സുഗതൻ്റെ മരണം; എഐവൈഎഎഫ് നേതാവ് അറസ്റ്റിൽ

Thursday 1 March 2018 2:14 am IST

പത്തനാപുരം: സിപിഐക്കാരുടെ ഭീഷണിയെത്തുടര്‍ന്ന്  പ്രവാസി സംരംഭകന്‍ പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ വീട്ടില്‍ സുഗതന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ എഐവൈഎഫ് നേതാവ് അടക്കം മൂന്നു പേര്‍ അറസ്റ്റില്‍.

എഐവൈഎഫ് കുന്നിക്കോട് മണ്ഡലം സെക്രട്ടറി വിളക്കുടി മണ്ണൂര്‍കിഴക്കേതില്‍ വീട്ടില്‍ എം.എസ്. ഗിരീഷാണ്(31) പിടിയിലായത്. സിപിഐ ലോക്കല്‍ കമ്മിറ്റി അംഗവും, എഐവൈഎഫ് നേതാവുമായ ഇളമ്പല്‍ ചീവോട് പാലോട്ട് മേലേതില്‍ ഇമേഷ്(34), ചീവോട് സതീഷ് ഭവനില്‍ സതീഷ്(32) എന്നിവരാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം പുനലൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇവരെയും കോടതി റിമാന്‍ഡ് ചെയ്തു. 

സിപിഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ വര്‍ക്ക്‌ഷോപ്പില്‍ കൊടികുത്തിയതില്‍ മനംനൊന്ത് സുഗതന്‍ ആത്മഹത്യ ചെയ്ത് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായത്. ഇന്നലെ പുലര്‍ച്ചെ പത്തനാപുരം സിഐ എം. അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം പത്തുമണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. വര്‍ക്‌ഷോപ്പ് നിര്‍മിക്കാന്‍ തീരുമാനിച്ച സ്ഥലത്ത് കൊടികുത്തിയത് ഗിരീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. മറ്റ് പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. 

സുഗതന്റെ വീട്ടിലെത്തിയ മന്ത്രി കെ. രാജുവിന് നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രതിഷേധ ചൂട് അറിയേണ്ടി വന്നു. ഇതോടെയാണ് പ്രതികളുടെ അറസ്റ്റ് നടപടികളിലേക്ക് പോലീസ് കടന്നത്. 

ഗിരീഷിനോട് നേരിട്ടും ഫോണിലൂടെയും സുഗതന്‍ പല തവണ അഭ്യര്‍ത്ഥിച്ചെങ്കിലും കൊടിമാറ്റാന്‍ തയ്യാറായില്ല. ഗീരീഷില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നെന്നും എഐവൈഎഫുകാര്‍ പണം ആവശ്യപ്പെട്ടിരുന്നെന്നും സുഗതന്റെ മക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഗിരീഷിനെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

അതേസമയം സിപിഐ, എഐവൈഎഫുകാര്‍ കൊടികുത്തിയ ഇളമ്പലിലെ ഭൂമിയുടെ വിശദാംശങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ വിളക്കുടി വില്ലേജ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.