കാര്‍ഷിക വായ്പാ തട്ടിപ്പ്: നടപടി ഉറപ്പെന്ന് ധനമന്ത്രി

Friday 2 March 2018 2:16 am IST
"undefined"

ആലപ്പുഴ: കുട്ടനാട്ടിലെ വായ്പ തട്ടിപ്പില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. ഇതിന്റെ അടിസ്ഥാനത്തി ല്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ഉറപ്പാണ്. 

വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പടെ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ നടന്നതായാണ് വാര്‍ത്തകളെന്നും ഐസക് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ധനമന്ത്രി ഇങ്ങനെ പറയുമ്പോഴും ക്രൈംബ്രാഞ്ചും ബാങ്കുകളും കുട്ടനാട് വികസന സമിതിയെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. 

രേഖാമൂലം പരാതി നല്‍കാത്ത സംഭവങ്ങള്‍ അന്വേഷിക്കില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ബാങ്കുകളില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചവരില്‍ ഏതാനും പേര്‍ മാത്രമാണ് പരാതി നല്‍കിയിട്ടുള്ളത്. ബാക്കിയുള്ളവരുടെ വായ്പ കുടിശിക വിവാദമുണ്ടായതോടെ വികസന സമിതി അധികൃതര്‍ അടച്ചു തീര്‍ത്തു തുടങ്ങിയിട്ടുണ്ട്. 

മതത്തിന്റെയും മറ്റും പേരില്‍ സ്വാധീനമുപയോഗിച്ച് പരാതി നല്‍കാതിരിക്കാനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമാണ്. വായ്പ തവണ മുടങ്ങാത്തതിനാല്‍ തങ്ങളുടെ പേരില്‍ വായ്പയെടുത്തതായി അറിയാത്ത കര്‍ഷകരും നിരവധിയാണ്. 

കൂടാതെ വ്യാജ മേല്‍വിലാസം നല്‍കിയും, സ്ഥലത്തില്ലാത്തവരുടെ പേരുകളിലും വായ്പയെടുത്തിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ നിലപാട് മാറ്റം ഇത്തരത്തില്‍ നടത്തിയ തട്ടിപ്പുകള്‍ പുറത്തു വരാതിരിക്കാന്‍ ഇടയാക്കും. 

കാര്‍ഷിക വായ്പയുടെ മറവില്‍ മാത്രമല്ല, ഭവന വായ്പ, വിഭ്യാഭ്യാസ വായ്പ എന്നിവയിലും കുട്ടനാട് വികസന സമിതി വന്‍ തട്ടിപ്പുകള്‍ നടത്തിയതായി പരാതികള്‍ പുറത്തുവന്നിട്ടും ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കലില്‍ നിന്ന് മൊഴിയെടുക്കാന്‍ പോലും അന്വേഷണ സംഘം തയ്യാറായിട്ടില്ല. 

വികസന സമിതിയുടെ ശുപാര്‍ശയില്‍ ബാങ്കുകളില്‍ വായ്പകള്‍ ലഭ്യമാക്കുകയും തിരിച്ചടവ് വികസനസമിതി ഓഫീസ് മുഖേന നടത്തിയുമാണ് ഭവന, വിദ്യാഭ്യാസ വായ്പകളില്‍ തട്ടിപ്പ് നടത്തിയത്. വായ്പ ലഭിച്ചവര്‍ കൃത്യമായ തവണകളില്‍ തിരിച്ചടച്ചെങ്കിലും പണം ബാങ്കുകളില്‍ എത്തിയില്ല. ജപ്തി നോട്ടീസ് ലഭിച്ചപ്പോഴാണ് തട്ടിപ്പ് അറിയുന്നത്. 

അതിനിടെ കുട്ടനാട് വികസന സമിതിയുടെ കീഴിലുള്ള അറുനൂറോളം കര്‍ഷക ഗ്രൂപ്പുകള്‍ക്ക് പത്ത് ബാങ്ക് ശാഖകളില്‍ നിന്ന് കാര്‍ഷിക വായ്പ നല്‍കിയതായി ബാങ്കുകളുടെ കൂട്ടായ്മയായ ലീഡ് ബാങ്ക് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വ്യാപകമായി തട്ടിപ്പുകള്‍ നടന്നതായി ബോധ്യപ്പെട്ടിട്ടും, കുട്ടനാട് വികസന സമിതിയുടെ ഓഫീസില്‍ ബാങ്ക് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ ലീഡ് ബാങ്ക് തീരുമാനിച്ചതിലും ദുരൂഹതയുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.