ചൈനയെ കടന്ന് ഇന്ത്യ കുതിക്കുന്നു

Thursday 1 March 2018 2:45 am IST
"undefined"

ന്യൂദല്‍ഹി: രാജ്യത്തിന്റെ വളര്‍ച്ചാനിരക്കില്‍ വീണ്ടും കുതിപ്പ്. 2017-18 സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദത്തില്‍ ജിഡിപി(ആഭ്യന്തര വളര്‍ച്ചാ നിരക്ക്) 7.2 ആയി ഉയര്‍ന്നു. ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 6.8ശതമാനം വളര്‍ച്ചാനിരക്ക് കാണിച്ച ചൈനയെ മറികടന്നുകൊണ്ടാണ് ഏഷ്യന്‍ രാജ്യങ്ങളിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് ശക്തിയായി ഇന്ത്യ മുന്നേറുന്നത്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌ക്കരണ നടപടികള്‍ ശരിയായ ദിശയിലെന്ന് വ്യക്തമാക്കുന്നതാണ് ജിഡിപിയുടെ കുതിപ്പ്.

2016 നവംബറിലെ നോട്ട് നിരോധനവും തുടര്‍ന്ന് നടപ്പാക്കിയ ചരക്കുസേവന നികുതിയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ശുദ്ധീകരണ പ്രക്രിയയായിരുന്നു എന്നതിനെ ശരിവെച്ചുകൊണ്ടാണ് ജിഡിപി വളര്‍ച്ചാ നിരക്ക് ഉയരുന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 5.7 ആയി കുറഞ്ഞ വളര്‍ച്ചാ നിരക്ക് രണ്ടാംപാദത്തില്‍ 6.5 ആയി ഉയര്‍ന്നിരുന്നു. മൂന്നാംപാദത്തില്‍ 6.9 ആയിരിക്കും ജിഡിപി വളര്‍ച്ചാ നിരക്കെന്ന സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തലുകള്‍ മറികടക്കുന്നതാണ് 7.2ശതമാനത്തിലേക്കുള്ള സമ്പദ് രംഗത്തിന്റെ വളര്‍ച്ച. 

നോട്ട് നിരോധനം നടപ്പാക്കിയ 2016-17ലെ മൂന്നാംപാദത്തിലാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ കുറവു വന്നത്. തുടര്‍ന്ന് ജിഎസ്ടി കൂടി നടപ്പാക്കിയതോടെ ഡിജിപി നിരക്കില്‍ തുടര്‍ച്ചയായ മൂന്നുപാദങ്ങളില്‍ കുറവുണ്ടായി. എങ്കിലും ജുലൈ-സപ്തംബര്‍ പാദത്തില്‍ 6.5 ആക്കി ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍ വളര്‍ച്ചാനിരക്ക് തിരികെ പിടിച്ചു. ഇതിന് തുടര്‍ച്ചയായാണ് 7.2ലേക്ക് വളര്‍ച്ചാ നിരക്ക് എത്തിയിരിക്കുന്നത്. 

നിര്‍മ്മാണ-സേവന മേഖലകളിലെ വളര്‍ച്ചയാണ് ജിഡിപി നിരക്കുയരാന്‍ കാരണം. വ്യാപാരം, ഹോട്ടല്‍, ഗതാഗത മേഖലകളില്‍ 9.9 ശതമാനം വളര്‍ച്ചയും നിര്‍മ്മാണ മേഖലയില്‍ 8.1 ശതമാനം വളര്‍ച്ചയുമുണ്ടായി. കാര്‍ഷിക മേഖലയുടെ വളര്‍ച്ചാനിരക്ക് 2.7%ത്തില്‍ നിന്ന് 4.1% ആയി ഉയര്‍ന്നു. ഇതേ നിരക്ക് തുടര്‍ന്നാല്‍ 2018ല്‍ 7.5 ശതമാനം വളര്‍ച്ചാനിരക്കിലേക്ക് എത്തുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെയും ഐഎംഎഫിന്റെയും വിലയിരുത്തല്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.