വനിതാ താരങ്ങളുടെ വീഡിയോ പകര്‍ത്തി; അര്‍ജുന അവാര്‍ഡ് ജേതാവിന് സസ്‌പെന്‍ഷന്‍

Thursday 1 March 2018 6:33 pm IST
"undefined"

ബംഗളൂരു: നീന്തല്‍ ചാമ്പ്യന്‍ഷിപ്പിനിടെ രഹസ്യമായി വനിതാ താരങ്ങളുടെ വീഡിയോ പകര്‍ത്തിയ സംഭവത്തില്‍ അര്‍ജുന അവാര്‍ഡ് ജേതാവായ പാരാ നീന്തല്‍ താരം പ്രശാന്ത് കര്‍മാക്കര്‍ക്ക് സസ്‌പെന്‍ഷന്‍. രേഖാ മൂലം പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കര്‍മാക്കറെ മൂന്ന് വര്‍ഷത്തെയ്ക്ക് സസ്‌പെന്‍ഡ് ചെയ്തതെന്ന് പാരാലിമ്പിക് കമ്മിറ്റി ഓഫ് ഇന്ത്യ ( പിസിഐ) അറിയിച്ചു.

ജയ്പൂരില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ മൂന്ന് വരെ നടന്ന ദേശീയ പാരാ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിനിടയ്ക്കാണ് സംഭവം. തന്റെ സഹായിക്ക് ക്യാമറ നല്‍കി വനിതാതാരങ്ങളുടെ വീഡിയോ പകര്‍ത്താന്‍ കര്‍മാക്കര്‍ നിര്‍ദേശിച്ചെന്നാണ് ആക്ഷേപം.വീഡിയോ എടുക്കുന്നത് തടഞ്ഞ വനിതാ താരങ്ങളുടെ മാതാപിതാക്കളോട് കര്‍മാക്കറും സഹായിയും തട്ടിക്കയറി. പിസിഐ നടത്തിയ തെളിവെടുപ്പില്‍ കര്‍മാക്കര്‍  വീഡിയോ പകര്‍ത്താന്‍ നിര്‍ദേശിച്ചതായി സഹായി വെളിപ്പെടുത്തി.

വീഡിയോ നശിപ്പിക്കണമെന്ന് പിസിഐ ചെയര്‍മാന്‍ ആവശ്യപ്പെട്ടെങ്കിലും കര്‍മാക്കറും സഹായിയും കൂട്ടാക്കിയില്ല. വനിതാ താരങ്ങളുടെ പരാതിയെ തുടര്‍ന്ന് കര്‍മാക്കറെ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും വീഡയോ നശിപ്പിക്കാമെന്ന് സമ്മതിച്ചതോടെ വിട്ടയയച്ചു. കര്‍മാക്കര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ സ്വീകരിക്കാന്‍ പിസിഐ ഹരിയാന സ്‌പോര്‍ട്‌സ് വകുപ്പിന് കര്‍ശന നിര്‍ദേശം നല്‍കി.

നീന്തലില്‍ രാജ്യത്തിന് ഒട്ടേറെ മെഡലുകള്‍ നേടിക്കൊടുത്ത താരമാണ് കര്‍മാക്കര്‍. ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു മെഡല്‍ നേടിയ ആദ്യ ഇന്ത്യാക്കാരനാണ്. 2016 ലെ റിയോ പാരാലിമ്പിക്‌സ് ഗെയിംസില്‍ ഇന്ത്യ ടീമിന്റെ കോച്ചായിരുന്നു. 2015 ല്‍ മേജര്‍ ധ്യാന്‍ ചന്ദ് അവാര്‍ഡും 2014 ല്‍ ഭീം അവാര്‍ഡും കരസ്ഥമാക്കി. 2009, 2011 വര്‍ഷങ്ങളില്‍ മികച്ച നീന്തല്‍ താരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.