നഴ്‌സുമാരുടെ സമരം ഹൈക്കോടതി തടഞ്ഞു

Friday 2 March 2018 2:13 am IST
"undefined"

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ മാര്‍ച്ച് അഞ്ച് മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി തടഞ്ഞു. സ്വകാര്യ ആശുപത്രികളും നഴ്‌സിങ് സ്ഥാപനങ്ങളും ഉള്‍പ്പെട്ട അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. 

സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കുന്നതിനെതിരെയാണ് ഹര്‍ജിക്കാര്‍ കോടതിയിലെത്തിയത്. ഹര്‍ജി പരിഗണിച്ച കോടതി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള എതിര്‍ കക്ഷികള്‍ക്ക് അടിയന്തര നോട്ടീസ് നല്‍കാനും  നിര്‍ദ്ദേശിച്ചു.  

നഴ്‌സുമാരുടെ സേവനത്തെ അവശ്യ സര്‍വീസായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇവര്‍ കൂട്ടത്തോടെ സമരം ചെയ്യുന്നത് ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇത് അംഗീകരിച്ചാണ് ഇടക്കാല ഉത്തരവ് നല്‍കിയത്. ശമ്പള പരിഷ്‌കരണമടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ മാര്‍ച്ച് അഞ്ചു മുതല്‍ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. 

3,79,000 നഴ്‌സുമാര്‍ തങ്ങളുടെ സംഘടനയില്‍ ഉണ്ടെന്നാണ് അസോസിയേഷന്‍ അവകാശപ്പെടുന്നത്. ഇവര്‍ കൂട്ടത്തോടെ സമരത്തിലേര്‍പ്പെട്ടാല്‍ സ്വകാര്യ ആശുപത്രികളിലെ ഓപ്പറേഷന്‍ തീയറ്ററുകളുടെയും അത്യാഹിത വാര്‍ഡുകളുടെയും പ്രവര്‍ത്തനം നിലയ്ക്കും. ഡയാലിസിസ് സെന്ററുകള്‍, ഐസിയു എന്നിവയുടെ പ്രവര്‍ത്തനത്തെയും സമരം ബാധിക്കും. ഇവരുടെ ശമ്പള പരിഷ്‌കരണ വിഷയം സര്‍ക്കാരിന്റെ സജീവ പരിഗണനയില്‍ ഉണ്ട്. ഇതു സംബന്ധിച്ച് വിവിധ തലങ്ങളില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ഇതിനിടെയാണ് നഴ്‌സുമാര്‍ സമരത്തിനിറങ്ങുന്നത്. സമരത്തെ നേരിടാന്‍ കെസ്മ (കേരള അവശ്യ സര്‍വീസ് നിയമം) പ്രയോഗിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി മാര്‍ച്ച് അഞ്ചിന് വീണ്ടും പരിഗണിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.