ദേശീയ സീനിയർ വോളി; കേരളം കിരീടം നിലനിർത്തി

Thursday 1 March 2018 2:35 am IST
"undefined"

കോഴിക്കോട്: അറുപത്തിയാറാമത് ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പുരുഷ വിഭാഗം കിരീടം കേരളത്തിന്.  ആറാം തവണയാണ് കേരളം കിരീടത്തില്‍ മുത്തമിടുന്നത്. ഫൈനലില്‍ റെയില്‍വേസിനെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കിരീടം നിലനിര്‍ത്തിയത്. ചാമ്പ്യന്‍ഷിപ്പില്‍ ഒരു കളിയിലും തോല്‍ക്കാതെയാണ് കേരളത്തിന്റെ ഈ നേട്ടം. 

അതേസമയം, കേരള വനിതകള്‍ക്ക് റെയിവേസിന് മുന്നില്‍ വീണ്ടും അടിതെറ്റി. ഫൈനലില്‍ അവര്‍ പൊരുതിത്തോറ്റു.  ഇത് തുടര്‍ച്ചയായ പത്താം തവണയാണ് കേരളം ഫൈനലില്‍ റെയില്‍വേസിനോട് തോല്‍ക്കുന്നത്.  അഞ്ചു സെറ്റുകള്‍ നീണ്ട വാശിയേറിയ മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു സെറ്റുകള്‍ക്കാണ് തോറ്റത്. സ്‌കോര്‍: 25-21, 28-26, 25-21, 25-18, 15-12. ആദ്യസെറ്റില്‍ തന്നെ ആക്രമണപരമ്പരയുമായി റെയില്‍വേസ് വ്യക്തമായ ലീഡു നേടുകയായിരുന്നു. എന്നാല്‍ ശക്തമായ തിരിച്ചുവരവു നടത്തി കേരള വനിതകള്‍ പൊരുതിയെങ്കിലും കേരളത്തിന് പിടിച്ചുനില്‍ക്കാനായില്ല. 

കരുത്തരായ റെയില്‍വേയെ തറപറ്റിച്ചുള്ള പുരുഷ ടീമിന്റെ കിരീടനേട്ടം വനിതാടീമിന്റെ തോല്‍വിക്കുള്ള മറുപടിയായി. ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളക്കാരനല്ലാത്ത താരം കേരളത്തെ നയിച്ച് കിരീടം നേടുന്നത് ആദ്യമായെന്ന പ്രത്യേകതയും ഈ കിരീട നേട്ടത്തിനുണ്ട്. തമിഴ്‌നാട് സ്വദേശിയാണ് ക്യാപ്റ്റന്‍ ജെറോം വിനീത്.  കൊച്ചി ബിപിസിഎല്‍ ടീമിന്റെ താരമാണ് ഇദ്ദേഹം. വൈസ് ക്യാപ്റ്റന്‍ ജി.എസ്. അഖിന്‍, മുന്‍ ക്യാപ്റ്റന്‍ കൂടിയായ വിബിന്‍ എം. ജോര്‍ജ്,  മുത്തു സ്വാമി, എന്‍. ജിതിന്‍, ജി.എസ്. അഗിന്‍, പി. രോഹിത്, അബ്ദുള്‍ റഹീം, സി. അജിത്ത് ലാല്‍, അനു ജെയിംസ്, രതീഷ്, ഒ. അന്‍സാബ്, സി.കെ. രതീഷ് എന്നിവരായിരുന്നു ടീമംഗങ്ങള്‍. അബ്ദുള്‍ നാസര്‍ കോച്ചും കിഷോര്‍ കുമാര്‍ അസിസ്റ്റന്റ് കോച്ചും കെ.പി. രവീന്ദ്രന്‍ നായര്‍ ടീം മാനേജരുമായിരുന്നു. 

കേരള പോലീസ് താരമായ ജി. അഞ്ജു മോളാണ് വനിതാ ടീമിനെ നയിച്ചത്. ഫാത്തിമ റുക്‌സാന വൈസ് ക്യാപ്റ്റനായിരുന്നു. കെ.എസ്. ജിനി, ഇ. അശ്വതി, അഞ്ജു ബാലകൃഷ്ണന്‍, എ.എസ്. സൂര്യ, എസ്. രേഖ, എം. ശ്രുതി, എന്‍.എസ്. ശരണ്യ, കെ.പി. അനുശ്രീ, അഞ്ജലി ബാബു, അശ്വതി രവീന്ദ്രന്‍. സണ്ണി ജോസഫ് (കോച്ച്), നവാസ് വഹാബ് (അസി. കോച്ച്) എന്നിവരായിരുന്നു ടീം അംഗങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.