അദ്വൈത ഭൂമി ദു:ഖത്തിൽ; കാലടിയിൽ എത്താനിരിക്കെ സമാധി

Thursday 1 March 2018 2:05 am IST

കാലടി: കാഞ്ചികാമകോടി മഠാധിപതി സ്വാമി ജയേന്ദ്രസരസ്വതിയുടെ വിയോഗം തീര്‍ത്ഥാടന കേന്ദ്രമായ കാലടിയെയും തീരാദു:ഖത്തിലാഴ്ത്തി. വരുന്ന ഏപ്രിലില്‍ കാലടിയില്‍ എത്താന്‍ തീരുമാനിച്ചിരുന്ന അദ്ദേഹത്തെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് സമാധി വാര്‍ത്തയെത്തിയത്. 2017 ല്‍ ഏപ്രില്‍ 30 ന് ആണ് സ്വാമികള്‍അവസാനമായി കാലടിയില്‍എത്തിയത്. കാലടിയുടെ അഭിമാനമായ ആദിശങ്കരകീര്‍ത്തിസ്തംഭം നിര്‍മ്മിച്ചത് സ്വാമിജയേന്ദ്രസരസ്വതിയാണ്. മുന്‍ പീഠാധിപതി ചന്ദ്രശേഖരേന്ദ്രസരസ്വതിസ്വാമി(പെരിയോര്‍) യുടെ നിര്‍ദ്ദേശപ്രകാരമാണിത്.

ആദിശങ്കര കീര്‍ത്തി സ്തംഭം  ഓരോവര്‍ഷവും രണ്ട് ലക്ഷത്തിലധികം ആളുകളാണ് സന്ദര്‍ശിക്കുന്നത്. വൃത്താകൃതിയില്‍ നിര്‍മ്മിച്ചിട്ടുള്ള സ്തംഭത്തിനകത്തെ 9 നിലകളിലും ശ്രീശങ്കരന്റെജീവിതത്തിലെ പ്രധാന സംഭവങ്ങളുടെ ചിത്രീകരണമാണ്. ആദിശങ്കരാചാര്യമണ്ഡപത്തില്‍ പ്രാര്‍ത്ഥിച്ച ശേഷമാണ്ഓരോരുത്തരും സ്തംഭത്തിനകത്ത് കയറുന്നത്. 

സംസ്ഥാന സര്‍ക്കാരിന്റെവിശിഷ്ടാതിഥിയായി സ്വാമിജയേന്ദ്ര സരസ്വതി നിരവധി തവണ കാലടിയില്‍ എത്തിയിട്ടുണ്ട്. മാണിക്യമംഗലം ശ്രീകാര്‍ത്ത്യായനിദേവീ ക്ഷേത്രം, ആദിശങ്കര ജന്മഭൂമി ക്ഷേത്രം, ശൃംഗേരിമുതലക്കടവ്, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവടങ്ങളില്‍ ദര്‍ശനം നടത്തുന്ന പതിവും സ്വാമിക്ക് ഉണ്ടായിരുന്നു. 1990 ല്‍ അങ്കമാലിയില്‍ നിന്ന് സ്വാമിയെ ആയിരക്കണക്കിന് ഭക്തരുടെ നേതൃത്വത്തില്‍ കാലടിയില്‍ പദയാത്രയായിസ്വീകരിച്ചിട്ടുണ്ട്. തികഞ്ഞ ദയാലുവും, മനുഷ്യസ്‌നേഹിമായിരുന്നു സ്വാമിയെന്ന് കീര്‍ത്തിസ്തംഭം മാനേജര്‍ കെ.എസ്.വെങ്കിടേശ്വരന്‍ പറഞ്ഞു.

2015 ല്‍ ചൊവ്വര മാതൃച്ഛായ ഭവന്റെ കീഴിലുള്ള വാനപ്രസ്ഥകേന്ദ്രത്തിന്റെ ഉദ്ഘാടനം നടത്തിയത് സ്വാമികളാണ്.  സ്വാമിയുടെസമാധി വാര്‍ത്ത അറിഞ്ഞ ഉടന്‍ കാഞ്ചി പബ്ലിക്‌സ്‌കൂളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും സ്‌കൂളിന് രണ്ടു ദിവസത്തേക്ക് അവധിയും നല്‍കി. ക്ഷേത്രാരാധനകള്‍ രണ്ടു ദിവസത്തേക്ക് നിര്‍ത്തിവച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.