയന്ത്രിക്കാന്‍ പോലീസ് ബുദ്ധിമുട്ടി. ഷാരുഖ് ഖാന്‍ അടക്കമുള്ളവര്‍ സംസ്‌കാരചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.