വൈദ്യുതി ഉപഭോഗം 74 ദശലക്ഷം കടന്നു

Friday 2 March 2018 2:25 am IST
"undefined"

ഇടുക്കി: വേനല്‍ക്കാലത്തിന്റെ ആദ്യവാരംതന്നെ സംസ്ഥാനത്ത് റെക്കോഡ് ചൂട്. ഹൈറേഞ്ച് മേഖലയിലടക്കം അസഹനീയമായ രീതിയില്‍ താപനില ഉയര്‍ന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തി. മൂന്ന് ദിവസത്തിനിടെ 32-40 ഡിഗ്രി സെല്‍ഷ്യസിനിടയിലാണ് സംസ്ഥാനത്തെ ഉയര്‍ന്ന താപനില. വനം കൂടുതലുള്ള ഇടുക്കി, പത്തനംതിട്ട, വയനാട് മേഖലകളിലും ചൂട് ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്.

ചൂട് കൂടിയതോടെ വൈദ്യുതി ഉപഭോഗം പുതിയ റെക്കോര്‍ഡിലേക്ക്. ഇന്നലെ രാവിലെ ലഭിച്ച കണക്ക് പ്രകാരം ബുധനാഴ്ച സംസ്ഥാനത്ത് 74.1036 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഒരോദിവസം ചെല്ലുന്തോറും അന്തരീക്ഷ താപനില ഉയരുകയാണ്. ഇതിനാല്‍ വരുമാനം കൂട്ടി വൈദ്യുതി ഉപഭോഗം ഇനിയും ഉയരുമെന്നാണ് ബോര്‍ഡ് കണക്ക് കൂട്ടുന്നത്. 

സംസ്ഥാനത്തെ പ്രധാനപ്പെട്ട 16 സംഭരണികളിലായി അവശേഷിക്കുന്നത് 59 ശതമാനം വെള്ളമാണ്. ഇതുപയോഗിച്ച് 2429.709 ദശലക്ഷം യൂണിറ്റ് വൈദ്യുതി നിര്‍മ്മിക്കാനാകും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 855 ദശലക്ഷത്തിനുള്ള വെള്ളമാണ് കൂടുതലുള്ളത്. 

ഉത്പാദനം കൂട്ടിയതിനൊപ്പം ബാഷ്പീകരണത്തിന്റെ തോത് കൂടി വര്‍ധിച്ചതോടെ സംഭരണികളിലെ ജലനിരപ്പ് വളരെ വേഗം താഴുകയാണ്. കിലോമീറ്ററുകള്‍ വെള്ളം പരന്ന് കിടക്കുന്നതും അന്തരീക്ഷത്തിലെ ഈര്‍പ്പം കുറഞ്ഞതുമാണ് സംഭരണികളിലെ ബാഷ്പീകരണം കൂട്ടിയത്. ഇതുമൂലം ദിവസവും കോടികളുടെ നഷ്ടമാണ് ബോര്‍ഡിന് ഉണ്ടാകുന്നത്. 

400 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമാണ് ഒരാഴ്ചയ്ക്കിടെ അണക്കെട്ടുകളില്‍ നിന്ന് കുറഞ്ഞത്. ഫെബ്രുവരിയില്‍ 381.302 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് സംസ്ഥാനത്ത് ജലവൈദ്യുത പദ്ധതികളില്‍ നിന്ന് ഉത്പാദിപ്പിച്ചത് എന്നതറിയുമ്പോള്‍ നഷ്ടത്തിന്റെ തോത് മനസ്സിലാകും. എന്നാല്‍ ബാഷ്പീകരണ തോത് മുഖവിലക്കെടുക്കേണ്ടതില്ല എന്നാണ് വകുപ്പ് അധികൃതരുടെ പക്ഷം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.