പ്രതിരോധ മേഖലയെ ശക്തിപ്പെടുത്തുന്ന പുത്തൻ പദ്ധതിക്ക് അനുമതി

Thursday 1 March 2018 2:39 pm IST
"undefined"

ന്യൂദൽഹി: രാജ്യത്തെ പ്രതിരോധമേഖലയെ ശക്തിപ്പെടുത്തുന്നതിനായി 9,435 കോടിയുടെ ആയുധ ഉപകരണങ്ങൾ കരസ്ഥമാക്കുന്നു. പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ അധ്യക്ഷയായ പ്രതിരോധ സാമ്പത്തിക സമിതിയാണ് ഇത്രയും വലിയ ആയുധ ശേഖരണ പദ്ധതിക്ക് അനുമതി നൽകിയത്. കര, നാവിക, വ്യോമ വിഭാഗത്തിനു പുറമെ തീരസംരക്ഷണ സേനയ്ക്കും (കോസ്റ്റ് ഗാർഡ്) ഇതിൻ്റെ ഗുണം ലഭിക്കും.

പദ്ധതി പ്രകാരം 41,000 ലൈറ്റ് മെഷീൻ ഗണ്ണുകൾ, 3.5 ലക്ഷം ക്ലോസ് ക്വാർട്ടർ യുദ്ധ കാർബൈനുകൾ എന്നിവയാണ് വാങ്ങുന്നത്. ഇവയ്ക്ക് യഥാക്രമം 4,607 , 3000 കോടി രൂപ ചെലവാകും. യുദ്ധസമയത്ത് സൈനികന് അത്യാവശ്യം വേണ്ടി വരുന്ന ആയുധങ്ങളാണ് ഇവ, അതിനാൽ യുദ്ധസാഹചര്യത്തിൽ ഇവയുടെ ഉപയോഗം മൂലം സൈനികർക്ക് കൂടുതൽ ശക്തമായ തരത്തിൽ  നിലയുറപ്പിക്കാൻ സാധിക്കുമെന്ന് പ്രതിരോധമന്ത്രാലയം വാർത്ത കുറിപ്പിൽ അറിയിച്ചിട്ടുണ്ട്.

ആയുധങ്ങൾക്ക് പുറമെ കര, വ്യോമ സേനകൾക്കായി 'ഹൈ കപ്പാസിറ്റി റേഡിയോ റിലേ (എച്ച്സിആർആർ) സംവിധാനങ്ങൾ കരസ്ഥമാക്കുന്നതിന് 1,092 കോടി രൂപയും മുടക്കും. സേനവിഭാഗങ്ങൾക്ക് തമ്മിൽ മികച്ച തരത്തിൽ ആശയ വിനിമയം നടത്തുന്നതിന് ഉതകുന്നതാണ് ഉയർന്ന ബാൻഡ്‌വിത്ത് ശേഷിയുള്ള ഈ സംവിധാനം. 

തീരസംരക്ഷണത്തിനും മലിനീകരണം നിയന്ത്രിക്കുന്നതിനുമായി കോസ്റ്റ് ഗാർഡിന് മലിനീകരണം നിയന്ത്രിക്കുന്നതിനുള്ള രണ്ട് കപ്പലുകളും വാങ്ങുന്നുണ്ട്. 673 കോടി ചെലവിൽ രണ്ടു കപ്പലുകളും ഇന്ത്യൻ ഷിപ്പ്‌യാർഡാണ് നിർമ്മിക്കുന്നത്. സമുദ്രത്തിൽ നിരീക്ഷണം നടത്തുന്നതിനും തീപിടുത്തം, രക്ഷപ്പെടുത്തൽ തുടങ്ങിയവയ്ക്ക് അനുയോജ്യമായ കപ്പലുകളാണ് ഇവയെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.